'നീയും ഞാനും സൂക്ഷിച്ചു വച്ച കത്തുകള്‍, വിവാഹശേഷം കത്തിച്ചു കളഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. നനുത്ത വെള്ളക്കടലാസില്‍ എഴുതിയ ആ കത്തുകളിലെ, മഷി ഉണങ്ങി മങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും, തീ വിഴുങ്ങുമ്ബോള്‍ , അക്ഷരങ്ങള്‍ തിളങ്ങി, അവ നക്ഷത്രങ്ങളായി, മേലോട്ട് പൊങ്ങി പോകുന്നത് നമ്മള്‍ നോക്കി നിന്നു. ഒരു കാലം ജ്വലിച്ചു നില്‍ക്കുന്നത്...' അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ഒരു കുറിപ്പ് ആരാധകര്‍ക്കായി പങ്കുവച്ച് അനൂപ് മേനോൻ

അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന മനോഹരമായ ഒരു കുറിപ്പ് പങ്കുവച്ച് നടന്‍ അനൂപ് മേനോന്‍. അച്ഛന്‍ അമ്മയ്‌ക്കെഴുതിയ പിറന്നാള്‍ കുറിപ്പാണിതെന്നും പരസ്പരം സ്നേഹിക്കുന്ന എല്ലാവര്‍ക്കുമായി ഇത് പങ്കുവയ്ക്കുന്നു എന്ന ആമുഖത്തോടെയുമാണ് അനൂപ് മേനോന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...
പ്രിയപ്പെട്ടവളെ,
ജന്മദിന ആശസകള്‍ നേരുന്നതരത്തില്‍, എഴുതേണ്ട വിധത്തില്‍, അകംപൊള്ളയായ ഔപചാരികതയല്ല നമ്മുടെ ബന്ധം. എങ്കിലും, പണ്ട് കൈമാറിയ അനേകം കത്തുകളുടെ മിനുത്ത ഓര്‍മ്മയിലും, അതിന്റെ നിറവിലും നൈര്‍മല്യത്തിലും, ഒരു തോന്നല്‍. എഴുതൂ, എഴുതൂ ആരോ പറയുന്നു. വേറെ ആരുമല്ല, എന്റെ മനസ്സ്, ഇനിയും യൗവനം വിടാത്ത ഹൃദയം.
കത്തുകള്‍ വളര്‍ത്തി വലുതാക്കിയതും, അര്‍ത്ഥവും, അടുപ്പവും ആഴവും നല്‍കിയതും കൂടിയാണ് നമ്മുടെ ബന്ധം. ഓരോ കത്തിലൂടെയും നാം പരസ്പരം കണ്ടു. കണ്ണാടിയില്‍ എന്നപോലെ, അടുത്തു, അറിഞ്ഞു.നമ്മള്‍ നമ്മെ വായിച്ചു പഠിച്ചു. രസിച്ചു.
ഓരോ കത്തും നമ്മെ കൂടുതല്‍ അടുപ്പിച്ചു, അകലങ്ങളെ, അപ്രസക്തങ്ങള്‍ ആക്കി. പറയാന്‍ എഴുതാന്‍ പാടില്ലാത്തതായി ഒന്നും ഇല്ലാതെയായി. അങ്ങനെയും ഒരു കാലം. അല്ലെങ്കില്‍, അത്തരമൊരു കാലത്തെ നാം പണിതൊരുക്കി.
നീയും ഞാനും സൂക്ഷിച്ചു വച്ച കത്തുകള്‍, വിവാഹശേഷം കത്തിച്ചു കളഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. നനുത്ത വെള്ളക്കടലാസില്‍ എഴുതിയ ആ കത്തുകളിലെ, മഷി ഉണങ്ങി മങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും, തീ വിഴുങ്ങുമ്ബോള്‍ , അക്ഷരങ്ങള്‍ തിളങ്ങി, അവ നക്ഷത്രങ്ങളായി, മേലോട്ട് പൊങ്ങി പോകുന്നത് നമ്മള്‍ നോക്കി നിന്നു. ഒരു കാലം ജ്വലിച്ചു നില്‍ക്കുന്നത്.
ഇന്ന് തോനുന്നു, വേണ്ടിയിരുന്നില്ല, അത് നശിപ്പിക്കേണ്ടിയിരുന്നില്ല. അതൊരു പ്രണയകാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ആയിരുന്നു. അക്ഷരങ്ങളില്‍ ഒതുങ്ങാത്ത ചില അനന്യ വികാരങ്ങളുടെ പകര്‍ത്തെഴുത്തു ആയിരുന്നു. ഇന്ന് അതിന്റെ വായനയുടെ അനുഭവതലം എത്ര ആകര്‍ഷകം ആയിരിക്കുമായിരുന്നു. ഓര്‍ത്തെടുക്കട്ടെ....
അന്ന് താമസിച്ച പേട്ടയിലെ വാടക വീട്ടില്‍ നിന്നാണ് ജീവിതം തുന്നികൂട്ടുന്ന അത്ഭുത വിദ്യ നാം പഠിച്ചത്. കത്തെഴുത്തിന്റെ അത്രയും ലാഘവമിയലുന്ന ഒരു അക്ഷീണ യുക്തിയല്ല ജീവിതമെന്നു നാം അറിഞ്ഞത്. ആ വാടകവീട് പഠിപ്പിച്ച പാഠം, മറ്റു ഒരു പള്ളിക്കൂടത്തുനിന്നും നമുക്ക് ലഭിച്ചിട്ടില്ല.
പരിമിതികളെ പരിഭവങ്ങള്‍ ഏശാതെ കയ്യേല്‍ക്കാനും, അത് പ്രകാശിപ്പിക്കാതെ ഉള്ളിലൊതുക്കുവാനും നിനക്കുള്ള വൈഭവം, പിന്നെ എപ്പോഴോ ആണ് ഞാന്‍ കണ്ടറിഞ്ഞത്.
പ്രതിസന്ധി ഘട്ടങ്ങളില്‍, ഭീഷണമായ രോഗാതുരതയില്‍, വ്യാപാരസംബന്ധിയായ തകര്‍ച്ചയില്‍ ഉള്‍പ്പെടെ നീ പുലര്‍ത്തിയ സ്ഥൈര്യം, നീ പ്രകര്‍ഷിച്ച ആത്മ വിശ്വാസമൊക്കെ, ഇല്ലായിരുന്നുവെങ്കില്‍, തകര്‍ന്നു പോയേനെ നാം. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ. ഇന്ന്, നിന്റെ ജന്മ നാളില്‍ നിന്നുകൊണ്ട്, പിറകില്‍ പോയ കാലങ്ങളെ, ഓര്‍ത്തെടുക്കുമ്ബോള്‍, പ്രിയപ്പെട്ടവളെ, എനിക്ക് നിന്നോട് സ്നേഹത്തേക്കാള്‍ ബഹുമാനമാണ് തോന്നുന്നത്.
നമ്മള്‍, കുട്ടികളും അവരുടെ കുട്ടികളും എന്താണോ, അതിനു കാരണവും കര്‍മവും നീ തന്നെയാണ്. നീ തന്നെ. മകന്‍ പറയുന്നത് നീ കേട്ടിട്ടില്ലേ, മാനം നോക്കി നടക്കാനും, അവിടേക്ക് പറന്നെത്താനും പറഞ്ഞത് പപ്പയാണെങ്കിലും, മണ്ണില്‍ ചവിട്ടി ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്, പരിചയിപ്പിച്ചത് നീയാണെന്ന്.
ഒരുകാലത്തു ആകാശം കണ്ടു മോഹിച്ചു നടന്ന എന്നെയും, തനിച്ചു നില്‍ക്കാനും തറയില്‍ നില്‍ക്കാനും പരിശീലിപ്പിച്ചത് നീ തന്നെ. എനിക്കായി, എനിക്ക് മാത്രമായി ജനിച്ചവളെ നിനക്ക് മംഗളങ്ങള്‍.
https://www.facebook.com/Malayalivartha