മോഹന്‍ലാലിന്റെ ചിത്രം സഹിതം നൽകി കടുത്ത പരിഹാസവുമായി വീണ്ടും കെആര്‍കെ; അസഭ്യവർഷം ശരിയല്ലെന്നും താരം

മോഹന്‍ലാലിനെതിരെ വീണ്ടും പരിഹാസവുമായി നടനും ബോളിവുഡ് നിരൂപകനുമായ കമാല്‍ ആര്‍ ഖാന്‍ രംഗത്തെത്തി. ഇത്തവണ മോഹന്‍ലാലിന്റെ ചിത്രം സഹിതം നല്‍കിയാണ് കെആര്‍കെയുടെ പരിഹാസ ട്വീറ്റ്. 'ദയവായി ഈ ഛോട്ടാഭീമിനെ ഒന്ന് കാണൂ... ഈ ജോക്കര്‍ മഹാനായ ഭീമന്റെ കഥാപാത്രം അവതരിപ്പിക്കുകയാണെങ്കില്‍ അത് ഭീമന് തന്നെ വലിയ നാണക്കേടാകും..'കെആര്‍കെ പറയുന്നു. 'രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താങ്കളുടേതായി ഞാന്‍ കണ്ടിട്ടുള്ളത്.
അങ്ങനെയാണ് താങ്കളെ എനിക്ക് അറിയുന്നതും. ഈ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനെപ്പോലെയാണ് താങ്കള്‍ ഇരിക്കുന്നത്. രാവിലെ മുതല്‍ മലയാളികള്‍ എന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഭീമനാകാന്‍ മോഹന്‍ലാലിന് കഴിയില്ല എന്ന് പറഞ്ഞതാണോ ഞാന്‍ ചെയ്ത തെറ്റ്? നിങ്ങള്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ല.' കെആര്‍കെ പറഞ്ഞു. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനെ പരിഹസിച്ചുകൊണ്ടുള്ള കെആര്‍കെയുടെ ആദ്യ ട്വീറ്റാണ് വിവാദമായത്.
ലാലിനെ കണ്ടാല്‍ ഛോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. മഹാഭാരതം സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ലാലിനെ കളിയാക്കി കമാല്‍ രംഗത്തെത്തിയത്. ചിത്രത്തിന്റെ നിര്‍മാതാവ് ബി.ആര്‍. ഷെട്ടി എന്തിനാണ് ഇത്രയും പണം ചെലവാക്കുന്നതെന്നും കെആര്‍കെ ചോദിക്കുന്നു. എന്നാല്‍ ഇതോടെ കെആര്‍കെയ്ക്ക് ശനിദശ ആരംഭിച്ചു.
മലയാളികള്‍ ഹിന്ദിയിലും മലയാളത്തിലും ഇംഗ്‌ളീഷിലുമൊക്കെ കെആര്‍കെയെ ചീത്തവിളിച്ചു തുടങ്ങി. ഒരു മലയാള ചിത്രത്തിന് വേണ്ടി 1000 കോടി മുടക്കുന്നു എന്നത് ദേശീയതലത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് മഹാഭാരതം ഒരുങ്ങുന്നത്. പരസ്യ സംവിധായകന്‍ വി.എ. ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
https://www.facebook.com/Malayalivartha
























