യു.പി.എസ്.സി- എന്‍.ഡി.എ, നേവല്‍ അക്കാദമിയിലേക്ക് അവിവാഹിതകള്‍ക്ക് അപേക്ഷിക്കാം; തീരുമാനം സുപ്രീംകോടതി നിർദ്ദേശത്തിന് പിന്നാലെ...
കഴിഞ്ഞ മാസമുണ്ടായ സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെ, നാഷനല്‍ ഡിഫന്‍സ് അക്കാദമി(എന്‍.ഡി.എ)യിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പരീക്ഷക്ക് അവിവാഹിതകള്‍ക്ക് അപേക്ഷിക്കാമെന്ന് യു.പി.എസ്.സി.
ദേശീയത, പ്രായം, വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങള്‍ വെച്ച് അവിവാഹിതരായ വനിത ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം അപേക്ഷിക്കാനാവുംവിധം upsconline.nic.inല്‍ സൗകര്യം ഒരുക്കും.
ശാരീരിക മാനദണ്ഡങ്ങളും വനിത ഉദ്യോഗാര്‍ഥികളുടെ ഒഴിവുകളുടെ എണ്ണവും പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച ശേഷം അറിയിക്കും. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ എട്ടുവരെ (വൈകീട്ട് ആറു മണി വരെ) വനിത അപേക്ഷകര്‍ക്കായി ആപ്ലിക്കേഷന്‍ വിന്‍ഡോ തുറന്നിരിക്കും. വനിത അപേക്ഷകര്‍ ഫീസ് നല്‍കേണ്ട. പരീക്ഷ നവംബര്‍ 14ന് നടക്കും.
ലിംഗസമത്വത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പെന്ന നിലയില്‍ ദേശീയ പ്രതിരോധ അക്കാദമിയില്‍ യോഗ്യരായ സ്ത്രീകള്‍ക്ക് പ്രവേശനം നേടുന്നതിന് ആഗസ്റ്റ്18ന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു.
ദേശീയ പ്രതിരോധ അക്കാദമിയിലേക്കും നാവിക അക്കാദമിയിലേക്കും ഉള്ള പരീക്ഷയിലും വനിത ഉദ്യോഗാര്‍ഥികളെ അനുവദിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുഷ് കല്‍റ നല്കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha