ദുബൈ വിമാനത്താവളത്തിൽ വൻ തിരക്കിന് അനുഭവപ്പെടാൻ സാധ്യത, അടുത്ത 13 ദിവസത്തിനുള്ളിൽ 3.3 ദശലക്ഷം യാത്രക്കാർ കടന്നുപോകും, പ്രത്യേക നിർദേശങ്ങൾ യാത്രക്കാർ പാലിക്കണമെന്ന് വിമാനത്താവള അധികൃതർ

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. എന്നാലിപ്പോൾ അവധിക്കാലം അവസാനിക്കാറായതോടെ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ വൻ തിരക്കിന് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
അടുത്ത 13 ദിവസത്തിനുള്ളിൽ 3.3 ദശലക്ഷം യാത്രക്കാരാണ് ദുബൈ ഇന്റർനാഷണൽ എയർപ്പോർട്ട് വഴി കടന്നുപോവുകയെന്ന് അധികൃതർ അറിയിച്ചത്. ഓഗസ്റ്റ് 26, 27 തീയതികളിൽ അര ദശലക്ഷത്തിലധികം യാത്രക്കാർ എത്തിച്ചേരുന്ന ഏറ്റവും തിരക്കേറിയ സമയമാകുമെന്ന് പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത സുഗമമായ യാത്ര ഉറപ്പാക്കാൻ പ്രത്യേക നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
1, 2, 3 ടെർമിനലുകളിൽ എത്തിച്ചേരുമ്പോൾ, 4 നും 12 നും ഇടയിൽ പ്രായമുള്ള യാത്രക്കാർക്ക് അവരുടെ പാസ്‌പോർട്ടുകൾ സ്വതന്ത്രമായി സ്റ്റാമ്പ് ചെയ്യാൻ പ്രത്യേക പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകൾ ഉപയോഗിക്കാം. കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക്, 12 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് പാസ്‌പോർട്ട് നിയന്ത്രണ നടപടികൾ വേഗത്തിലാക്കാൻ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാം.
സ്‌മാർട്ട് ഗേറ്റുകളിൽ, രജിസ്റ്റർ ചെയ്ത യാത്രക്കാർക്ക് ഒരു ഡോക്യുമെന്റ് സ്‌കാൻ ചെയ്യേണ്ട ആവശ്യമില്ലാതെ പച്ച ലൈറ്റ് നോക്കി പാസ്‌പോർട്ട് നിയന്ത്രണം ക്ലിയർ ചെയ്യാമെന്ന് ദുബൈ എയർപോർട്ട്‌സിന്റെ വെബ്‌സൈറ്റ് പറയുന്നു. വിമാനത്താവളത്തിൽ എത്തിച്ചേരുന്നവരെ കൂട്ടിക്കൊണ്ടുവരാൻ എത്തുന്നവർ നിയുക്ത കാർ പാർക്കുകളോ വാലെറ്റ് സേവനങ്ങളോ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. ടെർമിനൽ 1, 3 എന്നിവിടങ്ങളിലെ ആഗമന ഫോർകോർട്ടുകളിലേക്കുള്ള പ്രവേശനം പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത എയർപോർട്ട് വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഇത്തവണ ഓണം കളറാക്കാൻ ഉള്ള പുറപ്പാടിലാണ് ദുബൈയുടെ വ്യോമയാന കമ്പനിയായാ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് വിമാനത്തിൽ ഇലയിൽ ഓണ സദ്യ വിളമ്പും. ഇതുവഴി ആകാശത്ത് ഇരുന്ന് യാത്രക്കാർക്ക് നല്ല അടിപൊളി സദ്യ ഉണ്ണാൻ സാധിക്കും.
കാളൻ, പച്ചടി, മാങ്ങ അച്ചാർ, മട്ട അരിച്ചോറ്, കായ വറുത്തത്, പാലട പ്രഥമൻ, ശർക്കര ഉപ്പേരി, പുളിയിഞ്ചി, പപ്പടം, നോൺ വെജ് വേണ്ടവർക്ക് ആലപ്പുഴ ചിക്കൻ കറിയും മട്ടൻ പെപ്പർ ഫ്രൈയും ഒരുക്കിയിട്ടുണ്ട്. എയർലൈൻസിന്റെ സർപ്രൈസ് മെനുവാണ് യാത്രക്കാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ആഗസ്ത് 20 മുതൽ 31 വരെ കൊച്ചിയിലേക്കും, തിരുവനന്തപുരത്തേക്കും യാത്ര ചെയ്യുന്ന എല്ലാ ക്ലാസിലുള്ളവർക്കും സദ്യ നൽകുമെന്നാണ് എമിറേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha