സി.ബി.എസ്.ഇ. സ്‌കൂളുകളെ ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളാക്കാൻ നടപടി

എല്ലാ വിദ്യാർഥികൾക്കും ആധാർ നിർബന്ധമാക്കുന്നതിന്റെ ഭാഗമായി സി.ബി.എസ്.ഇ.യുമായി അഫിലിയേറ്റു ചെയ്ത എല്ലാ സ്‌കൂളുകളും ഇനി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളാക്കാൻ നടപടി. അതത് സ്‌കൂളിലെ കുട്ടികൾക്ക് പുറമെ അധ്യാപകർ, അനധ്യാപകർ എന്നിവർക്കും കുടുംബാംഗങ്ങൾക്കുമാണ് ഇവിടെ ആധാർ എടുക്കാൻ കഴിയുക. ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ സി.ബി.എസ്.ഇ. അദ്ധ്യക്ഷൻ ആർ.കെ. ചതുർവേദി സ്‌കൂളുകൾക്ക് നിർദേശം നൽകി.
അതാത് സ്കൂളിലെ നിലവിൽ ആധാർ ഇല്ലാത്ത വിദ്യാർഥികൾക്കും പ്രൈമറി ക്ലാസുകളിൽ ചേരുന്ന കുട്ടികൾക്കും സ്‌കൂളുകളിലെ സൗകര്യം പ്രയോജനപ്പെടുത്താം. ഇതിനായി യു.ഐ.ഡി.എ.ഐ. (യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) നിർദേശിക്കുന്ന ഏറ്റവും പുതിയ സോഫ്‌റ്റ്‌വേർ ആണ് സ്‌കൂളുകളിൽ ഉപയോഗിക്കേണ്ടത്.കംപ്യൂട്ടർ, പ്രിന്റർ, ബയോമെട്രിക് സംവിധാനം തുടങ്ങിയവ സജ്ജമാക്കേണ്ടതും ഓപ്പറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഒരുക്കണ്ടേതും സ്‌കൂളുകളുടെ ഉത്തരവാദിത്തമാണ്.
ഓരോ ആധാറിനും 30 രൂപ വീതം സ്‌കൂളുകൾക്ക് സി.ബി.എസ്.ഇ നൽകും. ഈ തുകയിൽനിന്ന് ഇതിന് നിയോഗിക്കുന്ന ജീവനക്കാർക്ക് പ്രതിഫലം നൽകാനാകുമെന്നാണ് സ്‌കൂൾ അധികൃതർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതെല്ലം ഉടനെ നടപ്പിൽ വരുത്തുമോ എന്ന് കണ്ടു തന്നെ അറിയണം.
https://www.facebook.com/Malayalivartha