ഉളളി പാടങ്ങള്‍ കണ്ണീര്‍പ്പാടങ്ങളാകുന്നു

ഇന്ത്യയിലെ പ്രമുഖ സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് പ്രചാരണ രംഗത്ത് കുറെക്കാലങ്ങളായി സജീവമായി നില്‍ക്കുന്നത് രാഷ്ട്രീയ നേതാക്കളായിരുന്നില്ല, മറിച്ച് തെരഞ്ഞെടുപ്പ് ഗോദയിലെ താരം 'ഉള്ളി'യാണ്. മധ്യപ്രദേശില്‍ അരങ്ങേറിയ തെരഞ്ഞടുപ്പ് പ്രചരണ പരിപാടിയില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഉള്ളിയുടെ വിലയിടിവ് വേണ്ട രീതിയില്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്കിടയിലെ പ്രധാന രാഷ്ട്രീയ വിഷയം സംസ്ഥാനത്തെ ഉള്ളിയുടെ വിലയിടിവും കര്‍ഷകരുടെ കണ്ണീരുമായിരുന്നു. കിലോയ്ക്ക് 50 പൈസ മാത്രമാണ് മധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് ഉള്ളി വിറ്റാല്‍ വിപണിയില്‍ ലഭിക്കുന്ന വില. ഡിസംബര്‍ 11 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉള്ളി ആരെയൊക്കെ കരയിപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം.
ഇന്ത്യയുടെ മൊത്തം കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് ഉള്ളിയുടെ സ്ഥാനം. പക്ഷേ, ഇന്ത്യന്‍ അടുക്കളയില്‍ ഉള്ളിക്കുള്ള സ്വാധീനം വളരെ വലുതാണ്. കുറച്ച് കാലം മുമ്പുവരെ മലയാളിക്ക് തേങ്ങ എങ്ങനെയാണോ അതിന് സമാനമാണ് ഉത്തര, മധ്യ, പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഉള്ളിക്കുളള സ്ഥാനം. എന്നാല്‍, ഇന്ന് ഇന്ത്യയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉള്ളിയെ തങ്ങളുടെ തീന്‍ മേശയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ല. സാധാരണ ഒരു ഇന്ത്യന്‍ കുടുംബം ഒരു മാസം കുറഞ്ഞത് ഏകദേശം 200 രൂപയ്ക്ക് മുകളില്‍ ഉള്ളിക്ക് വേണ്ടി ചെലവഴിക്കുന്നു എന്നാണ് കണക്ക്.
ഉള്ളി വ്യാപകമായി കൃഷി ചെയ്യുന്ന നാസിക്കിലെ ഒരു കര്‍ഷകന്‍ ഉള്ളി വിറ്റ സംഭവം കുറച്ച് ദിവസമായി ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. വില്‍പ്പനയില്‍ വന്‍ നഷ്ടം നേരിട്ടതോടെ പ്രതിഷേധമായി കര്‍ഷകനായ സഞ്ജയ് സേത് ഉള്ളി വിറ്റു കിട്ടിയ പണം മുഴുവന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു കൊടുത്തതാണ് ചര്‍ച്ചയായത്. രാജ്യത്തെ ഉള്ളിക്കര്‍ഷകരുടെ നിസ്സഹായ അവസ്ഥ വെളിവാക്കുന്നതായിരുന്നു ഈ സംഭവം.
ഉള്ളിവിലയില്‍ വന്‍ വര്‍ദ്ധനയുണ്ടായാലും വലിയ ഇടിവുണ്ടായാലും രാഷ്ട്രീയമായി അത് ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ഉള്ളിവില സാധാരണക്കാരന് താങ്ങാന്‍ കഴിയാതെ വരുമ്പോള്‍ അത് കുടുംബ ബജറ്റ് ഉയര്‍ത്തുകയും അത് ജനങ്ങള്‍ക്ക് ഭരണപക്ഷത്തോട് എതിര്‍പ്പ് വളരാന്‍ ഇടയാക്കുകയും ചെയ്യും. ഉള്ളിവില വലിയ തോതില്‍ ഇടിഞ്ഞാല്‍ കര്‍ഷകരുടെ ജീവിതത്തെ അത് പ്രതിസന്ധിയിലാക്കും. കര്‍ഷകര്‍ക്കുണ്ടാകുന്ന ഈ പ്രതിസന്ധി അവരെ സമരത്തിലേക്ക് തള്ളിവിടും. കര്‍ഷകര്‍ എടുത്തിട്ടുളള വായ്പകളുടെ തിരിച്ചടവിനെയും ഇത് ദോഷകരമായി ബാധിക്കും.
മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആകെ ഉല്‍പ്പാദനത്തിന്റെ അറുപത് ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയില്‍ എല്ലാ സംസ്ഥാനത്തും നിലവില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഇവയില്‍ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നിവടങ്ങളില്‍ ബിജെപി ആണ് ഭരിക്കുന്നത്. അതിനാല്‍ തന്നെ ഉള്ളി വില്‍പ്പന വില നാസിക്കില്‍ കിലോയ്ക്ക് 1.40 രൂപയിലേക്ക് ഇടിഞ്ഞത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്. 2019 ല്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ഉള്ളിയുടെ വില പ്രധാന ഘടകമാകുമെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായി.
https://www.facebook.com/Malayalivartha