ഏറത്തുകുളക്കട വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഇന്ന് വേറിട്ടൊരു വിഷുക്കൈനീട്ടമെത്തി, രാഷ്ട്രപിതാവിന്റെ ആത്മകഥ!
കൊല്ലം ജില്ലയിലെ പുത്തൂര്‍ കുളക്കട പഞ്ചായത്തിലെ ഏറത്തുകുളക്കട വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഇന്ന് വേറിട്ടൊരു വിഷുക്കൈനീട്ടമെത്തും. രാഷ്ട്രപിതാവിന്റെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍'..! വീടുകളിലിരിക്കുമ്പോള്‍ സകുടുംബം വായിക്കാനും ചര്‍ച്ച ചെയ്യാനും ഉതകുന്ന മികച്ച ഗ്രന്ഥം എന്ന നിലയില്‍ വാര്‍ഡംഗം എസ്.രഞ്ജിത്താണ് ഈ അക്ഷരക്കൈനീട്ടം സമ്മാനിക്കുന്നത്.
വാര്‍ഡിലെ 426 കുടുംബങ്ങള്‍ക്കും പഞ്ചായത്തിലെ എല്ലാ ലൈബ്രറികള്‍ക്കും പുസ്തകം സമ്മാനിക്കും. എറണാകുളം പൂര്‍ണോദയ ബുക്ക് ട്രസ്റ്റില്‍ നിന്ന് കോപ്പി ഒന്നിന് 60 രൂപ നിരക്കിലാണ് പുസ്തകം വാങ്ങിയത്. പൊലീസിന്റെ സഹായത്തോടെ പുസ്തകങ്ങള്‍ നാട്ടിലെത്തിച്ചു. ഇതോടൊപ്പം സൗജന്യമായി പച്ചക്കറിവിത്തുകളും നല്‍കുന്നുണ്ട്.
കൃഷിഭവന്റെയും ആഗ്രോയുടെയും സഹായത്തോടെ വിത്തുകളും സമാഹരിച്ചു. പഞ്ചായത്തില്‍ ആദ്യമായി വാര്‍ഡിലെ എല്ലാ വീടുകളിലും ഹാന്ഡ്വാഷും മാസ്കും സൗജന്യമായി എത്തിച്ചതും രഞ്ജിത്തായിരുന്നു. കുടുംബശ്രീയുടെ സഹായവും ഇതിനുണ്ടായിരുന്നു.
https://www.facebook.com/Malayalivartha