96 മണിക്കൂര്‍ നേരത്തേക്കുള്ള പ്രത്യേക ഓഫർ, ആഭ്യന്തര റൂട്ടുകളിലേക്കും വിദേശ റൂട്ടുകളിലേക്ക് ലിമിറ്റഡ് പിരീഡ് ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ, ആഭ്യന്തര റൂട്ടുകളില്‍ വണ്‍വേ ട്രിപ്പിന് 1,470 രൂപ മുതൽ

മറ്റ് വിമാനക്കമ്പനികളോടൊപ്പം പിടിച്ചു നിൽക്കാൻ വമ്പൻ ഓഫറുകളുമായി എയർ ഇന്ത്യ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലേക്കും വിദേശ റൂട്ടുകളിലേക്ക് ലിമിറ്റഡ് പിരീഡ് ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. 96 മണിക്കൂര്‍ നേരത്തേക്കുള്ള പ്രത്യേക ഓഫറാണത്. ഓഗസ്റ്റ് 20 രാത്രി 11.59 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഓഗസ്റ്റ് 17 മുതൽ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
ട്രാവല്‍ ഏജന്റുമാര്‍ വഴിയുള്ള ബുക്കിംഗുകള്‍ക്കും ഡിസ്‌കൗണ്ട് ലഭിക്കുന്നതാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ചെലവ് കുറഞ്ഞ എയര്‍ലൈനായ സ്‌പൈസ് ജെറ്റ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഓഫര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നീക്കം. ആഭ്യന്തര റൂട്ടുകളില്‍ വണ്‍വേ ട്രിപ്പിന് 1,470 രൂപ മുതലാണ് ഇക്കോണമി ക്ലാസ് ടിക്കറ്റ് വില തുടങ്ങുന്നത്. ബിസിനസ് ക്ലാസിന് 10,130 രൂപയും. തിരഞ്ഞെടുത്ത ഇന്റര്‍നാഷണല്‍ റൂട്ടുകളിലും സമാനമായ ഡിസ്‌കൗണ്ട് ലഭിക്കും.
ഓഫര്‍ കാലയളവില്‍ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസും സൗജന്യമാണ്. എയര്‍ ഇന്ത്യയുടെ ഫ്‌ളൈംഗ് റിട്ടേണ്‍സ് അംഗങ്ങള്‍ക്ക് ഇത്തരം ടിക്കറ്റുകള്‍ക്ക് ഇരട്ട ലോയല്‍റ്റി ബോണസ് പോയ്ന്റുകളും ലഭിക്കും. ഓഗസ്റ്റ് 15 മുതല്‍ 2024 മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ സ്‌പൈസ് ജെറ്റ് 1,515 രൂപ മുതലാണ് യാത്രക്കാർക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കിയത്.
കഴിഞ്ഞയാഴ്ചയാണ് എയര്‍ ഇന്ത്യ ലോഗോയും നിറവും ഉള്‍പ്പെടെ അടിമുടി പരിഷ്‌കാരം പ്രഖ്യാപിച്ചത്. 'വിസ്ത' എന്ന പേരിൽ പുതിയ ലോഗോ കമ്പനി അവതരിപ്പിച്ചു. ഇതോടെ അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോഗോ ഇനി ഉണ്ടാകില്ല. ദ വിസ്ത എന്നാണ് പുതിയ ലോഗോയുടെ പേര്.എയർ ഇന്ത്യയുടെ മുഖമായ 'മഹാരാജ' യെ പൂർണമായി ഒഴിവാക്കുന്നില്ലെന്നും മാറ്റങ്ങളോടെ നിലനിൽക്കുമെന്നും സിഇഒ അറിയിച്ചു.
എയർ ഇന്ത്യ കേവലമൊരു ബിസിനസല്ല, അതൊരു വികാരവും ദേശീയ ദൗത്യവുമാണെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കി. 2023 ഡിസംബർ മുതലാണ് പുതിയ ലോഗോ എയർ ഇന്ത്യ വിമാനങ്ങളിൽ പ്രത്യക്ഷപ്പെടുക. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 യിലാണ് ലോഗോ ആദ്യമായി ചിത്രീകരിക്കുക.
പുതിയ ബ്രാൻഡിലൂടെ യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടപ്പിച്ചു. പുതിയ എയർ ഇന്ത്യ ഊർജ്ജസ്വലവും ആത്മവിശ്വാസത്തിലൂന്നിയതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒന്നര വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha