സൗബിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു...

വളരെ കുറഞ്ഞ കാലയളവ് കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന നടനാണ് സൗബിന്‍ സാഹിര്‍. സിനിമയില്‍ അഭിനേതാവായി തുടക്കം കുറിച്ചെങ്കിലും സഹസംവിധായകനായും സംവിധായകനായുമൊക്കെ ആളുകളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് സൗബിന്‍. ആദ്യമായി സംവിധാനം ചെയ്ത പറവ സൃഷ്ടിച്ച മാറ്റം ഇപ്പോഴും അടങ്ങിയിട്ടില്ല. ഇതിനിടയിലാണ് സൗബിന്‍ നായകവേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത്. 'സുഡാനി ഫ്രം നൈജീരിയ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ദുല്‍ഖര്‍ ചിത്രത്തിന് ശേഷം സൗബിന്‍ ചിത്രത്തിനായി ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിലൂടെ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മിക്കുക. പറവയില്‍ കേന്ദ്രകഥാപാത്രമായി തിളങ്ങിയ ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. സൗബിനെ കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായെത്തും. ഫുട്‌ബോള്‍ പ്രമേയമാകുന്ന ചിത്രം സൗബിന്റെ കരിയറില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കോഴിക്കോടും മലപ്പുറത്തുമായിരിക്കും ചിത്രീകരണം. റെക്‌സ് വിജയനായിരിക്കും ചിത്രത്തിന് സംഗീതം നല്‍കുകയെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് കെ.എല്‍10 പത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹ്‌സിന പരാരിയും സംവിധായകന്‍ സകറിയയും ചേര്‍ന്നാണ്. വാള്‍ട്ട് ഡിസ്‌നിയുടെ 'ഡെസ്പറേറ്റ് ഹൗസ്‌വൈവ്‌സ് ആഫ്രിക്ക', 'ടിന്‍സല്‍', എം.ടി.വിയുടെ 'ഷുഗ' തുടങ്ങിയ ആഫ്രിക്കന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സൗബിനാപ്പം പ്രധാന താരമായി അഭിനയിക്കുന്ന സാമുവല്‍ അബിയോള റോബിന്‍സണ്‍. മലപ്പുറത്ത് സെവന്‍സ് കളിക്കാനെത്തുന്ന 'സുഡാനി'യായാണ് റോബിന്‍സണ്‍ വേഷമിടുക.
https://www.facebook.com/Malayalivartha


























