തൊഴില്‍ സമരങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ വകുപ്പില്‍ ഉദ്യോഗസ്ഥക്ഷാമം, ഷിബുവിന് താത്പര്യവുമില്ല

സംസ്ഥാനത്ത് തൊഴില്‍ സമരങ്ങള്‍ അന്തവും കുന്തവുമില്ലാതെ അരങ്ങുതകര്‍ക്കുമ്പോള്‍ തൊഴില്‍ സമരങ്ങള്‍ പരിഹരിക്കാന്‍ ചുമതലയുള്ള റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ തസ്തികയില്‍ ആളില്ല. ആകെയുള്ള നാലു തസ്തികകളില്‍ മൂന്നെണ്ണവും ഒഴിഞ്ഞു കിടക്കുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് റീജിയണുകളിലാണ് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത്.
റീജിയണല്‍ ലേബര്‍ കമ്മീഷണര്‍ തസ്തികയിലേക്ക് പ്രമോഷന് അര്‍ഹരായവര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കിലും ഇവര്‍ക്ക് പ്രൊമോഷന്‍ നല്‍കാത്തത് ദുരൂഹമായി തുടരുന്നു. മൂന്നാറില്‍ തോട്ടം സമരം നടന്നപ്പോള്‍ എറണാകുളത്ത് റീജിയണല്‍ ഡയറക്ടര്‍ ഉണ്ടായിരുന്നതു കൊണ്ടാണ് ഇടപെടാനായത്. മറ്റ് സ്ഥലങ്ങളിലും തോട്ടം സമരം നടക്കുന്നുണ്ട്. ഇവിടങ്ങളില്‍ റീജിയണല്‍ ഡയറക്ടര്‍മാരില്ലെങ്കില്‍ സമരത്തില്‍ ഇടപെടാനാവില്ല.
ജില്ലാ ലേബര്‍ ഓഫീസര്‍ നടത്തുന്ന ചര്‍ച്ച ഫലപ്രദമായില്ലെങ്കില്‍ റീജിയണല്‍ ലേബര്‍ ഓഫീസര്‍ ഇടപെടണം. അങ്ങനെയൊരാള്‍ ഇല്ലെങ്കില്‍ സമരം സമരമായി തന്നെ തുടരും. പ്രതിമാസം 10 കേസുകളെങ്കിലും ഇത്തരത്തില്‍ ഉണ്ടാകുന്നുണ്ട്. തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതു കാരണം തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നുമില്ല.
തൊഴില്‍ വകുപ്പില്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ല. തൊഴില്‍ സമരങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനു താത്പര്യമില്ല. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന് തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ബേബി ജോണിന്റെ പാരമ്പര്യം അദ്ദേഹം കളഞ്ഞു കുളിച്ചെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
തൊഴില്‍ വകുപ്പില്‍ പ്രമോഷന്‍ നല്‍കാത്തത് ജീവനക്കാര്‍ക്കിടയില്‍ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും സാരമില്ലെന്നാണ് തൊഴില്‍ മന്ത്രിയുടെ നിലപാട്. അതിനിടെ തൊഴില്‍ വകുപ്പില്‍ വ്യാപകമായി അഴിമതി നടക്കുന്നു എന്നും ആരോപണം ഉയരുന്നു, മുഖ്യമന്ത്രിക്കാകട്ടെ തൊഴില്‍ മന്ത്രിയുടെ വകുപ്പില്‍ ഇടപെടാന്‍ താത്പര്യവുമില്ല. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളില്‍ കടന്നു കയറുന്നതു ശരിയല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























