സാങ്കേതിക സർവകലാശാലയിലെ അശാസ്ത്രീയമായ ‘ഇയർ ഔട്ട്’ സംവിധാനം വിദ്യാർഥികളെ വലയ്ക്കുന്നു

സാങ്കേതിക സർവകലാശാലയിലെ അശാസ്ത്രീയമായ ‘ഇയർ ഔട്ട്’ സംവിധാനം വിദ്യാർഥികളെ വലയ്ക്കുന്നു. എല്ലാ വിഷയവും ജയിക്കാതെ അടുത്ത സെമസ്റ്ററിലേക്ക് പ്രവേശനം ലഭിക്കാത്ത ഇയർ ഔട്ട് സംവിധാനം നിലനിൽക്കുന്നതിനാൽ പഠനം തുടരാനാകാത്ത സ്ഥിതിയിലാണ് സംസ്ഥാനത്തെ എഞ്ചിനീയറിംഗ് വിദ്യാർഥികൾ. പരീക്ഷ ഫലം വൈകുന്നതിനാൽ ഒരുവർഷം നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു. പ്രധാന പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം കൃത്യമായി പ്രസിദ്ധീകരിക്കാൻ സാങ്കേതികസർവകലാശാലയ്ക്ക് കഴിയുന്നില്ല എന്നതാണ് ഇതിന്റെ കാരണം.
പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും ഓൺലൈനിലൂടെയാണ്. ഇതിനുള്ള സോഫ്റ്റ്‌വെയർ വിക സിപ്പിച്ചെടുത്ത സ്വകാര്യ കമ്പനിക്ക് തന്നെയാണ് നടത്തിപ്പുചുമതലയും. സോഫ്റ്റ്‌വെയർ തകരാറാണ് ഫലപ്രഖ്യാപനം വൈകിക്കുന്നതിന്റെ പിന്നിൽ എന്നാണ് പറയുന്നത്. പരീക്ഷാനടത്തിപ്പിൽനിന്ന് സ്വകാര്യ ഏജൻസിയെ മാറ്റണമെന്ന് വിദ്യാർഥികൾ ആദ്യംമുതൽ ആവശ്യപ്പെടുന്നുണ്ട്. മുൻവർഷം ഇതിന്റെപേരിൽ സമരവുമുണ്ടായി. കാരണം ഫലപ്രഖ്യാപനത്തിലൂടെ അറിയുന്നത് കൃത്യമായ മാർക്ക് അല്ല എന്നതുതന്നെയാണ് വിദ്യാർത്ഥികളെ ചൊടിപ്പിക്കുന്നത്. ഫലംവരുമ്പോൾ മെച്ചപ്പെട്ട മാർക്ക് കിട്ടേണ്ട വിഷയങ്ങൾക്ക് തോറ്റെന്ന് രേഖപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
സപ്ലിമെന്ററി പരീക്ഷയുടെ ഫലവും കാത്തു വിദ്യാർഥികൾ മാസങ്ങളോളം ഇരിക്കുന്നു. സെമസ്റ്ററിലെ എല്ലാ വിഷയങ്ങളുടെയും ഫലം ഒരുമിച്ചല്ല പ്രസിദ്ധീകരിക്കുന്നത്. ഇതും ഫലപ്രഖ്യാപനം അപൂർണമാക്കുന്നു. നാലാം സെമസ്റ്റർവരെയുള്ള പേപ്പറുകൾ എഴുതി ജയിക്കാൻ ആറാം സെമസ്റ്റർവരെ അവസരം നൽകണമെന്നാണ് അധ്യാപകരുടെയും അഭിപ്രായം. കൃത്യമായ ഉത്തരം നൽകാൻ സർവകലാശാലാ അധികൃതർക്കാകുന്നില്ല. മുടങ്ങിയ ഫലം എപ്പോൾ പ്രഖ്യാപിക്കുമെന്നത് സംബന്ധിച്ചും അവ്യക്തതയാണ്. ഇവിടെ നഷ്ടപ്പെടുന്നത് കുട്ടികളുടെ ഒരു അധ്യയന വർഷമാണ് അവരുടെ ഭാവിയാണ്.
https://www.facebook.com/Malayalivartha