സ്വദേശിവത്ക്കരണം നടപ്പാക്കിയിട്ട് മാത്രം കാര്യമില്ല, സ്വകാര്യ കമ്പനികള്‍ സ്വദേശി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ ഉത്തരവിട്ട് സൗദി, വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍

പ്രവാസികളെ ആശങ്കയിലാക്കി യുഎഇയ്ക്ക് പുറമേ സ്വദേശിവത്ക്കരണം കർശമാക്കിയ ഗൾഫ് രാജ്യമാണ് സൗദി അറേബ്യ. പദ്ധതി വൻവിജയമായതോടെ തൊഴിലില്ലാഴ്മ നിരക്കിൽ ഗണ്യമായ കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതിലൂടെ സ്വകാര്യമേഖലയിൽ ഒട്ടേറെ സ്വദേശികൾ മികച്ച ശമ്പളം വാങ്ങുന്നതായും റിപോർട്ട് വ്യക്തമാക്കുന്നു. വളരെ കിറുകൃത്യമായി നീക്കങ്ങളാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിൽ സൗദിയുടെ വിജയമെന്ന് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
എന്നാൽ മിക്ക ഗൾഫ് രാജ്യങ്ങളിലെ പോലെ തന്നെ സൗദിയിലും വെല്ലുവിളിയായി നിൽക്കുന്നത് തൊഴില്‍ വിപണിയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് സ്വദേശി തൊഴിലാളികളെ ലഭിക്കാത്തതാണ്. അതിനും സൗദിയുടെ പക്കൽ പോംവഴിയുണ്ട്. സ്വദേശിവത്ക്കരണം നടപ്പാക്കിയിട്ട് മാത്രം കാര്യമില്ല. ഇതിന് പിന്നാലെ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനികള്‍ സ്വദേശി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ ഉത്തരവിട്ടിരിക്കുകയാണ്.
50 ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികള്‍ ഓരോ വര്‍ഷവും അവസാനത്തോടെ പരിശീലന ഡാറ്റ വെളിപ്പെടുത്തണമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍റാജ്ഹി ഉത്തരവിറക്കി. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ മന്ത്രാലയം സ്വീകരിക്കും. തൊഴില്‍ വിപണിക്ക് അനുസൃതമായി ജീവനക്കാരുടെ പ്രകടനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുകയും സ്വകാര്യ മേഖലയിലെ പരിശീലനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പോര്‍ട്ടലിലൂടെ വിവരങ്ങള്‍ കൈമാറണമെന്ന നിബന്ധന കൊണ്ടുവരുന്നത്.
പരിശീലനം ലഭിച്ചവരുടെ എണ്ണം, പരിശീലനം നല്‍കിയ ആകെ മണിക്കൂറുകള്‍, ട്രെയിനി നമ്പറുകള്‍, പരിശീലന പദ്ധതികള്‍ എന്നി ഉള്‍പ്പെട്ട പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാണ് ഓരോ വര്‍ഷവും അവസാനത്തോടെ സമര്‍പ്പിക്കേണ്ടത്. അടുത്ത വര്‍ഷത്തെ പരിശീലനത്തിനായുള്ള ബജറ്റ് വിഹിതവും പ്രസിദ്ധപ്പെടുത്തണം.
തൊഴില്‍ വിപണിയിലെ പരിശീലനം സംബന്ധിച്ച കാര്യങ്ങള്‍ അവലോകനം ചെയ്യാനും ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടികള്‍ മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയ്ക്ക് സഹായങ്ങള്‍ നല്‍കാനും ഈ ഡാറ്റ മന്ത്രാലയത്തിന് ഉപകരിക്കും. വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഗൈഡ് മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍, പരിശീലന ആവശ്യകതകള്‍, നിയമംപാലിക്കാത്തതിനുള്ള പിഴകള്‍ എന്നിവയും ഗൈഡില്‍ വിശദമാക്കുന്നു.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടലിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ഹ്യൂമന്‍ റിസോഴ്‌സ്, സോഷ്യല്‍ ഡെവലപ്‌മെന്റ് സേവനങ്ങളും തൊഴില്‍ മേഖലയ്ക്ക് നല്‍കുന്ന ഇലക്ട്രോണിക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങളും നല്‍കുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് ക്വിവ പ്ലാറ്റ്‌ഫോം. സൗദിവത്കരണം നടപ്പാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിനാണ് പരിശീലന പദ്ധതി നിര്‍ബന്ധമാക്കിയത്.
https://www.facebook.com/Malayalivartha