കഥാപാത്രത്തെ ഉള്‍ക്കൊളളാന്‍ വിക്രം തന്റെ ശരീരത്തോട് ചെയ്യുന്നത്!

ശരീരവും ആഹാരക്രമവും വിക്രമിലെ അഭിനേതാവിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ആഹാരം അമിതമായി കഴിച്ച് ദേശീയ പുരസ്‌ക്കാരം വരെ താരം നേടിയിട്ടുണ്ട്. കരിയറില്‍ ടേണിംഗ് പോയിന്റായ സേതുവില്‍ ടൈറ്റില്‍ റോളിനായി പച്ചവെള്ളം കുടിച്ചും 12 കിലോ കുറച്ചുമാണ് പ്രേക്ഷകരെ ഞെട്ടിച്ചത്.
ദേശീയ അവാര്‍ഡ് കിട്ടിയ പിതാമഹനിലെ സിത്തന്‍ എന്ന വേഷത്തിനായി ദിവസവും 30 കോഴിമുട്ടയും ഒരുകിലോ ഇറച്ചിയും കഴിച്ച് തടികൂട്ടി. പത്ത് പേരുടെ കരുത്ത് കാട്ടണമായിരുന്നു അയാള്‍. അന്യനില്‍ അംബിക്ക് വേണ്ടി നന്നേ മെലിഞ്ഞു. പിന്നെ അന്യന്‍ എന്ന കഥാപാത്രത്തിനായി തടി കൂട്ടി. രാവണനിലെ കഥാപാത്രത്തിന് വേണ്ടി ജിമ്മില്‍ മണിക്കൂറുകളോളം ചെലവഴിച്ച് ശരീരം ഉറപ്പിച്ചു. കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ശരീരത്തിന് നല്ല പോലെ പങ്കുണ്ടെന്നാണ് താരം പറയുന്നത്.
ഐക്ക് വേണ്ടിയാണ് ഏറ്റവും അധികം പ്രയാസപ്പെട്ടത്. ഡോക്ടര്‍മാരുടെ പരിചരണത്തിലും ശ്രദ്ധയിലുമായിരുന്നു മെലിഞ്ഞതും തടിവെച്ചതും. തടിവെയ്ക്കുന്നതിനേക്കാള്‍ ഏറെ ബുദ്ധിമുട്ടാണ് മെലിയാന്‍. ഏത് സമയവും അസുഖങ്ങള്‍ വരാം. ശരീരം കഥാപാത്രങ്ങള്‍ക്കായി ഉഴിഞ്ഞുവയ്ക്കുന്നതിന്റെ ക്ഷീണം മാറ്റാന്‍ ആയൂര്‍വേദ ചികില്‍സയ്ക്കായി ഇടയ്ക്കിടെ വിക്രം കേരളത്തിലെത്തും. തൃശൂരിലെ തൈക്കാട്ട് മൂസിന്റെ വൈദ്യശാലയിലാണ് സുഖ ചികില്‍സ. ഭാര്യയുടെ വീട് കണ്ണൂരിലാണ്. ഇവിടേക്കുള്ള വരവില്‍ താരം അവിടെയും പോകാറുണ്ട്.
ഭക്ഷണക്കാര്യത്തില്‍ വിക്രമിന് കുറച്ചൊക്കെ മലയാളിത്തമുണ്ട്. ഭാര്യ മലയാളിയായതും പിന്നെ മലയാള സിനിമകളില്‍ കുറേക്കാലം അഭിനയിച്ചത് കൊണ്ടും ഉണ്ടായതാണത്. പഴഞ്ചോറും ഉണക്കമീനും ഏറെ ഇഷ്ടമാണ്. പിന്നെ കോഴിക്കോട്ട് കിട്ടുന്ന കല്ലുമ്മക്കായ, കരിമീന്‍, മമ്മൂട്ടിയുടെ വീട്ടിലെ ബിരിയാണി അങ്ങനെ പോകുന്നു ഇഷ്ടങ്ങള്‍. ആരെങ്കിലും കോഴിക്കോട്ടൂന്ന് വരുന്നുണ്ടെന്നറിഞ്ഞാല്‍ കുറച്ച് കല്ലുമ്മക്കായ വാങ്ങിവരാന്‍ താരം പറയും. ഇതറിയാവുന്നവര്‍ പറയാതെ തന്നെ വാങ്ങിവരും.
https://www.facebook.com/Malayalivartha


























