വെറുതേ പറയുന്നതല്ല, കച്ച് നഹി ദേഖാ തൊ കുച്ച് നഹി ദേഖാ! (കച്ച് കണ്ടിട്ടില്ലെങ്കില്‍ ഒന്നും കണ്ടിട്ടില്ലത്രേ)

2001-ലെ ഭൂകമ്പം നാശം വിതച്ച ഭുജ് മേഖലയിലൂടെയുള്ള യാത്ര വ്യത്യസ്തമായ അനുഭവമായിരിക്കും. കച്ചി എന്ന പ്രാദേശിക ഭാഷയും വളരെ കളര്‍ഫുള്‍ ആയ വസ്ത്രധാരണവും ഒക്കെ കച്ചിന്റെ പ്രത്യേകതകളാണ്.
ബുജ്ജിലെത്തിയാല്‍ ആദ്യം പോകേണ്ടത് ഛത്തര്‍ഡി ആണ്. ഛത്തര്‍ഡി എന്ന് പറഞ്ഞാല്‍ കുട എന്നാണു അര്‍ത്ഥം. അതായത് രാജ വംശത്തിലെ പൂര്വികന്മാരുടെ മൃത ശരീരങ്ങള്‍ അടക്കം ചെയ്തിടത്തു നിര്മിച്ച സ്മാരകങ്ങളാണിത്. കുട പോലുള്ള മേല്‍ക്കൂരകള്‍ ആണ് ഇങ്ങനെ പേര് വരാന്‍ കാരണം. 1770 ലാണ് ചുവന്ന മണല്‍ കല്ലുകള്‍ കൊണ്ട് ( red sand stone ) ഇവ നിര്‍മ്മിച്ചത്. ഇപ്പോള്‍ പുനര്‍ നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ മഞ്ഞ നിറത്തിലുള്ള കല്ലുകളും കാണാം.
ഇത് 2001 ലെ ഭൂകമ്പത്തില്‍ തകര്‍ന്നു പോയതാണ്. അന്നത്തെ ഭൂകമ്പത്തിന്റെ കെടുതിയില്‍ നിന്നും ഭുജ് ഇപ്പോളും മോചിതയായില്ല എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.പല കെട്ടിടങ്ങളും പുതിയതാണ്... പല കെട്ടിടങ്ങളിലും ഇപ്പോഴും അപകടകരമായ രീതിയില്‍ വിള്ളലുകള്‍ കാണാനാവും. ഛത്തര്‍ടിയില്‍ അനുമതി കൂടാതെ ഫോട്ടോ എടുക്കാനാവില്ല. ഇനി കാണേണ്ടത് പ്രാഗ് മഹലാണ്. ടൗണില്‍ തന്നെയാണിതും. ഒരു ഗല്ലിയിലൂടെ 5 മിനിറ്റ് നടന്നാല്‍ മതി.
പ്രാഗ് മഹല്‍ എന്ന പേര് കേട്ടിട്ട് ഏതോ പ്രാചീന കൊട്ടാരം ആണെന്നൊന്നും കരുതണ്ട. സംഭവം കിടു ആണ്. നല്ല ഒന്നാന്തരം യൂറോപ്യന്‍ രീതിയില്‍ ( Italian Gothic style ) പണി കഴിപ്പിച്ച കൊട്ടാരം ആണ്. കൊട്ടാരം കണ്ടാല്‍ വല്ല ഇറ്റലിയിലൊക്കെ ഉള്ള ബില്‍ഡിങ് ആണെന്നെ തോന്നൂ. റാവു പ്രാഗ്മാജി 2 എന്ന കച്ചിലെ രാജാവ് പണി കഴിപ്പിച്ചത് കൊണ്ടാണ് ഈ പേര് വന്നത്. കേണല്‍ ഹെന്റരി സെയിന്റ് വില്‍ക്കിന്‍സ് എന്ന വാസ്തു ശില്പി ആണ് ഇത് രൂപകല്പ്ന ചെയ്തത്. 1865-ല്‍ പണി തുടങ്ങിയെങ്കിലും 1879-ലാണ് പണി പൂര്‍ത്തിയായത്. ഇറ്റലിയില്‍ നിന്നു വരെ നല്ല പണി അറിയുന്ന തച്ചന്മാരെ കൊണ്ട് വന്നു പണികഴിപ്പിച്ച പ്രാഗ് മഹല്‍ നിര്‍മിക്കാന്‍ ഏകദേശം 3.1 മില്യണ്‍ രൂപ ചിലവായിട്ടുണ്ട്.
40 രൂപ ടിക്കറ്റും 50 രൂപ ക്യാമറക്കും കൊടുത്താല്‍ ഉള്ളില്‍ കയറാം. ലഗാന്‍ അടക്കം നിരവധി സിനിമകളുടെ ലൊക്കേഷന്‍ ആണ് പ്രാഗ് മഹല്‍. ഉള്ളില്‍ ആദ്യം ദര്‍ബാര്‍ ഹാളിലേക്കാണ് പോകേണ്ടത്. മച്ചും ( roof ) ചുമരുകളും ഒക്കെ യൂറോപ്യന്‍ രീതിയിലാണ്. റോമാക്കാരുടെതു പോലുള്ള പ്രതിമകള്‍ ഒക്കെ കാണാം. വിശാലമായ ദര്‍ബാര്‍ ഹാള്‍ കച്ച് രാജവംശത്തിന്റെ പ്രതാപവും പ്രൗഢിയും വിളിച്ചോതുന്നു.
ഒരു ചെറിയ ചില്ലലമാരയില്‍ കോടിക്കണക്കിനു വര്‍ഷം പഴക്കമുള്ള ഒരു ഫോസില്‍ വെറുതെ സിമ്പിളായി വെച്ചിട്ടുണ്ട്. മരത്തിന്റെ ഫോസിലുകള്‍, സ്റ്റഫ് ചെയ്ത കടുവയും പുലിയും ഒക്കെ അവിടെയുണ്ട്.
ഡര്‍ബാര്‍ ഹാളില്‍ നിന്നു പുറത്തിറങ്ങിയാല്‍ കൊട്ടാരത്തിന്റെ ബാക്കി ഭാഗങ്ങള്‍ കാണാം. രാജവംശം ഉപയോഗിച്ചിരുന്ന പത്രങ്ങളും ആഭരണങ്ങളും പ്രതിമകളും കസേരയും കട്ടിലും അടക്കം നിരവധി കര കൗശല വസ്തുക്കളും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ആട് വലിക്കുന്ന ഒരു വണ്ടി അവിടെയുണ്ട്. അത് വലിക്കുന്ന രണ്ടു മുട്ടനാടിന്റെ പ്രതിമകളും. വണ്ടി ഒറിജിനല്‍ ആണ്.
പ്രാഗ് മഹലിലെ മറ്റൊരാകര്‍ഷണം ആണ് ബിങ് ബാംഗ് ടവര്‍. 1865-ല്‍ കൊട്ടാരത്തൊടു ചേര്‍ന്നു പണി കഴിപ്പിച്ച ഈ ക്ലോക്ക് ടവറിന്റെ ഉയരം 150 അടിയാണ്. ഇന്ത്യയില്‍ ആകെ ഇത്തരം 2 ടവര്‍ മാത്രമേ ഉള്ളൂ. (ഒന്ന് ബോംബെയിലാണ് ഉള്ളത്.) ഇതിനു മുകളില്‍ വരെ കയറുവാനുള്ള ഗോവണി ഉണ്ട്. മുകളിലെത്തിയാല്‍ ബുജ്ജ് പട്ടണത്തിന്റെ ഒരു ഏരിയല്‍ വ്യൂ കിട്ടും.
കൊട്ടാരത്തിന്റെ പിന്‍ഭാഗത്തു ഇപ്പോഴും പണി നടന്നു കൊണ്ടിരിക്കുകയാണ്. ഭൂകമ്പം തകര്‍ത്ത കൊട്ടാരത്തിന്റെ പുനര്‍നിര്‍മാണം 16 വര്‍ഷങ്ങളായിട്ടും പൂര്‍ത്തിയായിട്ടില്ല. അതിന്റെ ഒരു കാരണം ഇതിപ്പോഴും സര്‍ക്കാര്‍ സ്വത്തല്ല. രാജകുടുംബത്തിന്റെ പേരില്‍ തന്നെയാണ്. അതിനാല്‍ പുനര്‍നിര്‍മാണവും അവരുടെ ചുമലിലാണ്.
ഇനി കാണാനുള്ളത് ഐന മഹല്‍ ആണ്. ഐന മഹലിന്റെ പ്രധാന ഭാഗങ്ങളൊക്കെ തകര്‍ന്നു തരിപ്പണമായിട്ടുണ്ട്. അധികം കേട് കൂടാതെ നിന്ന ഒരു ഭാഗം ഇപ്പോള്‍ മ്യുസിയം ആക്കി മാറ്റിയിരിക്കുകയാണ്.1761-ല്‍ റാവു ലഖ്പത്ജി ആണ് ഐന മഹല്‍ പണികഴിപ്പിച്ചത്. രാംസിംഗ് മാലം എന്ന പ്രഗത്ഭനായ വാസ്തു ശില്പിയുടെ കരവിരുതാണിത്. ഇന്ത്യന്‍ യൂറോപ്പ്യന്‍ വാസ്തുശില്പ രീതികള്‍ കൂട്ടികലര്‍ത്തിയാണ് പണിതിട്ടുള്ളത്.
ഉള്ളില്‍ കയറാന്‍ 30 രൂപ വീണ്ടും ടിക്കറ്റ് എടുക്കണം. ക്യാമറക്കു 50 രൂപയും. വെനീഷ്യന്‍ ഗ്ലാസുകളും കച്ച് രാജവംശത്തിന്റെ നാണയങ്ങളും രാജകുടുംബത്തിന്റെ സ്വകാര്യ മുറികളും പ്രശസ്തമായ യൂറോപ്യന്‍ ഇന്ത്യന്‍ ചിത്രകാരന്മാരുടെ പെയിന്റിങ്ങുകളും മുഗള്‍ രാജാക്കന്മാരുടെ ഫിര്‍മാനുകളും ( royal order ) മുതല്‍ കച്ച് രാജ്യം ഇന്ത്യയില്‍ ലയിച്ചതിന്റെ കരാര്‍ വരെ ഉള്ളിലുണ്ട്. ഇത്രയും ചെറിയ സ്ഥലത്ത് ഇത്രയും കൂടുതല്‍ അമൂല്യ വസ്തുക്കള്‍ കാണുന്നത് ആദ്യമായിട്ടാവും. ചുമരില്‍ മൊത്തം മനോഹരമായ ഗ്ലാസ് ആയതിനാല്‍ ഏതു വഴിയേ പോയി ഏതുവഴിയേ വന്നു എന്നൊക്കെ കണ്‍ഫ്യൂഷന്‍ ആയിപ്പോകും. പ്രാഗ് മഹലും ഐന മഹലും ഒക്കെ ഉള്‍പ്പെടുന്ന ഭാഗം ദര്‍ബാര്‍ഗട്ട് എന്നാണറിയപ്പെടുക. ഐന മഹലും കണ്ടു തീരുമ്പോഴേക്കും ഭുജ് കണ്ട് കഴിയും.
https://www.facebook.com/Malayalivartha