ആര്‍.ബി.ഐ. നയപ്രഖ്യാപനം: പലിശ നിരക്ക് കുറയ്ക്കില്ല, സാമ്പത്തിക വളര്‍ച്ച മൂന്നു പാദങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്നനിലയിലെത്തി നില്‍ക്കുകയാണെങ്കിലും ഇത്തവണ അടിസ്ഥാനനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷ

റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ആര്‍.ബി.ഐയുടെ പണനയ സമിതിയുടെ മൂന്നു ദിവസത്തെ യോഗം ഇന്ന് അവസാനിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നയപ്രഖ്യാപനം. സാമ്പത്തിക വളര്‍ച്ച മൂന്നു പാദങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്നനിലയിലെത്തി നില്‍ക്കുകയാണെങ്കിലും ഇത്തവണ അടിസ്ഥാനനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് കരുതുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് ഇപ്പോള്‍ 6.50 ശതമാനമാണ്.
അസംസ്‌കൃത എണ്ണവില താഴുന്നതും ഡോളറിനെതിരേ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചതും ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. പണപ്പെരുപ്പത്തിന്റെ തോത് സുരക്ഷിതമായ നിലയിലാണ്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍, കരുതലോടെയുള്ള സമീപനമായിരിക്കും ആര്‍.ബി.ഐ. കൈക്കൊള്ളുകയെന്നാണ് സൂചന.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച 2018 ജൂലായ് സെപ്റ്റംബര്‍ പാദത്തില്‍ 7.1 ശതമാനമായി താഴ്ന്നിരിക്കുകയാണ്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ 3.31 ശതമാനത്തിലെത്തിനില്‍ക്കുന്നു. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്നനിരക്കാണ് ഇത്. ഇതൊക്കെ നിരക്ക് കുറയ്ക്കാന്‍ അവസരമൊരുക്കുന്ന ഘടകങ്ങളാണ്. എന്നാല്‍, നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നു തന്നെയാണ് ഭൂരിഭാഗം വിദഗ്ധരും കരുതുന്നത്.
https://www.facebook.com/Malayalivartha