ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്‌ക്കും മുസ്ലീംലീഗിനും കഴിയാത്തത് കെ.എം. മാണിക്ക് സാധിച്ചു, അങ്ങനെ സുകുമാരന്‍ നായര്‍ അയഞ്ഞു തുടങ്ങി

എന്‍എസ്‌എസും കോണ്‍ഗ്രസും തമ്മില്‍ നാളിതുവരെയുണ്ടാവാത്ത രീതിയിലുള്ള പടലപ്പിണക്കത്തിനാണ് കേരളം സാക്ഷിയായത്. കോണ്‍ഗ്രസിലെ സമുന്നതരായ നേതാക്കന്മാര്‍ പ്രശ്‌ന പരിഹാരത്തിനായി എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ കാണാനുള്ള ശ്രമം നടത്തി. എന്നാല്‍ ആരും തന്നെക്കാണാന്‍ വരണമെന്നില്ല എന്ന കര്‍ശന നിര്‍ദ്ദേശമാണ് സുകുമാരന്‍ നായര്‍ നല്‍കിയത്. കേരളയാത്രക്കിടയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലപോലും സുകുമാരന്‍ നായരെ കാണാനുള്ള ശ്രമം നടത്തി. എന്നാല്‍ സുകുമാരന്‍ നായര്‍ കാണാനനുവദിച്ചില്ല. രമേശ് ചെന്നിത്തലയും സുകുമാരന്‍ നായരും അകന്നതിന്റെ സൂചകമായി മാറി അത്. ഇതിനിടയ്‌ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ എന്‍എസ്‌എസിന്റെ ഏത് ആവശ്യമാണ് നടത്തിക്കൊടുക്കാത്തതെന്നു ചോദിച്ചിരുന്നു. അതിന് ശക്തമായ ഭാഷയിലാണ് എന്‍എസ്‌എസ് മറുപടി പറഞ്ഞത്. എന്‍എസ്‌എസ് പറഞ്ഞ ഏത് ആവശ്യമാണ് നടത്തിയതെന്ന് തുറന്നുപറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്‌തു. മാത്രമല്ല കരുണാകരനേയും എകെ ആന്റണിയേയും കുത്തിമലര്‍ത്തിയ നേതാവെന്നുപോലും മുഖ്യമന്ത്രിയെ സുകുമാരന്‍ നായര്‍ പരിഹസിച്ചു.
എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ഐക്യമുന്നണിയില്‍ നിന്നും വളരെ അകന്നത് എത്രമാത്രം ദോഷം വരുത്തുമെന്ന് യുഡിഎഫിലെ എല്ലാവര്‍ക്കും അറിയാമായിരുന്നു. എങ്ങനേയും സുകുമാരന്‍ നായരെ കാര്യങ്ങള്‍ പറഞ്ഞ് സമന്വയിപ്പിച്ചില്ലങ്കില്‍ ഉണ്ടാകാവുന്ന ഭവിഷത്ത് നേതാക്കന്മാര്‍ക്ക് അറിവായി. ആരെയും പെരുന്നയിലേക്ക് അടുപ്പിക്കില്ല. മുഖ്യമന്ത്രിക്ക് പോകാന്‍ പറ്റില്ല, രമേഷ് ചെന്നിത്തലയ്‌ക്ക് പോകാന്‍ പറ്റില്ല, തിരുവഞ്ചൂരിന് പോകാന്‍ പറ്റില്ല. പിന്നെ തലയെടുപ്പുള്ള മുസ്ലീം ലീഗിന് ഒട്ടും പറ്റില്ല. കാരണം അവര്‍ ഉണ്ടാക്കിയ അഞ്ചാം മന്ത്രിയും വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുമൊക്കെയാണ് എന്‍എസ്‌എസിനെ കൂടുതല്‍ ചൊടിപ്പിച്ചത്.
ഈയവസരത്തിലാണ് മുതിര്‍ന്ന യുഡിഎഫ് നേതാവും ധനകാര്യ മന്ത്രിയുമായ കെ.എം. മാണി ഈ ദൗത്യം ഏറ്റെടുത്തത്. എന്‍എസ്‌എസുമായി വളരെ അടുത്ത സൗഹൃദമുള്ള കെ.എം. മാണിയെ സുകുമാരന്‍നായര്‍ ഉചിതമായി സ്വീകരിച്ചു. ഇരുവരും വളരെനേരം സംസാരിച്ചു. സുകുമാരന്‍ നായര്‍ക്ക് ഐക്യമുന്നണിയോടുള്ള എതിര്‍പ്പിന്റെ കാരണങ്ങളെല്ലാം സുകുമാരന്‍ നായര്‍ വിശദീകരിച്ചു. എല്ലാം ക്ഷമയോടെ കേട്ട മന്ത്രി സുകുമാരന്‍നായരെ ആശ്വസിപ്പിക്കാനും മറന്നില്ല. രാഷ്‌ട്രീയ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്‌തില്ലെന്നാണ് മന്ത്രി പറഞ്ഞത്.
എന്തായാലും മന്ത്രി കെ.എം. മാണിയുടെ സന്ദര്‍ശനം യുഡിഎഫ് നേതാക്കള്‍ക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha