ഇടതു പക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന വാചകം അറം പറ്റുന്ന തരത്തിലാണ് കേരള സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും പോക്ക്. കേരളത്തിലെ സകല മേഖലയും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നിട്ടും മന്ത്രിമാരുടെ ധൂര്‍ത്തിനും ആഡംബരത്തിനും ഒരു കുറവും വരുന്നില്ല.

ഇടതു പക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന വാചകം അറം പറ്റുന്ന തരത്തിലാണ് കേരള സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും പോക്ക്. കേരളത്തിലെ സകല മേഖലയും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണ്. എന്നിട്ടും മന്ത്രിമാരുടെ ധൂര്‍ത്തിനും ആഡംബരത്തിനും ഒരു കുറവും വരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ഡി എയുടെ രണ്ട് ഘട്ടം നല്കാനുണ്ട്. ഇത് ഇത് തന്നെ ആയിരത്തഞ്ഞൂറ് കോടിയിലേറെ രൂപ വരും. അതിനിടയ്ക്കാണ് കോളെജ് അധ്യാപകര്‍ക്ക് കേന്ദ്രം നല്കുന്ന ശമ്പള കുടിശികയിനത്തില്‍ നല്കാനുള്ള 750 കോടി രൂപയും നഷ്ടപ്പെടുത്തിയെന്ന വിവരം പുറത്തു വരുന്നത്. കേന്ദ്രസര്‍ക്കാരിനെ കുറ്റംപറഞ്ഞ് പാഴാക്കുന്ന സമയത്ത് ഉദ്യോഗസ്ഥരെ കൊണ്ട് പണിയെടുപ്പിക്കാനുള്ള നടപടി നടത്തിയിരുന്നെങ്കില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ളതെല്ലാം ക്യത്യമായി കിട്ടുമായിരുന്നെന്ന അഭിപ്രായമാണ് ഉയരുന്നത്.
ഇക്കൊല്ലത്തെ സംസംഥാന ബജറ്റാണെങ്കിലോ പൂര്‍ണ്ണമായും കോമഡിയാണ്. മുഖ്യനും അദ്ദേഹത്തിന്റെ വേണ്ടപ്പെട്ടവര്‍ക്കും ബജറ്റില്‍ കോടികള്‍ വാരികോരി നല്കിയപ്പോള്‍ സാധാ എംഎല്‍എ മാരുടെ മണ്ഡലത്തില്‍ പത്ത് കോടിക്കകത്തുള്ള തുക മാത്രമേ മാറ്റി വെച്ചിട്ടുള്ളൂ എന്നും കാണാം. വികസനത്തിലെ ക്രിയാത്മകമായ ഇടപെടലോ കടം തീര്‍ക്കുന്നതിനുള്ള നടപടികളോ ബജറ്റിലില്ല. ദൈനംദിന ചിലവുകള്‍ നടത്തി കൊണ്ട് പോകാനുള്ള പണം എത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളാകട്ടെ പൊതുജനത്തിന് ഇരട്ടി ബാധ്യതയുമായി മാറും.
സംസ്ഥാനത്തെ കോളജ്, സര്‍വകലാശാലാ അധ്യാപകര്‍ക്കു നല്‍കേണ്ട ശമ്പളക്കുടിശികയിലെ കേന്ദ്രവിഹിതമായ 750 കോടി രൂപ സംസ്ഥാനത്തിന്റെ അനാസ്ഥമൂലം നഷ്ടപ്പെട്ടതായഉള്ള വിവരാവകാശ രേഖയാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.. അതേസമയം, പ്രപ്പോസല്‍ കൃത്യസമയത്തു സമര്‍പ്പിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാരും വാദിക്കുന്നുണ്ട്. 2016ലെ കേന്ദ്ര ശമ്പള കമ്മിഷന്‍ നിര്‍ദേശപ്രകാരമുള്ള യുജിസി ശമ്പളം സംസ്ഥാന സര്‍വകലാശാലകളിലെയും അവയ്ക്കു കീഴിലുള്ള കോളജുകളിലെയും അധ്യാപകര്‍ക്ക് അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത് 2019 ജൂണിലാണ്. 2016 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ശമ്പള വ്യത്യാസമാണു കുടിശിക ആയിരിക്കുന്നത്.
കുടിശിക അനുവദിക്കുന്നതിനുള്ള പ്രപ്പോസല്‍ 2022 മാര്‍ച്ച് 31നു മുന്‍പു നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24നും മാര്‍ച്ച് 10നും സംസ്ഥാനങ്ങള്‍ക്കു കത്തയച്ചിരുന്നു. 2018ല്‍ നല്‍കേണ്ട പ്രപ്പോസലിന്റെ കാലാവധിയാണ് ഇത്തരത്തില്‍ 2022 മാര്‍ച്ച് വരെ നീട്ടിയത്. എന്നാല്‍, പലതവണ തീയതി നീട്ടി നല്‍കിയിട്ടും കൃത്യവും വ്യക്തവുമായ പ്രപ്പോസലുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ 50% വിഹിതം അനുവദിക്കാന്‍ കഴിയില്ലെന്നു 2022 ജൂലൈ 27ന് കേരളം അടക്കമുള്ള 22 സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയ കത്തില്‍ വ്യക്തമാക്കി.
അതേസമയം, 2019 ഏപ്രിലിലും 2020 ജൂണിലും 2022 മാര്‍ച്ചില്‍ രണ്ടു തവണയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു പ്രപ്പോസലുകള്‍ നല്‍കിയിരുന്നതായി നിയമസഭയില്‍ എംഎല്‍എമാരുടെ ചോദ്യത്തിനു മറുപടിയായി വകുപ്പു മന്ത്രി ആര്‍.ബിന്ദു പറഞ്ഞിട്ടുണ്ട്.
ഇതിനിടെ, ശമ്പളക്കുടിശിക അധ്യാപകരുടെ വ്യക്തിഗത ജിപിഎഫിലേക്ക് അടയ്ക്കുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചതായും തുക 2023 ജനുവരി, ജൂലൈ, 2024 ജനുവരി, ജൂലൈ മാസങ്ങളില്‍ ജിപിഎഫില്‍നിന്നു പിന്‍വലിക്കാവുന്നതാണെന്നും 2020 മേയ് 5ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്. ഇതനുസരിച്ച് ആണെങ്കില്‍ കഴിഞ്ഞ ജനുവരി മുതല്‍ അധ്യാപകര്‍ക്ക് ആദ്യഗഡു പിന്‍വലിക്കാം.
എന്നാല്‍, കേന്ദ്രവിഹിതം ലഭിക്കാത്തതും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചം അല്ലാത്തതും പരിഗണിച്ച് ഈ തീരുമാനം മാറ്റിവയ്ക്കുകയാണെന്നു ജനുവരി 21നു ധനവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്രവിഹിതം ലഭിച്ചോ എന്നു വ്യക്തമല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ ശമ്പളക്കുടിശിക വിതരണം ചെയ്തതായി കോളജ് അധ്യാപകര്‍ പറയുന്നു. കേരളത്തില്‍ മാത്രമാണിനി ശമ്പള കുടിശിക നല്കാനുള്ളത്. എന്നാല്‍ ശമ്പള കുടിശിക നല്‍കാന്‍ കഴിയില്ലെന്ന കഴിഞ്ഞ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ പറഞ്ഞിരുന്നു. അപ്പോഴും കേന്ദ്രത്തിന്റെ ഫണ്ട് കിട്ടിയില്ലെന്ന വാദമാണ് അവര്‍ ഉയര്‍ത്തിയത്. എന്നാല്‍ കേന്ദ്രം നല്കിയ മുന്നറിയിപ്പുകളൊന്നും അംഗീകരിക്കുകയോ, നിയമപ്രകാരമുള്ള രീതിയില്‍ പ്രൊപ്പോസല്‍ തയ്യാറാക്കി അയയ്ക്കുകയോ ചെയ്തിട്ടില്ലെന്ന വിവരം അവര്‍ മറച്ചു വെയ്ക്കുകയും ചെയ്തു.
കോളെജ് അധ്യാപകരുടെ അവസ്ഥ തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വന്നു ചേര്‍ന്നിരിക്കുന്നത്. കൂടുതല്‍ തുക വായ്പായിയ ലഭിക്കാത്തിടത്തോളം കാലം സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്ക് തികച്ചും ദാരിദ്രമായിരിക്കും. ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കാതിയിട്ട് എട്ടു മാസമായി. ഇനി പെന്‍ഷന്‍ കൊടുക്കണമെങ്കില്‍ ബജറ്റില്‍ കൂട്ടിയ നികുതികളുചെ വിഹിതം സര്‍ക്കാരിലെത്തണം. അതിന് ഇനിയും മാസങ്ങള്‍ കാത്തിരിക്കണം. അതുവരെ വികസന കാര്യങ്ങളിലും മെല്ലേപോക്ക് തുടരും. യാതൊരു മാനേജ് മെന്റ് വൈദഗ്ദ്ധ്യവുമില്ലാതെയാണ് കൂടുതല്‍ കൂടുതല്‍ ബാധ്യതയിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങി കൊണ്ടിരിക്കുന്നത്. അപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരെ സംര്കഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക താലപര്യവും കാണിക്കുന്നതാണ് വിചിത്രം.
യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത് ജെറോമിന് ശമ്പളം അന്‍പതിനായിരം രൂപയില്‍ നിന്ന് ഒരുലക്ഷമാക്കിയതും. അത് മുന്‍കാല പ്രാബല്യത്തോടെ നല്കിയതും ഈ സാമ്പത്തിക പരാധീനതകള്‍ക്കിടയിലാണെന്ന് ഓര്‍ക്കേണ്ടതാണ്. മന്ത്രിസഭായോഗത്തിന് ശേഷം മാസംതോറും മന്ത്രിമാരുടെ കുടുംബവിരുന്ന് നടത്തുന്നതിനും പൊടിക്കുന്നത് ല്കഷങ്ങളാണ്. മന്ത്രിമാരുടെയോ നേതാക്കളുടെയോ ശമ്പളത്തില്‍ നിന്നെടുക്കാതെ എല്ലാം സര്‍ക്കാര്‍ ചിലവില്‍ തിന്ന് മുടിക്കുന്ന അവസ്ഥയിലാണെത്തി നില്ക്കുന്നത്.
കോളെജ് സര്‍വ്വകലാശാല അധ്യാപകരുടെ ശമ്പള കുടിശിക അവതാളത്തിലായതു പോലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിലും സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണ്.സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികളുടെ കണക്കെടുപ്പുപ്രകാരം ആറായിരത്തിലേറെ പുതിയ അധ്യാപക തസ്തികകള്‍ വേണ്ടിവരുമെന്നു കണക്കുകൂട്ടുന്നത്. കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം നടപ്പില്‍ വരുത്തിയില്ലെങ്കില്‍ സ്‌കൂള്‍ വിദ്യ്ാഭ്യാസത്തിനുള്ള കേന്ദ്രഫണ്ടും നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നത് 38,32,395 കുട്ടികള്‍. ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷങ്ങളിലായി 7,69,713 വിദ്യാര്‍ഥികളും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 59,030 വിദ്യാര്‍ഥികളുമുണ്ട്. ആകെ 46,61,138 വിദ്യാര്‍ഥികള്‍. 2 മുതല്‍ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികള്‍ പുതുതായി ചേര്‍ന്നു.
അതേസമയം, അധികമായി വേണ്ടിവരുന്ന അധ്യാപക തസ്തികകളുടെ എണ്ണം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇതു നിര്‍ണയിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നു മന്ത്രി വി.ശിവന്‍കുട്ടി പറയുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നാഴ്ചയ്ക്കകം അന്തിമ തീരുമാനമുണ്ടാകുമെന്നാണു സൂചന.കേന്ദ്രം നിര്‍ദ്ദശിക്കുന്ന തരത്തിലല്ലാതെ സംസ്ഥാനത്തിന് മാത്രമായി ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്ന സാഹചര്യമാണ് നിലവില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഭരണപരമായ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍.
ബജറ്റില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് അധികഭാരം നല്‍കി പ്രതിവര്‍ഷം 750 കോടി രൂപ നേടാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരിക്കുന്നത്.എന്നാല്‍ സംയോജിത ചരക്ക്, സേവന നികുതി വഴി സര്‍ക്കാര്‍ പ്രതിവര്‍ഷം നഷ്ടപ്പെടുത്തുന്നത് 5000 കോടി രൂപ. ഐജിഎസ്ടി റിട്ടേണുകള്‍ ഘടനാപരമായി പരിഷ്‌കരിക്കാത്തതിനാല്‍ 5 വര്‍ഷത്തിനിടെ സംസ്ഥാനത്തിനു ശരാശരി 25,000 കോടി രൂപയുടെ നഷ്ടമുണ്ടായതായതായി എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
റിട്ടേണ്‍ പരിഷ്‌കരിക്കേണ്ട രീതികളും ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കേണ്ട വിഷയങ്ങളും വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് ബജറ്റിനൊപ്പം നിയമസഭയില്‍ അവതരിപ്പിക്കാതിരുന്ന സര്‍ക്കാര്‍ നിലപാട് ഇതോടെ സംശയ നിഴലിലായി. ഒന്നര വര്‍ഷം വൈകി 2022 സെപ്റ്റംബര്‍ 16നാണ് എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റിയെ നിയമിച്ചത്. ഡിസംബര്‍ 5നു റിപ്പോര്‍ട്ട് നല്‍കി. ഉപഭോക്തൃ സംസ്ഥാനമായിട്ടും ഐജിഎസ്ടി വഴി കിട്ടേണ്ട പണം കിട്ടുന്നില്ലെന്നു കമ്മിറ്റി പ്രധാന വിഷയമായി ചൂണ്ടിക്കാട്ടി. ചരക്കുകളുടെയും സേവനങ്ങളുടെയും സംസ്ഥാനാന്തര വിതരണത്തിന് ഐജിഎസ്ടി ബാധകമാണ്. ഇതു കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യമായാണു വീതിക്കുന്നത്. ചരക്കുകളും സേവനങ്ങളും ലഭിക്കുന്ന സംസ്ഥാനത്തിന് ഐജിഎസ്ടിയുടെ സംസ്ഥാന ഭാഗം നല്‍കും. ബാക്കി കേന്ദ്രത്തിനു ലഭിക്കും.
ഉപഭോക്തൃ സംസ്ഥാനമായതിനാല്‍ എവിടെ ഉല്‍പാദനവും മൂല്യവര്‍ധനയും നടന്നാലും നികുതി കേരളത്തിനു കിട്ടണം. ഇതര സംസ്ഥാനങ്ങളില്‍ നിര്‍മിച്ചു കേരളത്തില്‍ വിറ്റ ഒരു ഉല്‍പന്നത്തിന് 2000 രൂപ നികുതി കൊടുത്താല്‍ 1000 രൂപ വീതം കേരളത്തിനും കേന്ദ്രത്തിനും ലഭിക്കണം. ഫാക്ടറികള്‍ മറ്റു സംസ്ഥാനങ്ങളിലായതിനാല്‍ അവിടെയുള്ള ഉല്‍പാദകനാണ് ഉപഭോക്താവ് നികുതി നല്‍കുന്നത്. അവര്‍ ഐജിഎസ്ടി അക്കൗണ്ടിലേക്ക് ഇതു കൈമാറുമ്പോള്‍ 1000 രൂപ കേന്ദ്രത്തിനു ലഭിക്കും.
ശേഷിക്കുന്ന 1000 രൂപ കേരളത്തിനു കിട്ടണമെങ്കില്‍ കേന്ദ്രം കൈമാറണം. അതിനായി, ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ഡീലര്‍മാരും മറ്റും ഉല്‍പന്നം വാങ്ങിയതിന്റെ വിവരങ്ങള്‍ വിശദമാക്കണം. വിവരങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നു കൃത്യമായി പരിശോധിക്കാന്‍ സംവിധാനം വേണമെന്നു കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചിരുന്നെങ്കില്‍ അതിന്റെ കൂടി അടിസ്ഥാനത്തില്‍ ധനമന്ത്രിക്കു ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു പരിഹാരത്തിനു ശ്രമിക്കാമായിരുന്നു.
കേന്ദ്രത്തിന് ഐജിഎസ്ടി വിഹിതം കൃത്യമായി കിട്ടുന്നതിനാല്‍ നഷ്ടമില്ല. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം ഒഴിവാകും. ഇതിനായി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ഡീലര്‍മാരെയും മറ്റും ബോധവല്‍ക്കരിച്ചു സംസ്ഥാന വിഹിതം നേടിയെടുക്കാന്‍ ഗൗരവപൂര്‍ണമായ ശ്രമം വേണമെന്ന് സാമ്പത്തികവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. റിട്ടേണ്‍ ഫോമില്‍ ഇതനുസരിച്ചുള്ള മാറ്റം വരുത്താന്‍ ജിഎസ്ടി കൗണ്‍സിലില്‍ വാദിക്കണമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ജിഎസ്ടി യ്ക്ക് കേരളത്തില്‍ നാളിതുവരെയും ശരിയായ രൂപരേഖയുണ്ടാക്കിയിട്ടില്ലെന്നതും വിചിത്രമാണ്. ഇത്തവണ ബജറ്റില്‍ ജിഎസ്ടി പരിഷ്‌കാരത്തിന് തുക അനുവദിച്ചിട്ടുണ്ട്.
കിട്ടാനുള്ളതൊല്ലാം നേടിയെടുക്കാന്‍ അവസരങ്ങള്‍ പലതുണ്ടായിട്ടും കേന്ദ്രത്തിനെ തെറിപറഞ്ഞ് ആസ്വദിക്കുന്ന പതിവ് ശൈലിയില്‍ നിന്ന് മാറാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നതാണ് കടുത്ത പ്രതിഷേധത്തിടയാക്കുന്നത്.
https://www.facebook.com/Malayalivartha