രാമലീലയ്ക്ക് പിന്തുണ നല്‍കിയതിന് കാരണം വെളിപ്പെടുത്തി മഞ്ജു

ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം റിലീസായ സിനിമയാണ് രാമലീല. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുമ്പോഴാണ് നായകന്‍ ദിലീപ് അറസ്റ്റിലാകുന്നത്.രാമലീല ബഹിഷ്‌കരിക്കണമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയേറ്റര്‍ കത്തിക്കണമെന്നും വരെ ആഹ്വാനം ഉയര്‍ന്ന സാഹചര്യത്തില്‍ സിനിമാരംഗത്ത് നിന്ന് നിരവധി ആളുകളാണ് ചിത്രത്തിന് പിന്തുണയുമായി വന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ നടി മഞ്ജു വാര്യര്‍ നല്‍കിയ പിന്തുണയായിരുന്നു. ഫെയ്‌സ്ബുക്കില്‍ കൂടിയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ദിലീപിന്റെ രാമലീലയ്‌ക്കൊപ്പമായിരുന്നു മഞ്ജു നായികയായ ഉദാഹരണം സുജാതയും റിലീസ് ചെയ്തത്.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിലെ മറ്റു അംഗങ്ങളൊന്നും രാമലീലയ്ക്ക് പരസ്യമായി പിന്തുണ നല്‍കാതിരുന്നപ്പോഴായിരുന്നു മഞ്ജുവിന്റെ പിന്തുണ. താന്‍ എന്തുകൊണ്ട് രാമലീലയ്ക്ക് പിന്തുണ നല്‍കിയെന്ന് വ്യക്തമാക്കുകയാണ് മഞ്ജു. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സ് തുറന്നത്.
'ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ആവശ്യമാണ്. ഞാന്‍ അഭിനയിച്ച ഉദാഹരണം സുജാതയും ഒരു ടീം വര്‍ക്കാണ്. എല്ലാ സിനിമയ്ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്റെ ആഗ്രഹവും അതു തന്നെയാണ്. നല്ല ഉദ്ദേശത്തോടുകൂടി തന്നെയാണ് ഞാന്‍ രാമലീലയ്ക്ക് പിന്തുണ നല്‍കിയത്' മഞ്ജു പറഞ്ഞു.
https://www.facebook.com/Malayalivartha


























