പൊലീസുദ്യോഗസ്ഥരുടെ മരണം..നടന്നത് ഭീകരാക്രമണമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്..മേഖലയില്‍ ഭീകരര്‍ മുന്‍കൂട്ടി തമ്പടിച്ച് ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു..

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഡ്യൂട്ടിക്കിടെ കാണാതായ രണ്ട് പ്രത്യേക പൊലീസുദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ദച്ചന്‍-മര്‍വ മേഖലയിലെ ഉള്‍പ്രദേശത്തുനിന്നുമാണ് ഈ ദാരുണമായ സംഭവം പുറത്തുവന്നിരിക്കുന്നത്. കിഷ്ത്വാര്‍ ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ ധെര്‍ണ പോസ്റ്റിന് സമീപത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നടന്നത് ഭീകരാക്രമണമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.ജമ്മു കശ്മീര്‍ പൊലീസിലെ സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ (എസ്.പി.ഒ) രശ്പാല്‍ കുമാര്‍, ബാബി ചന്ദ് എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതില്‍ രശ്പാല്‍ കുമാറിന് നാല്‍പത് വയസ്സും ബാബി ചന്ദിന് അന്‍പത്തിനാല് വയസ്സുമാണ് പ്രായം.
കാണാതായ വിവരം പുറത്തുവന്ന ഉടന്‍തന്നെ പൊലീസും സുരക്ഷാ സേനയും സംയുക്തമായി ഈ മേഖലയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. തുടര്‍ന്ന് മണിക്കൂറുകളോളം നടത്തിയ കഠിനമായ തിരച്ചിലിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സുരക്ഷാ സേന കണ്ടെത്തിയത്.സൈന്യത്തോടൊപ്പം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇരുവരും, ധെര്‍ണ പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് പകരക്കാരായി അവിടേക്ക് പോകുന്നതിനിടയിലാണ് കാണാതായത്. ഈ യാത്രയ്ക്കിടയിലാണ് ആക്രമണം ഉണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങള്‍ സംശയിക്കുന്നു. മേഖലയില്‍ ഭീകരര്‍ മുന്‍കൂട്ടി തമ്പടിച്ച് ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് സംശയം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ‘പാസ്ദാരന്‍-ഇ-ഹുരിയത്ത് കശ്മീര്‍’ എന്ന സംഘടന. നവംബര്‍ 11ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. കശ്മീര്‍ താഴ്വരയില്‍ ഇതുവരെ പൊതുശ്രദ്ധയില്‍പ്പെടാത്ത സംഘടനയുടെ പേരില്‍ ഇത്തരമൊരു അവകാശവാദം പുറത്തുവന്നത് സുരക്ഷാ ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ ‘ഇന്ത്യന്‍ അധിനിവേശ സേനാംഗങ്ങള്‍’ എന്ന് വിശേഷിപ്പിച്ച സംഘടന, വരും ദിവസങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെയും ആര്‍എസ്എസിനെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുമെന്നാണ് പ്രസ്താവനയിലെ മുന്നറിയിപ്പ്.
കുല്‍ഗാം ജില്ലയില്‍ നടന്ന ആക്രമണത്തിലൂടെ ഭരണകൂടം ഉയര്‍ത്തിക്കാട്ടുന്ന സമാധാനത്തിന്റെ മുഖംമൂടി തകര്‍ക്കുമെന്നാണ് സംഘടനയുടെ അവകാശവാദം. തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.സംഘടനയുടെ വക്താവായ മുഹമ്മദ് ഉമര്‍ അസ്സാമാണ് പ്രസ്താവന പുറത്തുവിട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള സംഘടനയുടെ അവകാശവാദം പുറത്തുവന്നതോടെ ഇതിന്റെ പിന്നിലുള്ളവരെക്കുറിച്ചും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ പരിശോധന നടത്തുമെന്നാണ് വിവരം.കശ്മീരില്‍ അടുത്തിടെ സുരക്ഷാ സേനയ്‌ക്കുനേരെ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഘടനയുടെ പേരും ഭീഷണിയും പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha

























