സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ നേട്ടങ്ങളെ കേരളം ആഗോളതലത്തില്‍ വിപുലീകരിക്കും: മുഖ്യമന്ത്രി; ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 'ഹഡില്‍ ഗ്ലോബല്‍ 2026' ന് കോവളത്ത് തുടക്കം...

ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ മികച്ച വിജയിച്ച കേരളം ഇപ്പോള്‍ നേട്ടങ്ങളെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ദൗത്യത്തിലാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇതിനായി ആവശ്യമായ പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ 'ഹഡില്‍ ഗ്ലോബല്‍ 2026'-ന്‍റെ എട്ടാം പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിനും അവ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും ആവശ്യമായ ഫണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെയും നിക്ഷേപ ബാങ്കുകളെയും ഉള്‍പ്പെടുത്തി ഒരു കണ്‍സോര്‍ഷ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തില്‍ 76,000 ത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന 9,200 സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇത് വലിയ നേട്ടമാണെങ്കിലും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ മൂല്യം അളക്കുന്നത് എണ്ണത്തേക്കാള്‍ അവയില്‍ എത്രയെണ്ണം വിജയിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. അതിനാല്‍ കേരളം ഈ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്ന രീതിയില്‍ മാറ്റം വരുത്താനാണ് ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ സ്കെയില്‍അപ് ചെയ്യണമെന്നും ഇതിന്‍റെ രണ്ടാം ഘട്ടമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നതിനപ്പുറം സ്കെയില്‍-അപ്പ് മിഷന്‍ കൂടി നടപ്പിലാക്കേണ്ടതുണ്ട്.
മിഷന്‍ സമുദ്ര, സില്‍വര്‍ ഇക്കോണമി തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികളെ ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധാരാളം അവസരങ്ങള്‍ തുറന്നുനല്‍കും. മുതിര്‍ന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമെന്ന നിലയില്‍ മുതിര്‍ന്ന പൗരന്മാരുടെ അനുഭവസമ്പത്തും മാര്‍ഗനിര്‍ദേശങ്ങളും പ്രയോജനപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ലോകോത്തര ഗവേഷണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക, ഇന്‍കുബേഷന്‍ ശൃംഖലകള്‍ സൃഷ്ടിക്കുക, വ്യവസായ-വിദ്യാഭ്യാസ മേഖലകള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയും ഈ മുന്നേറ്റത്തില്‍ പ്രധാനമാണ്. ലോകമെമ്പാടും തൊഴില്‍ മേഖലയുടെ സ്വഭാവം അതിവേഗം മാറുകയും, ഭാവി സാങ്കേതികവിദ്യകള്‍ കടന്നുവരുകയും ചെയ്യുന്നു. ഈ പുതിയ തൊഴില്‍ പ്രവണതകള്‍ക്കനുസൃതമായി പുതിയ അക്കാദമിക് സംവിധാനങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പുതിയ അക്കാദമിക് പ്രോഗ്രാമുകള്‍ ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥയെ വളര്‍ത്തിയെടുക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുഖ്യമന്ത്രി അനുസ്മരിച്ചു.
കേരളത്തെ നിക്ഷേപത്തിന്‍റെയും സംരംഭകത്വത്തിന്‍റെയും ആഗോള കേന്ദ്രമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാടെന്ന് മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ, ഐ.ടി, ഫ്യൂച്ചര്‍ ടെക്നോളജി, സ്റ്റാര്‍ട്ടപ്പ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആഗോള സാങ്കേതിക വിപ്ലവത്തില്‍ കേരളത്തെ സജീവ പങ്കാളിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോലുള്ള വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്ക് ഇതില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. ഫണ്ടുകളുടെയോ മാര്‍ഗനിര്‍ദേശങ്ങളുടെയോ അഭാവം മൂലം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയില്‍ തടസ്സം നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കേരളം ഇപ്പോള്‍ വളര്‍ച്ചാ സാധ്യതയുള്ള സംരംഭങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി അവയെ വലിയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഇലക്ട്രോണിക്സ്-ഐ.ടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എസ്. സുഹാസ് പറഞ്ഞു. ഈ ആവാസവ്യവസ്ഥയ്ക്ക് പുതിയ ദിശാബോധവും വിപുലമായ വ്യാപ്തിയും നല്‍കിക്കൊണ്ട് 100 കോടി രൂപയോ അതില്‍ കൂടുതലോ മൂല്യമുള്ള കുറഞ്ഞത് 100 ഡീപ് ടെക് കമ്പനികളെങ്കിലും വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും യൂറോപ്യന്‍ ഇന്നൊവേഷന്‍ മേഖലയും തമ്മിലുള്ള പങ്കാളിത്തം ഇനിയും വളരുമെന്ന് പരിപാടിയില്‍ പ്രത്യേക പ്രഭാഷണം നടത്തിയ ബെല്‍ജിയം എംബസി അംബാസഡര്‍ സോഫി കാള്‍ഷോസന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശയങ്ങളും കഴിവുകളും വികസിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് യൂറോപ്പിലേതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് സ്വാഗതപ്രസംഗത്തില്‍ കെഎസ് യുഎം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. ക്ലാസ് മുറികളിലോ ഗവേഷണ മുറികളിലോ ആരംഭിച്ച പല സംരംഭങ്ങളും കഴിവ്, നിശ്ചയദാര്‍ഢ്യം, നൂതനാശയങ്ങള്‍ എന്നിവയിലൂടെ വലിയ വളര്‍ച്ച കൈവരിച്ചു. ഈ ആവാസവ്യവസ്ഥ നല്‍കിയ പിന്തുണയും ഹഡില്‍ ഗ്ലോബല്‍ പോലുള്ള പ്രധാന പരിപാടികളും അവരുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലാപരമായ പ്രവര്‍ത്തനങ്ങളിലെന്നപോലെ സാങ്കേതിക, ഇന്നൊവേഷന്‍ മേഖലയിലും സര്‍ഗാത്മകത വളരെ പ്രധാനമാണെന്ന് നടി കീര്‍ത്തി സുരേഷ് പ്രത്യേക പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. പരീക്ഷണങ്ങള്‍ നടത്താനും വെല്ലുവിളി എടുക്കാനും തയ്യാറായിക്കൊണ്ട് സര്‍ഗാത്മകമായ മനോഭാവത്തോടെ വേണം ഏത് നൂതന സംരംഭത്തെയും സമീപിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
എം. വിന്‍സെന്‍റ് എം.എല്‍.എ, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ഖര്‍, കെഎസ്യുഎം സി.ഒ.ഒ ടോം തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംസ്ഥാന വയോജന ക്ഷേമ വകുപ്പ്, ഫോണ്‍ പേ, ടാറ്റ എല്‍ക്സി, നാഷണല്‍ കേഡറ്റ് കോര്‍പ്സ് എന്നിവരുമായി ധാരണാപത്രം കൈമാറി. കൂടാതെ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ, അന്തരീക്ഷ സ്ഥിതിവിവര വിശകലന കമ്പനിയായ മിസ്റ്റ്ഇ.ഒയില്‍ 18 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചു. എം.ജി.എഫ് കവച്, സീഫണ്ട് എന്നിവരും ഇതില്‍ പങ്കാളിയാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനും മൂലധനം സമാഹരിക്കാനും പങ്കാളികളെ കണ്ടെത്താനും വിദഗ്ധരില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ നേടാനുമുള്ള വേദിയായായിട്ടാണ് ഹഡില്‍ ഗ്ലോബല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ പാനല്‍ ചര്‍ച്ചകള്‍, എഐ ഫിലിം ഫെസ്റ്റിവല്‍, ഉല്‍പ്പന്നങ്ങളുടെ അവതരണം, ജിസിസി നേതാക്കളുടെ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്, എക്സിബിഷന്‍, 500-ലധികം നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകള്‍, ബിസിനസ് നെറ്റ്വര്‍ക്കിംഗ്, മെന്‍ററിംഗ് സെഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കായി ഒരുക്കുന്ന പ്രത്യേക നിക്ഷേപ പ്ലാറ്റ് ഫോമില്‍ 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും 50-ലധികം ഏഞ്ചല്‍ നിക്ഷേപകരും എത്തും. 4000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 200-ഓളം ശ്രദ്ധേയ വ്യക്തികള്‍, 300-ലധികം സ്റ്റാര്‍ട്ടപ്പ് മെന്‍റര്‍മാര്‍, 200-ലധികം കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, 150-ലധികം എക്സിബിറ്റേഴ്സ്, 150-ലധികം നിക്ഷേപകര്‍, 300-ഓളം പ്രമുഖ പ്രഭാഷകര്‍ എന്നിവര്‍ ഹഡില്‍ ഗ്ലോബല്‍-2026ല്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























