തൊടുപുഴയില്‍ ദൃശ്യവിരുന്നൊരുക്കുന്നു ആനയാടിക്കുത്ത് വെള്ളച്ചാട്ടം
തൊടുപുഴ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ കരിമണ്ണൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലെ ആനയാടി കുത്ത് വെള്ളച്ചാട്ടം മഴക്കാലം ആരംഭിച്ചതോടെ കാണികളുടെ മനം കവരുന്ന ദൃശ്യവിരുന്നായി. പല തട്ടുകളായി വെള്ളം പാറയുടെ മുകള്‍തട്ടില്‍ നിന്ന് ഒഴുകിയിറങ്ങുന്ന കാഴ്ച മനം കവരുന്നതാണ്. ലോക്ഡൗണ്‍ ഇളവിനെത്തുടര്‍ന്നു സഞ്ചാരികള്‍ കൂടുതല്‍ എത്തിച്ചേരുന്നതോടെ ആനയാടി കുത്ത് വീണ്ടും സജീവമാകും എന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍.
ഉള്‍ക്കാടുകളില്‍ നിന്ന് ആനക്കൂട്ടങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വേനല്‍ക്കാലത്ത് വെള്ളം കുടിക്കാനായി ഈ വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള നിരന്ന പാറയില്‍ എത്തുമായിരുന്നെന്നു പഴമക്കാര്‍ പറയുന്നു. ഒരിക്കല്‍ രണ്ടു കൊമ്പന്മാര് തമ്മില്‍ ഏറ്റുമുട്ടുകയും അതിലൊന്ന് വെള്ളച്ചാട്ടത്തില്‍ വീണു ചത്തതോടെയാണ് ആനയാടി കുത്ത് എന്ന പേരു വന്നതെന്നാണ് ഐതിഹ്യം.
കമ്പകക്കാനം, നെയ്കുത്തനാല് എന്നീ സ്ഥലങ്ങളിലൂടെ ഒഴുകിയെത്തുന്ന തോടിന്റെ താഴെയുള്ള വെള്ളച്ചാട്ടം ആണിത്. വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്തു കൂടി ജനങ്ങള്‍ക്ക് നടക്കാന്‍ കോണ്‍ക്രീറ്റ് പാലമുണ്ട്. വെള്ളച്ചാട്ടത്തിനു സമീപത്തായി കുരങ്ങുകളും പല തരം പക്ഷികളുമുണ്ട്. മനോഹരമായ പാറക്കൂട്ടങ്ങളും നീണ്ടുനിവര്‍ന്നു കിടക്കുന്ന പാറകളും കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. വെള്ളച്ചാട്ടത്തില്‍ പല വര്‍ണത്തിലുള്ള മത്സ്യങ്ങളും ഉണ്ട്. കുളിര്മയേകുന്ന കാഴ്ചകള്‍ക്കൊപ്പം അപകടം നിറഞ്ഞ ഭാഗങ്ങളും ഇവിടെയുണ്ട്.
https://www.facebook.com/Malayalivartha