മണിച്ചിത്രത്താഴിലെ സണ്ണിയാകാന്‍ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ

മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയാകാന്‍ ഫാസില്‍ ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. പലപ്പോഴും സ്വയം വിഡ്ഢിയാകുന്ന കുറേ സീനുകള്‍ സിനിമയിലുള്ളതുകൊണ്ട് മമ്മൂട്ടി ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് പേടിയുണ്ടായിരുന്നു. അങ്ങനെയാണ് മോഹന്‍ലാലിനെ സമീപിച്ചത്. ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലിലിരുന്നാണ് മണിച്ചിത്രത്താഴിന്റെ കഥ മോഹന്‍ലാല്‍ കേള്‍ക്കുന്നത്. കഥ ലാലിന് ഇഷ്ടമായി. പക്ഷേ ഫാസിലിന് ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ചും ഗംഗയാണ് യഥാര്‍ത്ഥ മനോരോഗിയെന്ന് വിശദീകരിക്കുന്നിടത്തൊക്കെ വളരെ നീണ്ട ഡയലോഗുകളുണ്ട്. അതൊക്കെ ലാഗ് ചെയ്യുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.
എന്നാല്‍ അത്രയും വേണം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തിലകന്റെ ഇന്‍ഡ്രൊഡക്ഷന്‍ സീന്‍. തിലകനും വേണുവും ഇന്നസെന്റുമായി സംസാരിച്ചിരിക്കുന്നു. ആ സമയം അയാളുടെ മുഖത്തേയ്ക്ക് നോക്കിനില്‍ക്കണം എന്നൊരു നിര്‍ദ്ദേശം മാത്രമേ ഫാസില്‍ ലാലിന് നല്‍കിയിരുന്നുള്ളൂ. അയാള്‍ മനസ്സിലാക്കി എടുക്കുന്നുണ്ടോ എന്നറിയാനുള്ള ഭാഗമായിട്ടായിരുന്നു അത്. ആ ഷോട്ടിന് ആക്ഷന്‍ പറഞ്ഞതും ലാല്‍ രണ്ട് ചുണ്ടുകളും അകത്തേയ്ക്ക് പിടിച്ചുകൊണ്ടൊരു നില്‍പ്പുനിന്നു. ആ എക്‌സ്പ്രഷന്‍ കാണുന്ന ഏതൊരാള്‍ക്കും പെട്ടെന്ന് സംവദിക്കാന്‍ കഴിയുമായിരുന്നു ഒരു പഴയ സൗഹൃദത്തിന്റെ ഇഴയടുപ്പം.
ഫാസിലിനെ അത്ഭുതപ്പെടുത്തിക്കളഞ്ഞ മറ്റൊരു സന്ദര്‍ഭമുണ്ട്. മഹാദേവനോട്(ശ്രീധര്‍) സണ്ണി(ലാല്‍) സത്യങ്ങളെല്ലാം വെളിപ്പെടുത്തുന്നതാണ് രംഗം. യഥാര്‍ത്ഥമനോരോഗി ഗംഗ(ശോഭന)യാണെന്നും അന്ന് രാത്രിയോടെ അവളുടെ രോഗം മൂര്‍ച്ഛിക്കുമെന്നും അതോടെ പൂര്‍ണ്ണമായും അവള്‍ നാഗവല്ലിയായി തീരുമെന്നും പിന്നെ അവരിലൊരാളുടെ മരണം സുനിശ്ചിതമാണെന്നും അതുകൊണ്ടുതന്നെ ഗംഗയെയോ നകുലനെയോ(സുരേഷ്‌ഗോപി) എന്നന്നേയ്ക്കുമായി മറന്നേ പറ്റൂ എന്നുമൊക്കെയാണ് സണ്ണി പറയുന്നത്. ഓരോ ഡയലോഗ് പറയുമ്പോഴും ലാല്‍ ആവശ്യത്തില്‍ കൂടുതല്‍ ഗ്യാപ്പിടുന്നുണ്ടോ എന്ന് സംവിധായകന് സംശയം തോന്നി. ഒടുവില്‍ ലാലിനോട് ഇക്കാര്യം പറഞ്ഞു. ലാലപ്പോഴും തൂണും ചാരി നില്‍ക്കുകയാണ്. ഡോക്ടര്‍ സണ്ണിയില്‍നിന്ന് ലാല്‍ തിരിച്ചുവന്നിട്ടില്ലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha