പിണറായി രക്ഷ തേടുന്നു സിപിഎം ചാരമാകുന്നു. യെച്ചൂരിയുടെ കൈപൊള്ളി അമര്‍ഷം അണപൊട്ടി.

നേതാക്കളെ വെട്ടിലാക്കുന്ന
അണികള്‍ :
സിപിഎം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്ക്കുന്നതായാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. പാര്‍ട്ടിയെ ഏത് വഴിക്കാണ് നയിക്കുന്നതെന്ന ചോദ്യം എല്ലാ മേഖലകളില്‍ നിന്നും ഉയരുകയാണ്. കാരണം വിഭാഗീയതുടെ കാലത്തുണ്ടായ പ്രതിസന്ധിയില്‍ പാര്‍ട്ടി അംഗങ്ങളെയും ബന്ധുക്കളെയും മാത്രം കാര്യങ്ങള്‍ ധരിപ്പിച്ചാല്‍ മതിയെന്ന അവസ്ഥയാണ്. എന്നാലിപ്പോള്‍ അതല്ല ഭരണ അഴിമതിയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതും ഒരു സ്ഥലത്തു നിന്നുമല്ല കേരളത്തിലെ മുഴുവന്‍ മേഖലകളെയും പിടിച്ചു കുലുക്കുന്ന തരത്തില്‍ ഭരണ അഴിമതി വ്യാപിക്കുകയാണ്. പ്രതിപക്ഷം ഇത്തരം അഴിമതികള്‍ പുറത്തു കൊണ്ടു വന്നപ്പോഴൊക്കെ സിപിഎം ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിച്ചിട്ടുണ്ട്. അഴിമതികളെ പരമാവധി വെള്ളപൂശി സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇവിടെ ഗവര്‍ണറാണ് സര്‍ക്കാരിന്റെ ഓരോ അഴിമതികളും ചുരണ്ടി പുറത്തു കൊണ്ടു വരുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയ്ക്ക് എളുപ്പത്തില്‍ ഊരിപോവുക സാധ്യമല്ല. അതിനേക്കളുപരി പാര്‍ട്ടി അണികള്‍ക്ക് നഷ്ടപ്പെട്ട ആത്മവീര്യം വീണ്ടെടുക്കലാണ് ആദ്യമായി പാര്‍ട്ടി ഏറ്റെടുക്കേണ്ടതെന്നാണ് പല നേതാക്കളുടെയും അഭിപ്രായം. കത്ത് വിവാദത്തിലും , സര്‍വ്വകലാശാല വിഷയത്തിലും നേതാക്കളുടെ ഭാഗത്ത് നിന്ന് കാതലായ മറുപടികള്‍ ഉണ്ടാകാത്തതിലും മുഖ്യമന്ത്രി മൗനം പാലിക്കുന്നതിലും അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്. പത്രസമ്മേളനങ്ങളില്‍ സ്ഥിരമായി മുഖ്യമന്ത്രി കാണിക്കുന്ന ധാര്‍ഷ്ട്യത്തിനെതിരെയും ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. പഴകി ദ്രവിച്ച അത്തരം വാക്കുകള്‍ക്കൊന്നും പ്രസക്തിയില്ലെന്നും, നേരത്തെ അങ്ങയുടെ വായില്‍ നിന്ന് അത് കേള്‍ക്കുമ്പോള്‍ ആവേശം അണപൊട്ടിയിരുന്നെന്നുമാണ് അണികളുടെ വാട്‌സ്പ്പ് ഗ്രൂപ്പുകളില്‍ പടരുന്നത്. അതു കൊണ്ട് സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാതെ ഒളിച്ചോടുന്ന പിണറായി വിജയനെയല്ല ജനം പ്രതീക്ഷിക്കുന്നത്. വിവാദമായ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ മറുപടി പറയാതെ ഒഴിഞ്ഞു മാറുന്നതിനെ കുറിച്ച് നാളിതുവരെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തിരുന്നില്ല. ചുരുക്കത്തില്‍ അസ്വസ്ഥരായി കഴിഞ്ഞിരുന്ന ഒരു കൂട്ടം ഇപ്പോള്‍ സഹികെട്ട് പിണറായിയുടെ ഏകാധിപത്യത്തിനെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഫെയ്‌സ് ബുക്ക് പോലുള്ള സോഷ്യയല്‍ മീഡിയയില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ തയ്യാറായിട്ടില്ല. സമാന ചിന്താഗതിക്കാരായ പാര്‍ട്ടി വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. സന്ദേശങ്ങളില്‍ പലതും ചോര്‍ന്ന് സക്രീന്‍ ഷോട്ടുകളായി പുറത്തു വന്നിട്ടുണ്ട്. താഴെ തട്ടിലുള്ള പ്രവര്‍ത്തകന്റെ വികാരങ്ങള്‍ മാനിക്കാതെ പാര്‍ട്ടി ഒരു കൂട്ടം കണ്ണൂര്‍ നേതാക്കളുടെ കൈകളില്‍ അമിര്‍ന്നിരിക്കുകയാണെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. കണ്ണൂര്‍ ലോബി പിടിമുറുക്കിയതില്‍ അണികള്‍ക്ക് എതിര്‍പ്പില്ലായിരുന്നു. എന്നാലിപ്പോള്‍ ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും പാര്‍ട്ടിയെ ഒരു പ്രത്യേക സാഹചര്യത്തില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.
തിരുവന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയ കത്ത് പുറത്ത് പോയതിന്റെ ആദ്യത്തെ ഉത്തരവാദി ജില്ല സെക്രട്ടറി തന്നെയെന്നാണ് സാധാരണ പ്രവര്‍ത്തകര്‍ പറയുന്നത്.
വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ആനാവൂര്‍ ആ കത്ത് അതേപടി വാട്‌സ് ആപ്പ് ഗ്രൂപ്പികളിലേയ്ക്ക് അയയ്ക്കാന്‍ പാടില്ലായിരുന്നു. അതിന്റെ സാരംശം മാത്രമായിരുന്നെങ്കില്‍ ഈ വിവാദങ്ങളൊക്കെ ഒഴിവാക്കാമായിരുന്നു. ജില്ല സെക്രട്ടറിയ്ക്കും അദ്ദേഹത്തിന്റെ സ്റ്റാഫുകള്‍ക്കും സോഷ്യല്‍ മീഡിയ പരിശീലനം അടിയന്തിരമായി നല്‌കേണ്ടതാണെന്നും ആവശ്യപ്പെടുന്നവരുണ്ട്. പ്രിയ വര്‍ഗ്ഗീസിന്റെ നിയമന കാര്യത്തില്‍ വിവാദങ്ങള്‍ തലപൊക്കിയപ്പോള്‍ തന്നെ സര്‍ക്കാര്‍ തലയൂരിയിരുന്നെങ്കില്‍ ഇത്രയും വലിയ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു. ഗവര്‍ണറുമായിട്ട് തുടങ്ങിയ ശീതസമരം യുദ്ധത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നാളിതുവരെ ഗവര്‍ണര്‍ക്ക് മാത്രമാണ ്‌വിജയം കിട്ടിയിട്ടുള്ളത്. സര്‍ക്കാര്‍ തോറ്റ് തുന്നം പാടുന്ന അവസ്ഥയുണ്ടായാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി കസേര ഒഴിയേണ്ടി വരും, ഇപ്പോളിതാ മന്ത്രമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് വിഷയം ഗവര്‍ണര്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടു വന്നിരിക്കുകയാണ്. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ആശയകുഴപ്പം സൃഷ്ടിച്ചു കൊണ്ടാണ് ഗവര്‍ണര്‍ ആ വിഷയത്തില്‍ നിലപാടെടുത്തിരിക്കുന്നത്. പാര്‍ട്ടിയുടെ താഴെതട്ടിലുള്ള അണികളില്‍ എത്രപേര്‍ മന്ത്രമന്ദിരങ്ങള്‍ കയറുന്നുണ്ടെന്ന ചോദ്യം പ്രസക്തമായി പ്രചരിക്കുകയാണ്. താല്കാലിക ജോലികള്‍ നക്കാപിച്ചയായി സജീവ പ്രവര്‍ത്തകര്‍ക്ക് വെച്ച് നീട്ടുമ്പോള്‍ നേതാക്കളുടെ കുടുംബങ്ങള്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലികള്‍ സ്വന്തമാക്കുന്നതായും പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ട് മനസിലാക്കി കൊണ്ടിരിക്കുകയാണ്.
കത്ത് വിവാദവും , നിയമന വിവാദവും , സര്‍ക്കാര്‍ ഗവര്‍ണര്‍ പോരും രൂക്ഷമായതോടെ കേരളത്തില്‍ സര്‍ക്കാരിനും സിപിഎംനും നിക്കക്കള്ളിയില്ലാത്ത അവസ്ഥയായി. നേതാക്കള്‍ മാധ്യമങ്ങളുടെ മുന്നില്‍ വരുന്നതു പോലുമില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ കഴിയാതെ മാറി നടക്കുന്ന ഒരു കാലം സിപിഎം ന് മുന്‍പ് ഉണ്ടായിട്ടില്ല. ജോലിക്കാരെ ആവശ്യപ്പെട്ടു കൊണ്ടുള്ള മേയറുടെ കത്ത് വിവാദത്തിന് പിന്നാലെയെത്തിയ മറ്റ് കത്തുകളും കൂടിയായപ്പോള്‍ പാര്‍ട്ടിയ്ക്ക് പ്രതിരോധിക്കാനുള്ള ശേഷിയില്ലാതായി. എല്ലാവര്‍ക്കും അറിയുന്ന സത്യാവസ്ഥകളെ ഇനി എത്ര ന്യായീകരിച്ചാലും പാര്‍ട്ടി ഭാഷ്യമാക്കാന്‍ കഴിയില്ലെന്ന് സഖാക്കള്‍ മനസിലാക്കിയാണ് ഉള്‍വലിഞ്ഞിരിക്കുന്നത്. കത്തിന് പിന്നാലെ സര്‍വ്വകലാശാല വിഷയത്തില്‍ വന്നു കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ തോല്‍വികള്‍ എല്ലാം പാര്‍ട്ടിയേയും സര്‍ക്കാരിനേയും തിരിഞ്ഞു കുത്തുകയാണ്.
രാജ് ഭവന്‍ വളഞ്ഞ് നാണം കെട്ടതും പല വിവരങ്ങളോടും അണികളോട് വിശദീകരിക്കാന്‍ കഴിയാതെ വരുന്നതും സിപിഎം നെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അതിന്റെ വിഭാഗീയത കാലത്ത് അനുഭവിക്കാത്ത അതിരൂക്ഷമായി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തുടര്‍ഭരണം കിട്ടിയതോടെ പാര്‍ട്ടി നേതാക്കളില്‍ വളര്‍ന്നു വന്ന അഴിമതിയും സ്വജന പക്ഷപാതവും സാധാരണ പ്രവര്‍ത്തകന്റെ മനോവീര്യം തകര്‍ത്തു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ പ്രധാനപ്പെട്ട പോസ്റ്റുകളില്‍ നിയമിക്കാനായി നടത്തുന്ന ചക്കളത്തില്‍ പോരാട്ടം അണികള്‍ക്ക് മനസിലായി തുടങ്ങിയിരിക്കുകയാണ്. സാധാരണ പാര്‍ട്ടി കമ്മിറ്റികളില്‍ വിശദീകരണം നല്കുന്ന ഉപരികമ്മിറ്റി നേതാക്കളും ആശയകുഴപ്പത്തിലാണ്. കാരണം പാര്‍ട്ടി രഹസ്യങ്ങള്‍ ഇത്രത്തോളം പരസ്യ വിഴുപ്പലക്കിന് വിധേയമായ കാലവും മറ്റൊന്നില്ല. ഭരണത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം ഇല്ലാതായതിനെ കുറിച്ചാണ് മറ്റൊരു വിഭാഗം വിമര്‍ശിക്കുന്നത്. പിണറായി വിജയന്റെ ഇഷ്ടമനുസരിച്ചുള്ള കാര്യങ്ങളാണ് സര്‍ക്കാരില്‍ നടക്കുന്നത്. അല്ലാതെ പാര്‍ട്ടിയുടെ കൂട്ടായ തീരുമാനം അതിന് പിന്നിലില്ല. പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമുണ്ടായിരുന്നെങ്കില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിന്റെ അപരാധവും പിന്നീടത് തിരുത്തിയതിന്റെ നാണക്കേടും ഒഴിവാക്കമായിരുന്നു.ഇതെല്ലാം പാര്‍ട്ടിയുടെ വിവധ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാനായി കാത്തിരിക്കുകയാണ് അണികളെന്ന സൂചനയാണ് നല്കുന്നത്. പൊതുജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന അത്ര എളുപ്പമാവില്ല പാര്‍ട്ടി പ്രവര്‍ത്തകരെ കയ്യിലെടുക്കുക. പാര്‍ട്ടി നടത്തിയിട്ടുള്ള താല്കാലിക നിയമനങ്ങളുടെ ലിസ്റ്റ് എടുക്കുന്നതിന് ലോക്കല്‍, ഏര്യാകമ്മിറ്റികളില്‍ ആരംഭിച്ചിട്ടുണ്ട്. ഈ ലിസ്റ്റിന്റെ വെളിച്ചത്തിലാവും അടുത്ത കമ്മിറ്റികള്‍ കൂടുകയെന്നാണറിയുന്നത്. നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും നല്കിയ നിയമനങ്ങള്‍ കണ്ടെത്തിയാവും ചര്‍ച്ചകള്‍ ഉയരുക. ഒരോ നിയമനത്തിനും സ്ഥാപന മേലധികാരിക്ക് പാര്‍ട്ടി കത്ത് നല്കാറുണ്ട്. അങ്ങനെ നല്കിയ നിയമനങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കത്ത് നല്കിയ നേതാക്കളും അതിനനുസരിച്ച് നിയമനം നല്കിയ സ്ഥാപന മേലധികാരികളും പാര്‍ട്ടി യോഗങ്ങളില്‍ വലിയ രീതിയില്‍ വിശദീകരിക്കേണ്ടി വരും. പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി എതിര്‍പ്പുള്ള വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ പറ്റിയ നേതാക്കളോ സംവിധാനങ്ങളോയില്ലായെന്നുള്ളതാണ് മറ്റെരു വസ്തുത.
എല്ലാവരും പിണറായിയുടെ ആധിപത്യത്തിന് കീഴില്‍ നിന്ന് എതിര്‍ക്കാന്‍ ഭയക്കുന്നതായാണ് ആരോപണമുയരുന്നത്. ചുരുക്കത്തില്‍ സിപിഎം ഇനി പൊതുജനങ്ങളെ വിശ്വസിപ്പിക്കുന്നതു പോലെ പാര്‍ട്ടി പ്രവര്‍ത്തകരെയും അണികളെയും വിശ്വസിപ്പിക്കാന്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്.
https://www.facebook.com/Malayalivartha