മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട പോലീസുകാരിയെ വിവാഹം ചെയ്യാൻ ഒരുക്കങ്ങൾ തകൃതിയാക്കി: മഹേഷിന്റെ വൈകൃതങ്ങൾ മനസ്സിലാക്കിയതോടെ വിവാഹത്തിൽ നിന്ന് പിന്മാറിയത് വൈരാഗ്യത്തിന് കാരണമായി: മുടങ്ങി പോകാൻ കാരണക്കാരൻ നീ തന്നെയെന്ന അമ്മയുടെ കുറ്റപ്പെടുത്തൽ ചൊടിപ്പിച്ചു: ഇതിനിടെ മറ്റൊരു സ്ത്രീയുമായി അടുപ്പം: മകളുമായി ബീച്ചിൽ പോയ ശേഷം വിദ്യയുടെ മാതാപിതാക്കളെ ഫോൺ വിളിച്ചു: അവിടേയ്ക്ക് ഉടൻ എത്തുമെന്ന് പറഞ്ഞ് അവസാനിപ്പിച്ച ആ കോളിന് പിന്നാലെ നക്ഷത്രയെ പത്തിയൂരിലെ വീട്ടിൽ എത്തിച്ചത്, വെള്ള പുതപ്പിച്ച്...

മാവേലിക്കര പുന്നമ്മൂട്ടിൽ ആറു വയസ്സുള്ള മകളെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് മനസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ. മകളെ കൊലപ്പെടുത്തിയതു ശ്രീമഹേഷ് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയ ശ്രീമഹേഷിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടം രോഷം പ്രകടിപ്പിച്ചു. അവരോട്, ‘ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ’ എന്നാണു ശ്രീമഹേഷ് പ്രതികരിച്ചത്. സംഭവ ദിവസം നക്ഷത്രയുമായി ബീച്ചിൽ പോയ ശ്രീമഹേഷ് , മരിച്ചുപോയ ഭാര്യ വിദ്യയുടെ വീട്ടിലേക്കു അവിടെ വച്ച് ഫോൺ വിളിച്ചിരുന്നു.
നക്ഷത്രയുമായി സംസാരിച്ചപ്പോൾ അടുത്തദിവസം പത്തിയൂരിലെ വീട്ടിലേക്കു വരാമെന്നു പറഞ്ഞാണു ഫോൺ വച്ചതെന്നു വീട്ടുകാർ പറഞ്ഞു. ഭാര്യ വിദ്യ മരിച്ചതിനു ശേഷം മകൾ നക്ഷത്രയ്ക്കൊപ്പം പുന്നമ്മൂട് ആനക്കൂട്ടിൽ വീട്ടിലായിരുന്നു ശ്രീമഹേഷ് താമസിച്ചിരുന്നത്. ആദ്യം ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഏതാനും നാളുകളായി സമീപത്തു തന്നെ മറ്റൊരു മകളുടെ വീട്ടിലാണു താമസം. ദിവസവും വൈകിട്ടു മകളുമായി സ്കൂട്ടറിലോ കാറിലോ ശ്രീമഹേഷ് സവാരിക്കിറങ്ങുമായിരുന്നു. മകളുമായി ശ്രീമഹേഷിന് ഏറെ അടുപ്പമായിരുന്നെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രീമഹേഷ് തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നക്ഷത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മഴു പുന്നമ്മൂട് സ്വദേശിയെക്കൊണ്ടു ശ്രീമഹേഷ് ഉണ്ടാക്കിച്ചത് വീട്ടിലെ മരം മുറിയ്ക്കാനെന്ന് പറഞ്ഞായിരുന്നു. പ്രതി കൊലപാതകം ആസൂത്രണം ചെയ്തിരുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണു പൊലീസിന്റെ നിഗമനം.
5 വർഷത്തിനിടെ 3 ദുരന്തങ്ങളാണു കുടുംബത്തെ ദുഃഖത്തിലാക്കിയത്. ആദ്യം ശ്രീമഹേഷിന്റെ പിതാവ് ശ്രീമുകുന്ദൻ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചിരുന്നു. വീട്ടിലെത്തിയ ബന്ധുവിനെ ട്രെയിനിൽ കയറ്റി വിടാൻ സ്റ്റേഷനിലെത്തി മടങ്ങവേ ശ്രീമുകുന്ദൻ മറ്റൊരു ട്രാക്കിലൂടെയെത്തിയ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.
പിന്നീടാണു ശ്രീമഹേഷിന്റെ ഭാര്യ വിദ്യ വീടിനുള്ളിൽ ജീവനൊടുക്കിയത്. ശ്രീമഹേഷിന്റെ ക്രൂരമായ പീഡനം മൂലമാണു വിദ്യ ജീവനൊടുക്കിയതെന്നു നാട്ടുകാർ പറയുന്നു. അമ്മയുടെ മരണത്തിനു ശേഷം ഒന്നര വർഷത്തിനുള്ളിൽ മകൾ നക്ഷത്ര പിതാവിന്റെ കൈയാൽ കൊല്ലപ്പെട്ടതോടെ ആനക്കൂട്ടിൽ വീട്ടിൽ മൂന്നാമത്തെ ദുരന്തവുമെത്തി.
മകളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനാണു പദ്ധതിയിട്ടതെന്നും എന്നാൽ മകളുടെ കഴുത്തു മുറിഞ്ഞു ചോര തെറിച്ചതോടെ ധൈര്യം ചോർന്നു പോയതായും ശ്രീമഹേഷ് പൊലീസിനോടു പറഞ്ഞു. ഭാര്യ നേരത്തെ ആത്മഹത്യ ചെയ്തതിനാൽ പുനർവിവാഹത്തിന് ശ്രമിച്ചിരുന്നു. എന്നാൽ ആലോചനകൾ പലതും മുടങ്ങി. ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന തോന്നൽ ശക്തമായതോടെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.
മകൾ അനാഥയാകുമെന്ന ചിന്തയിൽ മകളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. അതു സാധിച്ചില്ല. സിറ്റൗട്ടിലിരുന്നു ടാബിൽ കളിച്ചിരുന്ന നക്ഷത്രയെ വെട്ടിയശേഷം മഴു കട്ടിലിനടിയിലാണു സൂക്ഷിച്ചിരുന്നത്. പുന്നമ്മൂട്ടിൽ തന്നെയുള്ള ഒരാളെക്കൊണ്ടാണു മഴു ഉണ്ടാക്കിച്ചത്– ശ്രീമഹേഷ് പൊലീസിനോടു പറഞ്ഞു. ശ്രീമഹേഷിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സംഭവസമയത്തു പ്രതി മദ്യപിച്ചിരുന്നതായി ജില്ലാ ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
വിദ്യയുടെ ആത്മഹത്യയ്ക്ക് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ മഹേഷ് തീരുമാനിച്ചിരുന്നു. ഒരു വനിതാ കോൺസ്റ്റബിളുമായി പുനർവിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന് മുന്നോടിയായി വീട് മോടിപിടിപ്പിക്കുകയുമുണ്ടായി. എന്നാൽ, മഹേഷിന്റെ സ്വഭാവം മനസിലാക്കിയ പൊലീസുകാരി ബന്ധത്തിൽ നിന്നും പിന്മാറി. തുടർന്ന് പിന്തുടർന്ന് ശല്യം ചെയ്തപ്പോൾ ഇവർ മഹേഷിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ കേസിൽ അടുത്ത ദിവസം മഹേഷ് ഹാജരാകേണ്ടതായിരുന്നു. വിവാഹം മുടങ്ങിയത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഇന്നലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള കാര്യം മഹേഷ് സമ്മതിച്ചു. മകൾ നക്ഷത്ര, അമ്മ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha