കീടനാശിനി കുടിച്ച് 27 ദിവസം വെൻറിലേറ്ററിൽ, സൗദിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

സൗദിയിൽ കീടനാശിനി കുടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന ഗൂഡല്ലൂർ സ്വദേശി അബൂ കാട്ടുപീടിയേക്കൽ (57) ആണ് അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ 27 ദിവസം വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ഇദ്ദേഹം അതിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചിരുന്നു. മരുന്ന് തീരുന്ന മുറക്ക് നാട്ടിൽ നിന്ന് എത്തിക്കാലായിരുന്നു പതിവ്.
അതിനിടെ മരുന്ന് കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് എത്തിക്കാൻ സാധിക്കാതെ വന്നതോടെ വിഭ്രാന്തി കാണിച്ച ഇദ്ദേഹത്തെ നാട്ടിലേക്ക് കയറ്റിവിടാൻ സഹോദരന്മാർ ടിക്കറ്റെടുത്തെങ്കിലും പോകാൻ അബു തയ്യാറായില്ല. തുടർന്ന് കീടനാശിനി കൊണ്ടുവന്ന് സഹോദരന്മാരുടെ മുന്നിൽ വെച്ച് അൽപം കുടിച്ചു. ബാക്കി പുറത്തേക്ക് തുപ്പുകയും ചെയ്തു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല.
പിന്നീട് നസീം അമീർ മുഹമ്മദ് ബിൻ സൽമാൻ ആശുപത്രിയിലെത്തിക്കുകയും ചികിത്സയിലിരിക്കെ അവിടെവെച്ച് മരിക്കുകയുമായിരുന്നു. ഭാര്യ: നുസ്രത്ത് മോൾ. മക്കൾ: ഷഹ്മ, മുഹമ്മദ് ഷാഹിൽ, മുഹമ്മദ് ഷമീൻ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അബ്ദുസ്സമദ് എന്നിവർ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha