പമ്പുകളിലെ ഇന്ധനവിലയിൽ പ്രകടമായ വ്യത്യാസം; വിലവ്യത്യാസത്തെച്ചൊല്ലി ഉപയോക്താക്കളും പമ്പ് ജീവനക്കാരുമായി തർക്കം മുറുകുന്നു

ഇന്ധനത്തിനു ദിവസേന വില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികൾക്കു ലഭിച്ചതോടെ ‘വിലവ്യത്യാസത്തിൽ’ പൊറുതിമുട്ടി ജനം. ഒരേ കമ്പനിയുടെ ഇന്ധനം വിൽക്കുന്ന തൊട്ടടുത്തുള്ള പമ്പുകളിൽപോലും വിലയിൽ പ്രകടമായ വ്യത്യാസമാണുള്ളത്. വിലവ്യത്യാസത്തെച്ചൊല്ലി ഉപയോക്താക്കളും പമ്പ് ജീവനക്കാരുമായി തർക്കം മുറുകുമ്പോൾ എണ്ണകമ്പനികളെയാണു പമ്പ് ഉടമകൾ കുറ്റപ്പെടുത്തുന്നത്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ(ഐഒസി) തിരുവനന്തപുരത്തെ പെട്രോൾ വില ലീറ്ററിനു 72.80 രൂപയാണ്. ഡീസലിന് 62.03 രൂപ. കോട്ടയത്തെത്തുമ്പോൾ വില പെട്രോളിനു 71.62 രൂപയും ഡീസലിന് 60.95 രൂപയുമാകും. കൊച്ചിയിൽ വില യഥാക്രമം 71.89ഉം 61.17ഉം. കോഴിക്കോട് പെട്രോളിന് 71.69 ഡീസലിന് 61.02.
കേരളത്തിലെ വിവിധ നഗരങ്ങളിൽ ഐഒസി വിൽക്കുന്ന ഇന്ധനത്തിന്റെ വില വ്യത്യാസമാണിതെങ്കിൽ ഇതിലും വലിയ മാറ്റമാണ് ജില്ലകളിൽ വരുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവരെല്ലാം ഈടാക്കുന്നതു പലതരത്തിലുള്ള വിലകൾ. ഉദാഹരണമായി ഭാരത് പെട്രോളിയത്തിന്റെ തിരുവനന്തപുരം നഗരത്തിലെ ഒരു പമ്പിൽ പെട്രോൾ ലീറ്ററിനു 72.80 രൂപയാണെങ്കിൽ തൊട്ടടുത്തുള്ള ഇതേ കമ്പനിയുടെ പമ്പിൽ വില 73 ആകാം. മറ്റൊരിടത്ത് 72.60 ആകും വില. മറ്റു കമ്പനികളുടെ ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകളിലും ഇതുതന്നെയാണ് അവസ്ഥ.
പെട്രോൾ വിലയിൽ ലീറ്ററിന് ഇരുപതോ മുപ്പതോ പൈസ വ്യത്യാസം വരുന്നത് ആരും കാര്യമാക്കാറില്ല. ദിവസം 1,200 ലീറ്റർ പെട്രോളും 1,400 ലീറ്റർ ഡീസലുമാണു വലിയ പമ്പുകളുടെ ശരാശരി വിൽപ്പന. ഒരു പമ്പിൽനിന്നു മാത്രം വിലവ്യത്യാസത്തിലൂടെ വലിയ ലാഭം കമ്പനികൾക്കു ലഭിക്കുന്നുണ്ട്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഡീലർമാർക്ക് ഇന്ധന കമ്പനികൾ വില നിശ്ചയിച്ചു നൽകിയിരുന്നത് 15 ദിവസം കൂടുമ്പോഴാണ്. എന്നാൽ, ഓരോ ദിവസവും ഇന്ധനവില മാറ്റണമെന്ന പെട്രോളിയം കമ്പനികളുടെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ അവസ്ഥ മാറി. എല്ലാ ദിവസവും പൊതുമേഖലാ എണ്ണ കമ്പനികളുടെ തീരുമാനമനുസരിച്ച് ഇന്ധനവില കൂടാം, കുറയാം.
പമ്പ് ഉടമയ്ക്കു ദിവസേന രണ്ടു തരത്തിൽ ഇന്ധനവില മാറ്റാം. ഒന്നാമത്തേത്, രാവിലെ ആറു മണിക്കു പെട്രോൾ പമ്പ് ഉടമയോ ചുമതലപ്പെടുത്തുന്ന ആളോ പ്രത്യേക പാസ്‌വേർഡ് ഉപയോഗിച്ചു യന്ത്രങ്ങളിൽ ആ ദിവസത്തെ ഇന്ധനവില രേഖപ്പെടുത്തണം. രാത്രി പന്ത്രണ്ടു മണിക്കാണു വില മാറുന്നതെങ്കിലും പമ്പുടമകളുടെ ആവശ്യപ്രകാരമാണ് ആറുമണിയിലേക്കു മാറ്റിയത്.
രണ്ടാമത്തേതു ഓട്ടമേഷൻ സംവിധാനമാണ്. ഇന്ധന കമ്പനികൾ തന്നെ കംപ്യൂട്ടർ സംവിധാനമുപയോഗിച്ച് അതതു ദിവസത്തെ വില നിശ്ചയിച്ചു നൽകും. ഓട്ടമേഷൻ സംവിധാനം നിലവിലുള്ളത് 25% പമ്പുകളിൽ മാത്രമാണ്.
https://www.facebook.com/Malayalivartha

























