ഡാര്‍ക്ക് മാറ്ററിന്റെ സാന്നിധ്യം കണ്ടെത്തിയ വേര റൂബിന്‍ അന്തരിച്ചു

പ്രപഞ്ചത്തിലെ ഡാര്‍ക്ക് മാറ്ററിന്റെ സാന്നിധ്യം മനസിലാക്കാന്‍ വഴിതുറന്ന വിഖ്യാത ജ്യോതിശാസ്ത്രജ്ഞ വേര റൂബിന്‍ (88) അന്തരിച്ചു. ന്യൂ ജേഴ്‌സിയിലെ പ്രിന്‍സ്റ്റണില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. ഗാലക്‌സികളുടെ ഭ്രമണനിരക്ക് പഠിക്കുമ്‌ബോഴാണ്, അദൃശ്യദ്രവ്യമായ ശ്യാമദ്രവ്യത്തിന്റെ സൂചന വേര റൂബിന് ലഭിച്ചത്. അതാണ് ശാസ്ത്രലോകത്തെ ശ്യാമദ്രവ്യ സിദ്ധാന്തത്തിലേക്ക് നയിച്ചത്. ഗാലക്‌സികളുടെ ബാഹ്യഅതിരുകളിലുള്ള നക്ഷത്രങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഗാലക്‌സി കേന്ദ്രത്തെ ചുറ്റുന്നതായി 1974 ലാണ് അവര്‍ നിരീക്ഷിച്ചത്. ഗുരുത്വബലം അടിസ്ഥാനമാക്കി നടത്തിയ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ആ നക്ഷത്രങ്ങള്‍ കുറഞ്ഞ വേഗത്തിലാണ് സഞ്ചരിക്കേണ്ടിയിരുന്നത്.
വേര റൂബിന്റെ നിരീക്ഷണത്തെ ഗുരുത്വബലവുമായി പൊരുത്തപ്പെടുത്താന്‍ പുതിയ ചില നീക്കുപോക്കുകള്‍ വേണ്ടിവന്നു. അദൃശ്യമായ ഒരിനം നിഗൂഢദ്രവ്യം പ്രപഞ്ചത്തിലുണ്ടെന്നും, അതാണ് മേല്‍സൂചിപ്പിച്ച നിരീക്ഷണത്തിന് കാരണമെന്നും ശാസ്ത്രലോകം നിഗമനത്തിലെത്തി. ആ നിഗൂഢ ദ്രവ്യത്തിന് ശ്യാമദ്രവ്യം എന്ന് പേരും നല്‍കി. പ്രപഞ്ചത്തിന്റെ വിശാലഘടനയില്‍ 27 ശതമാനം ശ്യാമദ്രവ്യമാണ് എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
നന്നെ ചെറുപ്പത്തില്‍ത്തന്നെ ജ്യോതിശാസ്ത്രരംഗത്ത് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു വേര റൂബിന്‍. അവളെ ചെറുപ്പത്തില്‍ ടെലസ്‌കോപ്പുകളും മറ്റുമുണ്ടാക്കാന്‍ സ്വന്തം പിതാവ് സഹായിച്ചിരുന്നു. കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. ജോര്‍ജ്ജ്ടൗണ്‍ സര്‍വ്വകലാശാലയില്‍നിന്ന് 1954 ല്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. പിന്നീട് വാഷിങ്ടണിലെ കോര്‍ണിജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് ഗവേഷണം നടത്തി.
ജ്യോതിശാസ്ത്ര രംഗത്ത് വേര റൂബിന്‍ നടത്തിയ കണ്ടെത്തലുകള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. 1993 ല്‍ യുഎസ് നാഷണല്‍ മെഡല്‍ ഓഫ് സയന്‍സ് അവരെ തേടിയെത്തി.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട വനിതാ ശാസ്ത്രജ്ഞരിലൊരാളായാണ് വേര റൂബിന്‍ വിലയിരുത്തപ്പെടുന്നത്. എന്നിട്ടും അവര്‍ക്ക് നൊബേല്‍ പുരസ്‌ക്കാരം ലഭിക്കാത്തത് പലരെയും അമ്ബരപ്പിക്കുന്നു.
https://www.facebook.com/Malayalivartha