സൗദിയിൽ ശക്തമായ മഴയും കാറ്റും വ്യാഴാഴ്ച വരെ തുടരാൻ സാധ്യത, വാദി ലജബിലേക്കുള്ള സന്ദർശകർക്ക് പ്രത്യേക ജാഗ്രതാ നിർദേശം

ഗൾഫ് രാജ്യങ്ങളിൽ പൊതുവെ ഇപ്പോൾ അസ്ഥിര കാലാവസ്ഥ തുടരുകയാണ്. ഇടയ്ക്ക് മഴയും അതൊടൊപ്പം താപനിലയിൽ ഏറ്റ കുറച്ചിലുകളും ഉണ്ടാകുന്നു. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റമാണ് സംഭവിക്കുന്നത്. അതിനാൽ അധികൃതർ ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ പുറപ്പെടുവിക്കാറുണ്ട്. സൗദിയിൽ കഴിഞ്ഞ ദിവസം കനത്ത മഴയാണ് അനുഭവപ്പെട്ടത്. പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും ആലിപ്പഴ വർഷവും ഉണ്ടായി.
എന്നാൽ രാജ്യത്ത് ഈ ഒരു സാഹചര്യം വ്യാഴാഴ്ച വരെ തുടരാനിടയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വാദി ലജബിലേക്കുള്ള സന്ദർശകർക്ക് പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെ സഞ്ചാരികൾ ഇങ്ങോട്ട് വരരുതെന്ന് അധികൃതർ ഓർമിപ്പിച്ചു. ലജബ് താഴ്വരയിലെത്തിയ സഞ്ചാരികൾ മഴ ശക്തമായതോടെ രക്ഷപ്പെടുന്ന വീഡിയോ വൈറലായ പിന്നാലെ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാതെ സഞ്ചാരികൾ ഇങ്ങോട്ട് വരരുതെന്ന് അധികൃതർ ഓർമിപ്പിച്ചു.
നിരവധി സന്ദർശകരെത്തുന്ന ഇവിടം അപകടം പതിയിരിക്കുന്ന മേഖലകൂടിയാണ്. അതിനാൽ തന്നെ കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് ഇങ്ങോട്ട് പോകുന്നത് ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. പ്രദേശത്ത് ശക്തമായ മഴയും വെള്ളപ്പാച്ചിലും തുടരുന്നതിനിടയിൽ ഇവിടെയെത്തിയ സഞ്ചാരികൾ ഇടുങ്ങിയ പാറക്കെട്ടിലൂടെ വാഹനമോടിച്ച് രക്ഷപ്പെടുന്ന വീഡിയോ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
സൗദിയുടെ തെക്കൻ നഗരമായ ജീസാനിൽ നിന്ന് 130 കി.മി അകലെ അൽ റെയ്തിനടുത്താണ് വാദി ലജബ് താഴ്വര. പ്രകൃതിദത്തമായ കാഴ്ച്ചകളും അനുഭവങ്ങളും ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ നിരവധി സന്ദർശകരാണ് ദിവസവും ഇവിടെയെത്തുന്നത്. 300 മുതൽ 800 മീറ്റർ വരെ ഉയരമുള്ള രണ്ട് പർവതങ്ങൾ പിളർന്നു മാറിയ പോലെയുള്ള ഇടുങ്ങിയ ഇടനാഴിയിലൂടെ സഞ്ചരിച്ചാലാണ് വെള്ളച്ചാട്ടത്തിനടുത്തെത്തുക. ശക്തമായ മഴ വരും ദിവസങ്ങളിലും പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ച് ഇവിടേക്ക് യാത്ര ചെയ്യാതിരിക്കാൻ ശ്രമിക്കുക.
യുഎഇയിലും ഇന്ന് വിവിധയിടങ്ങളിൽ മഴയും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീയോറോളജി അറിയിച്ചു. ഫുജൈറയുടെ ചില ഭാഗങ്ങളിൽ ഉൾപ്പെടെയാണ് മഴ പ്രതീക്ഷിക്കുന്നത്. ദുബായ്, ഷാർജ, അജ്മാൻ, അൽ ഐൻ തുടങ്ങിയ ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ഇന്ന് രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കും.
പരമാവധി ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 43 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
https://www.facebook.com/Malayalivartha