സ്റ്റീല്‍പാത്രം, 2 മണിക്കൂറിലധികം സമയം ഒറ്റവിരലില്‍ കറക്കി അശ്വിന് റെക്കോര്‍ഡ് ഭേദിച്ചു
വിരല്‍ തുമ്പ് കൊണ്ട് വിസ്മയം തീര്‍ത്ത് പത്തനംതിട്ട കടമ്പനാട് സ്വദേശി ഗിന്നസ് റെക്കോര്‍ഡിലേക്ക്. സ്റ്റീല്‍പാത്രം ഒറ്റവിരലില്‍ രണ്ടുമണിക്കൂറിലധികം നേരം കറക്കിയാണ് നിലവിലെ റെക്കോര്‍ഡ് ഭേദിച്ചത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി രേഖകള്‍ ഗിന്നസ് അധികൃതര്‍ക്ക് കൈമാറും.
പതിനൊന്നാം വയസില്‍ നോട്ടുബുക്ക് കറക്കിത്തുടങ്ങിയ അശ്വിന് സ്വപ്ന നേട്ടത്തിനുള്ള പരിശ്രമത്തിലാണ്. 260 ഗ്രാം ഭാരവും 23 സെന്റീമീറ്റര്‍ വ്യാസവുമുള്ള സ്റ്റീല്‍ പാത്രം വലതുകൈയുടെ നടുവിരലില്‍ കറക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹി സ്വദേശിയായ ഹിമാന്‍ഷു ഗുപ്തയുടെ പേരിലുള്ള ഒരു മണിക്കൂര്‍ പത്തുമിനിറ്റ് മുപ്പത്തിയൊന്പത് സെക്കന്‍ഡാണ് നിലവിലെ റെക്കോര്‍ഡ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം. റെക്കോര്‍ഡ് ഭേദിച്ചതോടെ സദസില്‍നിന്ന് കയ്യടിയുയര്‍ന്നു. ഒടുവില്‍ രണ്ട് മണിക്കൂര്‍ മൂന്നുമിനിറ്റ് എട്ടുസെക്കന്‍ഡ് എന്ന പുതിയ റെക്കോര്‍ഡ് സമയം കുറിച്ച് അശ്വിന് പ്രകടനം അവസാനിപ്പിച്ചു. തിരുവല്ലയില്‍ തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് തുടങ്ങിയ പ്രകടനം പന്ത്രണ്ടരവരെ നീണ്ടു. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും സഹായവുമാണ് നേട്ടത്തിന് കാരണമെന്ന് അശ്വിന് പറഞ്ഞു.
ഗിന്നസ് അധികൃതര്‍ക്ക് ലഭ്യമാക്കുന്ന പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രവുമടക്കമുള്ള രേഖകളെല്ലാം വിശദമായി പരിശോധിച്ചതിനു ശേഷമേ ഔദ്യോഗികമായ പ്രഖ്യാപനമുണ്ടാകൂ. കടമ്പനാട് സ്വദേശിയായ അശ്വിന് ഡിഗ്രി പഠനത്തിനുശേഷം പി.എസ്.സി പരിശീലനത്തിലാണ്.
https://www.facebook.com/Malayalivartha