പടിഞ്ഞാറത്തറ ജനമൈത്രി പൊലീസ് സമിതിയുടെ നേതൃത്വത്തില്‍ സ്റ്റീഫനും കുടുംബത്തിനും സ്വപ്നഗൃഹം ഒരുങ്ങി!

ദുരിതക്കടലിലായിരുന്ന വയനാട് പടിഞ്ഞാറത്തറ താളിപ്പാറ കരിയാട്ടുകുന്ന് സ്റ്റീഫനും കുടുംബവും ആശ്വാസതീരത്തെത്തി. നിത്യ രോഗികളായ മൂന്ന് പെണ്‍ മക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് കൂലിപ്പണിക്കാരനായ സ്റ്റീഫന്റേത്. കടുത്ത രോഗങ്ങള്‍ ബാധിച്ച പെണ്‍ മക്കളെ തനിച്ചാക്കി പോകാന്‍ പറ്റാത്തതിനാല്‍ സുമതി ജോലിക്ക് പോകാറില്ല. സ്റ്റീഫനും രോഗം പിടിപെട്ടതോടെ കുടുംബം വന്‍ ദുരിതത്തിലായി. രോഗികളായ മുതിര്‍ന്ന പെണ്‍മക്കളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ ഒരിടം വേണമെന്നതായിരുന്നു ഇവരുടെ ഏക ആഗ്രഹം.
പടിഞ്ഞാറത്തറ ജനമൈത്രി പൊലീസ് സമിതി, പൊലീസ് സിആര്‍ഒ എഎസ്‌ഐ കെ.പി. മുരളീധരന്റെ നേതൃത്വത്തില്‍ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ 2019 സെപ്റ്റംബറില്‍ വീട് നിര്‍മാണം ആരംഭിച്ചു. വന്‍ സഹായ പ്രവാഹമാണ് സംഘാടകര്‍ക്ക് ലഭിച്ചത്. മണ്ണും മാറ്റലും മറ്റു ജോലികളും നാട്ടുകാര്‍ ഏറ്റെടുക്കുകയും സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ നിര്‍മാണ സാമഗ്രികള്‍ വാങ്ങി നല്‍കുകയും ചെയ്തു.
നാട്ടുകാര്‍ ഒന്നിച്ചതോടെ 25 ലക്ഷം രൂപയോളം ചെലവ് ചെയ്ത് ഈ കുടുംബത്തിനു മനോഹര വീട് യാഥാര്‍ഥ്യമായി. കുടുംബത്തിന് ചെറിയ സമ്പാദ്യവും സംഘാടകര്‍ നല്‍കി.
വീടിന്റെ താക്കോല്‍ ദാനം ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ നിര്‍വഹിച്ചു. കല്‍പറ്റ ഡിവൈഎസ്പി ടി.പി. ജേക്കബ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. പ്രകാശന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.പി. നൗഷാദ്, എഎസ്‌ഐ കെ.പി. മുരളീധരന്‍, നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. കുഞ്ഞബ്ദുല്ല, പഞ്ചായത്ത് അംഗം ബാബു, റയ്ഹാനത്ത് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha