മന്ത്രിമാര്‍ അലങ്കാരങ്ങള്‍, ഭരണം എകെജി സെന്ററില്‍

സോളാര്‍ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ ഭരണം നന്നായി കൊണ്ടു പോകുന്നതിന് മന്ത്രിമാര്‍ക്കും കഴിയുന്നില്ല. മിക്ക മന്ത്രിമാരും വിവാദങ്ങളില്‍ നിന്നും എങ്ങനെ തലയൂരുമെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ മന്ത്രിമാരുടെ ജോലിപോലും ഉദ്യോഗസ്ഥര്‍ ചെയ്യുന്നു. മന്ത്രിപദം ഒരു അലങ്കാരമായി കൊണ്ടു നടക്കുമ്പോള്‍ പല സുപ്രധാനപരമായ തീരുമാനങ്ങള്‍ പോലും ഈ ഐഎഎസ് ഉദ്യോഗസ്ഥര്‍ എടുക്കുന്നു. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയോ എന്നു പോലും പല മന്ത്രിമാരും അറിയുന്നത്. ഇടതുപക്ഷത്തിന്റെ രഹസ്യ അജണ്ടയാണ് ഈ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് എന്ന ശ്രുതിയുമുണ്ട്. ഭരണ സ്ഥിരതയില്ലാത്തതിനാല്‍ ഈ ഉദ്യോഗസ്ഥരെ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് വിദ്യാഭ്യാസ വകുപ്പ്. ജോസഫ് മുണ്ടശ്ശേരിയെപ്പോലെ അതികായന്മാര്‍ ഇരുന്ന സീറ്റാണത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കുറച്ചുനാള്‍ മുമ്പേ അഭിപ്രായം ഉയര്‍ന്നതാണ്. എന്നാല്‍ വിദ്യാഭ്യാസം വിട്ടുള്ള ഒരു കളിക്കും മുസ്ലീംലീഗ് തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഏറെ പേരുദോഷം കേള്‍പ്പിക്കുന്ന വകുപ്പുമായി വിദ്യാഭ്യാസ വകുപ്പ്.
വിദ്യാഭ്യാസ വകുപ്പിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാനായി സിപിഎം ഭരണ സിരാകേന്ദ്രമായ എകെജി സെന്ററില്‍ ഒരു പ്രത്യേക സെല്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ജിഒ യൂണിയന്റെ പിന്‍ബലത്തോടെയാണ് ഈ സെല്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വ്വീസ് സംഘടനകളുടെ ഏകോപന സമിതിയാണ് ഈ സെല്ലിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഭരണത്തിലല്ലെങ്കിലും സിപിഎം തങ്ങളുടെ രഹസ്യ അജണ്ട അങ്ങനെ ഈ സെല്ലിലൂടെ നടപ്പിലാക്കുന്നു.
അങ്ങനെയാണ് പല ഉത്തരവുകളും വിദ്യാഭ്യാസ വകുപ്പില്‍ ഉണ്ടായത്. ഇതില്‍ ഏറ്റവും അവസാനത്തേതായിരുന്നു ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ നിയമനം സംബദ്ധിച്ചു പുറത്തിറക്കിയ സര്‍ക്കുലര്‍. എയ്‌ഡഡ് ഹയര്‍സെക്കന്ററി അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒരു തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷകരായി മൂന്നുപേരെങ്കിലും ഉണ്ടായിരിക്കണം. മൂന്നുപേര്‍ ഇല്ലെങ്കില്‍ വീണ്ടും പരസ്യം നല്‍കി അപേക്ഷകരെ ക്ഷണിക്കണം. എന്നിട്ടും യോഗ്യരായ അപേക്ഷകരെ ലഭിച്ചില്ലെങ്കില്‍ ഈ വിവരം ഹയര്‍സെക്കന്ററി ഡയറക്ടറേറ്റില്‍ അറിയിക്കണമെന്നാണ് വ്യവസ്ഥ. തുടര്‍ന്ന് സര്‍ക്കാര്‍ നേരിട്ട് പരസ്യം നല്‍കും. അതുപോലെ ഇന്റര്‍വ്യൂവിന് മാര്‍ക്കിടുന്നതിലും മാനദണ്ഡങ്ങള്‍ ഉണ്ട്. കൂടാതെ സര്‍ക്കാര്‍ അംഗീകരിച്ച ഒഴിവുകളിലേക്ക് മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളൂ.
വിവാദമായ ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ കേശവേന്ദ്ര കുമാറാണ്. വിദ്യാഭ്യാസ മന്ത്രിയെപ്പോലും അറിയിക്കാതെയാണ് കേശവേന്ദ്രകുമാര്‍ ഈ സര്‍ക്കുലര്‍ ഇറക്കിയത്. കെ.എസ്.യു. കാരുടെ കരി ഓയില്‍ പ്രയോഗത്തിലൂടെ ശ്രദ്ധനേടിയ ആള്‍ കൂടിയാണ് കേശവേന്ദ്ര കുമാര്‍.
ഹയര്‍ സെക്കന്‍ഡറിയില്‍ ഫീസ് വര്‍ധിപ്പിച്ചതിന് എതിരായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കരിയോയില്‍ പ്രയോഗം.
ബീഹാറിലെ ഒരു പാവപ്പെട്ട സാധാരണ കുടുംബത്തില്‍ നിന്നും പ്രീഡിഗ്രി കഴിഞ്ഞ് റെയില്‍വേ ക്ലര്‍ക്കായി ജോലി നോക്കിയായിരുന്നു കേശവേന്ദ്രകുമാറിന്റെ തുടക്കം. ജോലിയോടൊപ്പം ബിഎയും എഴുതിയെടുത്തു. തുടര്‍ന്ന് ഇരുപത്തി രണ്ടാമത്തെ വയസില്‍ നാല്‍പ്പത്തി അഞ്ചാം റാങ്കോടെ ഐഎഎസും നേടി. മുപ്പതു വയസില്‍ താഴെ പ്രായമുള്ള ഈ ചെറുപ്പക്കാരനായ ഐഎഎസ് ഓഫീസര്‍ ഇടതുപക്ഷത്തിന്റെ വക്താവാണെന്ന് നേരത്തേതന്നെ ആരോപണം ഉണ്ടായിരുന്നു. വിവാദമുണ്ടായിട്ടും താനിറക്കിയ സര്‍ക്കുലറില്‍ ഉറച്ചു നില്‍ക്കുകയാണ് കേശവേന്ദ്ര കുമാര്‍.
സര്‍ക്കുലര്‍ സംബന്ധിച്ച നിലപാടില്‍ ഉറച്ചു നിന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് കേശവേന്ദ്രകുമാര്‍ വിശദീകരണം നല്‍കി. മാനേജ്‌മെന്റിന്റെ ചൂഷണം തടയാന്‍ നിയന്ത്രണം അത്യാവശ്യമാണ്. നിയമനം സംബന്ധിച്ച് നിലവിലുളള സര്‍ക്കുലറുകള്‍ ക്രോഡീകരിക്കുക മാത്രമാണ് ചെയ്‌തത്. അതിനാലാണ് മന്ത്രിയെ അറിയിക്കാതിരുന്നത്. നിയമനം സംബന്ധിച്ച് കോടതിയുടെ ഭാഗത്തു നിന്ന് ഉള്‍പ്പെടെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എയിഡഡ് ജീവനക്കാര്‍ക്ക് സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്. അതിനാല്‍, നിയമനത്തിലും സുതാര്യത ഉറപ്പുവരുത്തണമെന്നും കേശവേന്ദ്ര കുമാര്‍ നിലപാട് സ്വീകരിച്ചു.
കേരളത്തിലെ എയ്‌ഡഡ് മേഖലയിലെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് വിവിധ സാമുദായിക സംഘടനകളാണ്. അവര്‍ക്കെതിരായുള്ള വെല്ലുവിളിയായാണ് ഈയൊരു സര്‍ക്കുലറിനെ കാണുന്നത്. ഇതിനോടകം പല സാമുദായിക സംഘടനകളും ഈ സര്‍ക്കുലറിനെതിരെ രംഗത്തെത്തിയിരുന്നു. ഭരണത്തെ പോലും സ്വാധീനിക്കുന്ന ഇത്തരം സംഘടിത ശക്തിക്കു മുമ്പില്‍ വിവാദ സര്‍ക്കുലര്‍ തിരുത്തുമെന്നാണ് സൂചന.
എന്തായാലും ഈ സര്‍ക്കുലര്‍ ഇറക്കിയത് താനറിയാതെയാണെന്നാണ് വിദ്യാഭ്യാസ മന്ത്രി ആണയിടുന്നത്. അപ്പോള്‍ സ്വാഭാവികമായും ചോദിക്കുന്ന ഒരു ചോദ്യമാണ്. മന്ത്രിമാര്‍ വെറു ആലങ്കാരികമായി ഇരുന്നാല്‍ ഭരണം നടക്കുമോ?
https://www.facebook.com/Malayalivartha