യുഎഇയിൽ അസ്ഥിര കാലവസ്ഥ...! വിവിധയിടങ്ങളിൽ ഇന്നും മഴയ്ക്കും പൊടികാറ്റിനും സാധ്യത, താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം

യുഎഇയിൽ അസ്ഥിര കാലവസ്ഥ തുടരുകയാണ്. വിവിധയിടങ്ങളിൽ ഇന്നും മഴയ്ക്കും പൊടികാറ്റിനും സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്. അതിനാൽ ഇന്നത്തെ ദിവസം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. അതേസമയം രാജ്യത്ത് ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. അബുദാബിയിൽ 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില. ചിലയിടങ്ങളിൽ ഇന്ന് രാത്രിയിലും നാളെ തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. അബുദാബിയിൽ 20 മുതൽ 80 ശതമാനം വരെയും ദുബായിൽ 25 മുതൽ 85 ശതമാനം വരെയും ആയിരിക്കും ഹ്യുമിഡിറ്റി ലെവലുകൾ.
മഴയെത്തുടർന്ന് അബുദാബി എമിറേറ്റിലെ പ്രധാന റോഡിൽ സ്പീഡ് റിഡക്ഷൻ സംവിധാനം സജീവമാക്കിയതായി അബുദാബി പോലീസ് അറിയിച്ചു. ഇതനുസരിച്ച് അൽ ഐൻ-ദുബായ് റോഡിൽ മസാക്കിനും കുറാക്കും ഇടയിലുള്ള വേഗത മണിക്കൂറിൽ 120 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. മഴക്കാലമായതിനാൽ വാഹനമോടിക്കുന്നവർ ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന മാറുന്ന വേഗപരിധി പാലിക്കണമെന്നും അബുദാബി പോലീസ് അറിയിച്ചു.
കനത്ത മഴയിലും മോശം കാലാവസ്ഥയിലും ഡ്രൈവർമാർ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അബുദാബി പോലീസ് ഓർമ്മിപ്പിച്ചു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ താഴ്‌വരകൾ, ഇലക്ട്രിക്കൽ ലൈനുകൾ, മരങ്ങൾക്ക് സമീപമുള്ള സ്ഥലങ്ങൾ എന്നിവയിൽ നിന്ന് അകന്ന് നിൽക്കണമെന്ന് പോലീസ് ഡ്രൈവർമാരോട് നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha