റോസ് വാട്ടര്‍ തയ്യാറാക്കാം...റോസാപ്പൂ പോലെ സുന്ദരിയാവാം

റോസ് വാട്ടര്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. അതിരാവിലെ റോസാപ്പൂവിന്റെ ഇതളുകള്‍ ശേഖരിച്ച് നന്നായി കഴുകിയതിനുശേഷം ഒരു വലിയ പാത്രത്തിലാക്കുക. ഈ ഇതളുകള്‍ മൂടാന്‍ പാകത്തിന് വെള്ളം ഒഴിച്ച ശേഷം പാത്രം മൂടി വച്ച് ചെറിയ തീയില്‍ ഈ വെള്ളം തിളപ്പിക്കുക. വെള്ളത്തിന് റോസാപ്പൂവിന്റെ നിറമാകുമ്പോള്‍ തീ അണച്ച ശേഷം വെള്ളം അരിച്ചെടുക്കുക. തണുക്കുമ്പോള്‍ ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.
ഇനി ഈ റോസ് വാട്ടര്‍ ഉപയോഗിച്ച് സുന്ദരിയാകുന്നതെങ്ങനെയെന്നു നോക്കാം
ഒരു ചെറിയ സ്‌പൂണ്‍ ബീറ്റ്‌റൂട്ട് നീരില്‍ ഒരു ചെറിയ സ്‌പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്തു ചുണ്ടില്‍ പുരട്ടുക. ചുണ്ടിനു നിറവും സൗന്ദര്യവും ലഭിക്കും.
രണ്ടു ചെറിയ സ്‌പൂണ്‍ റോസ് വാട്ടറില്‍ തുല്യം തക്കാളി നീര് ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടി പത്തു മിനിട്ടിനു ശേഷം കഴുകി കളയണം. വെയിലേറ്റതു മൂലമുള്ള കരുവാളിപ്പ് അകലും.
രണ്ടു സ്‌പൂണ്‍ ഒലീവ് ഓയിലില്‍ രണ്ടു സ്‌പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടിയാല്‍ നിറവും തിളക്കവും വര്‍ദ്ധിക്കും.
കടലമാവില്‍ വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനുശേഷം മുഖം വൃത്തിയാക്കുക. കുറച്ചു കോട്ടണില്‍ മുക്കി റോസ് വാട്ടര്‍ മുഖത്തു പുരട്ടി അഞ്ചു മിനിറ്റിനുശേഷം കഴുകി കളയണം. കടലമാവ് ചര്‍മ്മത്തെ വൃത്തിയാക്കുകയും റോസ് വാട്ടര്‍ ചര്‍മ്മത്തിനു മൃദുത്വവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha