പാകമായ സ്ട്രോബറിയുമായി കാന്തല്ലൂര്‍ മലനിരകള്‍
മറയൂര്‍ കാന്തല്ലൂര്‍ മലനിരകളില്‍ ഇത് സ്ട്രോബറിക്കാലം. പ്രധാന വിനോദ സഞ്ചാര മേഖലയായ ഇവിടെ, ലോക്ഡൗണ്‍ മൂലം പാകമായ പഴങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചില്ലെങ്കിലും മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി വരികയാണ്. പെരുമല, കുളച്ചിവയല്‍, കാന്തല്ലൂര്‍, വെട്ടുകാട് തുടങ്ങിയ ഗ്രാമങ്ങളിലാണ് വ്യാപകമായും സ്ട്രോബറി പഴം പാകമായിരിക്കുന്നത്.
നിലവില്‍ കിലോയ്ക്ക് 200 രൂപ മുതല്‍ 350 രൂപ വരെയാണ് തികച്ചും ജൈവരീതിയില്‍ വിളയിച്ചെടുക്കുന്ന സ്ട്രോബറി പഴത്തിന് വില. കൂടുതലായി വിറ്റഴിക്കാന്‍ സാധിക്കാത്തതിനാല്‍ സ്ട്രോബറി പഴം വൈന്‍, ജാം, സ്ക്വാഷ് തുടങ്ങിയ മൂല്യവര്‍ധിത ഉല്പന്നങ്ങള് ആയി ഒരുക്കി വരികയാണ് പ്രദേശത്തെ കര്‍ഷകര്‍. വൈന്‍ ലീറ്ററിന് 500 രൂപയും ജാം 400 ഗ്രാം ബോട്ടിലിന് 200 രൂപയുമാണ് വില.
ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ സ്ട്രോബറി നന്നായി വളരാറുണ്ട്. മേഖലയില്‍ സ്ട്രോബറിക്കൃഷി വ്യാപിക്കുന്നതിനായി കൃഷി വകുപ്പ് മുഖേനയാണ് ചെറിയൊരു തുക സ്വീകരിച്ച് കര്‍ഷകര്‍ക്ക് തൈകള്‍ വിതരണം ചെയ്തിരുന്നത്. മറ്റു വിളകളെ അപേക്ഷിച്ച് സ്ട്രോബറി കൂടുതല്‍ ലാഭകരമാണെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha