അന്ന് ലക്ഷ്മി...പക്ഷെ ഇന്ന് ജാസ്മിൻ.. ലക്ഷ്മി എനിക്ക് ഏറ്റവും പ്രീയപ്പെട്ടവളാണ് ... അവള്‍ക്ക് വേണ്ടി ജീവന് വരെ കൊടുക്കാന്‍ ഞാന്‍ തയാറാണ്. എല്ലാവിധ അന്തസോടെയും അഭിമാനത്തോടെയും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. അവളെ വിട്ടുതരണം….കണ്ണീരോടെ ബിഹാര്‍ സ്വദേശി സദാം

ബിഹാര്‍ സ്വദേശി സദാം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിയിൽ കണ്ടത് ലക്ഷ്മി എന്ന പിടിയാനക്ക് വേണ്ടിയുള്ള നിലവിളി തന്നെയാണ്.
“ലക്ഷ്മി എനിക്ക് ഏറ്റവും പ്രീയപ്പെട്ടവളാണ്. അവള്‍ക്ക് വേണ്ടി ജീവന് വരെ കൊടുക്കാന്‍ ഞാന്‍ തയാറാണ്. എല്ലാവിധ അന്തസോടെയും അഭിമാനത്തോടെയും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. അവളെ വിട്ടുതരണം… എന്നാണു ഹർജിയിൽ പറയുന്നത്
സുപ്രീം കോടതി ഈ ഹർജി പരിഗണിക്കച്ചാൽ വെട്ടിലാവുന്നത് കേന്ദ്ര വനം വകുപ്പും ദൽഹി പോലീസ് കമ്മീഷണറും തന്നെയാകും. ലക്ഷ്മിയെ കോടതിയിൽ ഹാജരാക്കേണ്ട ചുമതല ഇവർക്കാണ് .യമുന നദി ഡല്ഹിക്കുള്ളതാണെങ്കില് ലക്ഷ്മി തന്റേതാണ് എന്ന ഉറച്ച വിശ്വാസത്തില്‍ കാത്തിരിക്കുകയാണ് സദാം.
ഒന്നും രണ്ടുമല്ല നീണ്ട 15 കൊല്ലത്തെ ബന്ധമാണ് ലക്ഷ്മിയും സദാമും തമ്മിലുള്ളത്. ഡല്‍ഹിയില്‍ ആനകളുടെ വര്‍ഗത്തില്‍ തന്നെ അവശേഷിക്കുന്ന അവസാനത്തെ പിടിയാനയാണ് ലക്ഷ്മി . തനിക്ക് മാത്രമേ അവള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കാന്‍ കഴിയൂ എന്നും സദാം തന്റെ ഹര്‍ജിയില്‍ പറയുന്നു.
സദാം എന്ന ബിഹാര്‍ സ്വദേശി പാപ്പാനാണ് തന്റെ ഹൃദയത്തിന്റെ തന്നെ ഭാഗമായ ലക്ഷ്മി എന്ന ആനയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ലക്ഷ്മിയെ മോഷ്ടിച്ച് അനധികൃതമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന പരാതിയില്‍ ഡല്‍ഹി പോലീസ് സദാമിനെ അറസ്റ്റ് ചെയ്തിരുന്നു. 68 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ക്കര്‍ദൂമ കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്നാണ് ഇന്നലെ ഡല്‍ഹി മണ്ടോളി ജയിലിന് പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് ഇറങ്ങിയതുമുതൽ ലക്ഷ്മിയെ തേടിയുള്ള ഓട്ടത്തിലായിരുന്നു സദാം .
കുറെ തെരഞ്ഞതിനു ശേഷമാണ് സദാമിന് ലക്ഷ്മി ഹരിയാനയിലെ ഒരു പുനരധിവാസ കേന്ദ്രത്തില്‍ അസുഖബാധിതയായി കഴിയുകയാണെന്ന് അറിഞ്ഞത്. സ്നേഹമോ പരിചരണമോ ലഭിക്കാതെ അതീവ ഗുരുരതരാവസ്ഥയില്‍ ലക്ഷ്മി തടവില്‍ എന്ന പോലെയാണ് കഴിയുന്നതെന്ന് സദാം തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ഡല്‍ഹി പോലീസ് കമ്മീഷണര്‍, ഹരിയാനയിലെ തെഹ്രിയിലെ ആന സംരക്ഷണ കേന്ദ്രം എന്നിവര്‍ക്കെതിരേയാണ് ഹര്‍ജി. മലയാളിയായ സുപ്രീംകോടതി അഭിഭാഷകന് വില്‍സ് മാത്യൂസ് മുഖേനയാണ് സദാം ഹര്‍ജി നല്‍കിയിരിക്കുന്നത്.
ബിഹാറില്‍ നിന്നു ഡല്‍ഹിയിലേക്ക് കുടിയേറിയ യൂസഫലി എന്നയാളുടെ രണ്ട് ആനകളെയാണ് സദാം പരിപാലിച്ചിരുന്നത്, ലക്ഷ്മിയും മോട്ടിയും. പതിനഞ്ച് വര്‍ഷമായി ലക്ഷ്മിയുമായി അതീവ ഹൃദ്യമായ ബന്ധമാണ് സദാമിനു ഉണ്ടായിരുന്നത്. യൂസഫലി ആനയ്ക്ക് ശരിയായ ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നില്ലെന്ന പരാതിയില്‍ ആനയെ പിടിച്ചെടുക്കുമെന്ന് ചൂണ്ടിക്കാട്ടി വന്യജീവി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്നാണ് സദാം ആനയുമായി അപ്രത്യക്ഷനായത്. അതോടെ ആനയെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കാന്‍ വനം വകുപ്പ് എല്ലാ സംസ്ഥാനങ്ങളിലെയും വന്യജീവി വകുപ്പിന് നോട്ടീസയച്ചു.
ഒടുവില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സദാമിനെയും ലക്ഷ്മിയേയും ഡല്‍ഹിയില്‍ യമുനയ്ക്കടുത്തു നിന്ന് കണ്ടെത്തിയത്. ഇരുവരെയും ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ആനയെ മോഷ്ടിച്ച കുറ്റത്തിന് സദാമിനെ ജയിലിലേക്കും ലക്ഷ്മിയെ ഹരിയാനയിലെ കേന്ദ്രത്തിലേക്കും മാറ്റി.
പന്ത്രണ്ടോളം ഉദ്യോഗസ്ഥരുടെ മൂന്നു ടീമുകളാണ് തലസ്ഥാനത്ത് ലക്ഷ്മിക്കും സദാമിനും വേണ്ടി തിരച്ചില്‍ നടത്തിയത്. ആനയുടെ ഉടമ അല്ലെങ്കിലും ഏറ്റവും അടുപ്പമുള്ള ആളെന്ന നിലയില്‍ തനിക്ക് നീതി ഉറപ്പാക്കി ലക്ഷ്മിയെ ചികിത്സയ്ക്കും പരിപാലനത്തിനും ആയി വിട്ടു നല്‍കണമെന്നാണ് സദാമിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊടിയ പീഡനങ്ങള്‍ ഏല്‍പ്പിച്ചാണ് ലക്ഷ്മിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയതെന്നും സദാം ആരോപിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സദാം ഇനിയും അറിയാത്ത ഒരു കാര്യമുണ്ട്. 47കാരിയായ ലക്ഷ്മി ഇപ്പോള്‍ ഹരിയാനയില്‍ ഒരു സംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്നത് മറ്റൊരു പേരിലാണ്. ഹരിയാനയിലെ ബാന്സന്ദൗര് എന്ന ഒരു സര്‍ക്കാരിതര വന്യജീവി സംരക്ഷണ സംഘടനയുടെ കേന്ദ്രത്തില്‍ ഇപ്പോള്‍ ജാസ്മിന് എന്ന പേരിലാണ് ലക്ഷ്മി കഴിയുന്നത്.
ലക്ഷ്മിയെ തങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ ദേഹമാസകലം മുറിവേറ്റ പാടുകളുമായി അവശനിലയില്‍ ആയിരുന്നെന്നാണ് ന്നാണ് വൈല്‍ഡ് ലൈഫ് എസ്ഒഎസ് അധികൃതർ പറയുന്നത് എന്നാണു റിപ്പോർട്ടുകൾ.. മനുഷ്യരേക്കാള്‍ അധികം ആനകളുമായി തന്നെ ഇവിടെ ഇടപഴകി കഴിയുന്ന ജാസ്മിന് എന്ന ലക്ഷ്മി അതീവ സന്തോഷത്തിലാണെന്നും ഇവർ പറയുന്നു.
എന്നാൽ സുപ്രീംകോടതിയുടെ 2014ലെ ജെല്ലിക്കെട്ട് കേസിലെ ഉത്തരവില്‍ പറയുന്നത് പോലെ ഒരു മൃഗമാണെങ്കില്‍ കൂടി ഭരണഘടനയുടെ 21 വകുപ്പ് ഉറപ്പ് നല്കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ പേരില്‍ ലക്ഷ്മിയെ വിട്ടു കിട്ടണമെന്നാണ് പ്രിയപ്പെട്ട പാപ്പാന് സദാമിന്റെ ആവശ്യം.
https://www.facebook.com/Malayalivartha