ക്യാപ്ടന്‍ രോഹിത് ശര്‍മ്മയ്ക്ക് പരിക്ക്; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പകരക്കാരനെ ഉൾപ്പെടുത്തിയേക്കും

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യയുടെ ഏകദിന - ടി ട്വന്റി ക്യാപ്ടന്‍ രോഹിത് ശര്‍മ്മയുടെ കൈക്ക് പരിക്കേറ്റു. ഫീല്‍ഡിംഗ് പരിശീലനത്തിനിടെ ത്രോ ഇന്‍ പരിശീലിക്കുമ്ബോഴാണ് രോഹിത്തിന്റെ കൈക്ക് പരിക്കേറ്റതെന്നാണ് ടീമില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഈ മാസം അവസാന വാരം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്ബായി രോഹിത് സുഖം പ്രാപിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ ഇതുവരെയും ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല. ഈ മാസം 26നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ്. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ടെസ്റ്റില്‍ കൊഹ്‌ലി ആയിരിക്കും ഇന്ത്യയെ നയിക്കുക. ജനുവരി 19ന് ആരംഭിക്കുന്ന ഏകദിന പരമ്ബരയ്ക്ക് മുമ്ബെങ്കിലും രോഹിത് പരിക്കില്‍ നിന്നും മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കഴിഞ്ഞ മാസം നടന്ന ഇന്ത്യ എ യുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്രിയങ്ക് പഞ്ചലിനോട് അടിയന്തരമായി മുംബയില്‍ നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാമ്ബില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബി സി സി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്ബരയിലെ ഒരു ടെസ്റ്റില്‍ 96 റണ്‍ അടിച്ച പ്രിയങ്ക് പഞ്ചലിനെ രോഹിത്തിന്റെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതിയിലാണ് ബി സി സി ഐ എന്നാണ് ലഭിക്കുന്ന വിവരം.
രോഹിത്തിന്റെ പരിക്കിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ലെന്നതിനാല്‍ തന്നെ ധൃതി പിടിച്ച് ഒരു തീരുമാനം എടുക്കാന്‍ ബി സി സി ഐയോ സെലക്ടര്‍മാരോ മുതിര്‍ന്നേക്കില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പരിക്കിന്റെ സ്വഭാവം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാകുകയുള്ളൂവെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.
https://www.facebook.com/Malayalivartha
























