സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...

കോണ്‍ഗ്രസ് നേതാവും രാജീവ് ഗാന്ധിയുടെ ഭാര്യയുമായ സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ് വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന. ആകെ വിറ്റഴിഞ്ഞ കോപ്പികളുടെ കൃത്യമായ ഔദ്യോഗിക കണക്ക് പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന. ഇക്കൊല്ലം ഇന്ത്യയിലെ ഏറ്റവും വലിയ റിക്കാര്‍ഡ് വില്‍പന സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കായിരിക്കുമെന്നും പത്തു ലക്ഷം കോപ്പി വരെ വിറ്റുപോയേക്കാമെന്നുമാണ് സൂചന.
കേരളത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍തോതില്‍ കോപ്പികള്‍ വാങ്ങി പല പ്രമുഖര്‍ക്കും സമ്മാനമായി നല്‍കി വരുന്നുണ്ട്.
ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും പറ്റിയുള്ള നിരവധി വെളിപ്പെടുത്തലുകള്‍ പുസ്തകത്തിലുണ്ടെന്നതാണ് വായനക്കാരെ ആകര്‍ഷിക്കുന്നത്. സത്യത്തോടും ചരിത്രത്തോടും നീതി പുലര്‍ത്തിയ പുസ്തകം യാതൊരു വിവാദവും ഉണ്ടാക്കിയില്ലെന്നതും മറ്റൊരു പ്രത്യേകതയാണ്.ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വങ്ങള്‍ മറികടന്ന അനുഭവങ്ങള്‍ വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പക്ഷേ അപൂര്‍വമായ കഥയാണ്.
പ്രധാനമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടപ്പോള്‍ നാലുപതിറ്റാണ്ട് ജീവിച്ച രാജ്യത്തെ പൗരത്വത്തിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെട്ടതിന്റെ വേദന സോണിയാ ഗാന്ധി മറച്ചുവയ്ക്കുന്നില്ല. അതേ സമയം പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രിപദം ആഗ്രഹിച്ചിരുന്നതായും സോണിയ ആത്മകഥയില്‍ പറയുന്നു.ഇറ്റലിയിലെ ബാല്യകാലം മുതല്‍ ഇന്ത്യയിലെ ജീവിതം വരെയുള്ള സോണിയ ഗാന്ധിയുടെ യാത്രയാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. കേംബ്രിഡ്ജില്‍ പഠനകാലത്ത് രാജീവ് ഗാന്ധിയുമായുണ്ടായ പരിചയവും പ്രണയവും വിവാഹവും തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വരവും ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളായി പുസ്തകത്തില്‍ ഇടംപിടിക്കുന്നു.
ഒരു വിദേശ രാജ്യത്ത് ജനിച്ചുവളര്‍ന്ന പെണ്‍കുട്ടി പിന്നീട് ഇന്ത്യയെ സ്വന്തം വീടായും രാജ്യമായും സ്വീകരിച്ച അനുഭവങ്ങളും ഇതില്‍ പങ്കുവെക്കുന്നു.
ഹാര്‍പ്പര്‍ കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച 544 പേജുള്ള ആത്മകഥയില്‍ കേംബ്രിഡ്ജില്‍ നിന്നുള്ള തുടക്കം മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പ് വരെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍, കോണ്‍ഗ്രസിനെ നയിച്ച വര്‍ഷങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. 2004ല്‍ പ്രധാനമന്ത്രി പദം വേണ്ടെന്നുവച്ചതിന് പിന്നിലെ മാനസിക സംഘര്‍ഷങ്ങള്‍ ആദ്യമായാണ് അവര്‍ വെളിപ്പെടുത്തുന്നത്.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രധാനമന്ത്രിയാകില്ലെന്ന് രാഹുലിനോടും പ്രിയങ്കയോടും വ്യക്തമാക്കിയിരുന്നു.
സഞ്ജയ് ഗാന്ധിയെക്കാള്‍ പത്തു വയസ് ഇളപ്പമായിരുന്ന മേനകാ ഗാന്ധിയെക്കുറിച്ചു അവര്‍ വീടു വിട്ട് പോയതിനെക്കുറിച്ചും പരമാര്‍ശമുണ്ട്. തുടക്കത്തില്‍ ബന്ധം ഊഷ്മളമായിരുന്നുവെന്നും എന്നാല്‍ സൗന്ദര്യപ്പിണക്കങ്ങളുടെ പേരില്‍ ഇരുവരും അകലുകയാരുന്നുവെന്നും സോണിയ വിശദമായി പ്രതിപാദിക്കുന്നു. സഞ്ജയ് ഗാന്ധി വിമാനാപകത്തില്‍ 1980ല്‍ കൊല്ലപ്പെട്ടപ്പോള്‍ മേനക ഗാന്ധിക്ക് 23 വയസായിരുന്നു പ്രായം. മകന്‍ വരുണ്‍ ഗാന്ധിക്ക് മൂന്നു മാസം മാത്രമായിരുന്നു അന്ന് പ്രായം.
സഞ്ജയ് ഗാന്ധിയുടെ പിന്‍ഗാമിയായി ഇന്ദിരാഗാന്ധി മേനകയെ പരിഗണിക്കുമെന്നായിരുന്നു അവരുടെയും കുടുംബത്തിന്റെയും ധാരണ. എന്നാല്‍ പ്രായവും പക്വതയുമില്ലാത്ത പ്രായത്തില്‍ മേനകയെ രാഷ്ട്രീയത്തില്‍ ഇറക്കാന്‍ ഇന്ദിരാഗാന്ധി താല്‍പര്യപ്പെട്ടിരുന്നില്ല. ഇതോടെ ഇന്ദിരയുമായി അകന്ന മേനക വീടുവിട്ടിറങ്ങിയെന്നും ആത്മകഥ വ്യക്തമാക്കുന്നു.തന്റെ സ്വകാര്യ ജീവിതത്തിലെ വേദനിപ്പിക്കുന്ന പല ഏടുകളും സോണിയ ഗാന്ധി പുസ്തകത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. മാസം തികയാതെ ജനിക്കുകയും ജനിച്ചു വീണ് അധികം വൈകാതെ മരിക്കുകയും ചെയ്ത തങ്ങളുടെ ആദ്യ കുഞ്ഞിന്റെ വേര്‍പാട് എത്രമാത്രം തളര്‍ത്തിയിരുന്നുവെന്നും, കുഞ്ഞിന്റെ മൃതദേഹം നദിയിലൊഴുക്കാതെ മണ്ണില്‍ അടക്കം ചെയ്യണമെന്ന് താന്‍ ശാഠ്യം പിടിച്ചതിനെയും കുറിച്ചെല്ലാം സോണിയ വിശദീകരിക്കുന്നുണ്ട്.
ഇറ്റലിയില്‍ നടത്തിയ സ്തനാര്‍ബുദ ചികിത്സയെക്കുറിച്ചും അത് മാധ്യമ ശ്രദ്ധയില്‍പ്പെടാതെ രഹസ്യമായി സൂക്ഷിച്ചതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്.2004ല്‍ പ്രധാനമന്ത്രി പദം നിരസിച്ച സംഭവത്തിലും ചില വസ്തുതകള്‍ സോണിയ വെളിപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രിയാകില്ലെന്ന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ താന്‍ തീരുമാനിച്ചിരുന്നുവെന്നും, ഇന്ദിരയുടെയും രാജീവിന്റെയും വധത്തിന് സാക്ഷ്യം വഹിച്ച മക്കളായ രാഹുലിന്റെയും പ്രിയങ്കയുടെയും കടുത്ത എതിര്‍പ്പാണ് അതിന് പ്രധാന കാരണമായതെന്നും അവര്‍ പറയുന്നു. സഖ്യകക്ഷി നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരിക്കല്‍ അതിന് സമ്മതം പറഞ്ഞെങ്കിലും മക്കള്‍ അതിനെ എതിര്‍ക്കുകയും സ്വന്തം മനസ്സാക്ഷിയോട് നീതി പുലര്‍ത്താന്‍ തീരുമാനിച്ച് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമായിരുന്നു.
1984ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിനോട് തനിക്ക് കടുത്ത എതിര്‍പ്പായിരുന്നുവെന്നും, അതൊരു മരണശിക്ഷയായിട്ടാണ് താന്‍ കണ്ടതെന്നും അവര്‍ പുസ്തകത്തില്‍ കുറിക്കുന്നു.
https://www.facebook.com/Malayalivartha

























