ഇനിയും എത്രനാള്‍ കൂടി.. കെ ബാബുവിന്റെ നില പരുങ്ങലില്‍; ബാബുവിനെതിരെ ഐ ഗ്രൂപ്പിന്റെ അണിയറ നീക്കം

കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദം കൊളുത്തിവിട്ട ബാര്‍ കോഴ രാഷ്ട്രീയം പുതിയ തലങ്ങളിലേക്ക്. അവിടെയും രാഷ്ട്രീയത്തിലെ അതികായകനായ കെഎം മാണിയെ വീഴ്ത്തിയ കോണ്‍ഗ്രസിലെ നിലവാരമില്ലാത്ത ഗ്രൂപ്പ് രാഷ്ട്രീയമാണെന്ന സത്യം മറ നീക്കി പുറത്തേക്ക്. ബാര്‍ കോഴ രാഷ്ട്രീയത്തിന്റെ തുടക്കം മുതല്‍ ഒരു പന്തിയില്‍ രണ്ടു വിളമ്പെന്ന സമീപനമാണ് നേതൃത്തത്തിന്റേതെന്ന വ്യാപക ആക്ഷേപം ഉണ്ടായിരുന്നു. അതു തന്നെയാണ് ഇപ്പോഴും തുടരുന്നത്.
പേരെടുത്തുള്ള കോടതി പരാമര്‍ശം ഇല്ലാതിരിന്നിട്ടുകൂടി ധനമന്ത്രിയുടെ രാജി അനിവാര്യമെന്ന വാര്‍ത്ത ശരിക്കും മാധ്യമങ്ങളും ചില കോണ്‍ഗ്രസ് നേതാക്കളും പടച്ചുണ്ടാക്കുകയായിരുന്നു. അതിനെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ മന്ത്രി സ്ഥാനത്തോടുള്ള ആവേശം എന്നു കാണിച്ച് വാര്‍ത്തകള്‍ ശരിക്കും വളച്ചൊടിക്കുകയായിരുന്നു. ധനമന്ത്രിയുടെ രാജിയോടെ ആരോപണങ്ങള്‍ അവസാനിക്കും എന്ന് വിചാരിച്ച കോണ്‍ഗ്രസിന് കടുത്ത പ്രഹരവുമായിട്ടാണ് ബിജു രമേശ് കെ ബാബുവിനെതിരെ അടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അതാകട്ടെ ബാബുവിന് താന്‍ നേരിട്ട് പണം നല്‍കി എന്ന വാദവുമായി തന്നെ. ഇതിനെ അതിജീവിക്കാന്‍ നേതാക്കള്‍ നന്നെ വിയര്‍പ്പൊഴുക്കേണ്ടി വരും അതിനിടയിലാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ ശാസ്ത്രീയമായ പിന്‍മാറ്റം. ഇതുവരെ ചാനല്‍ ചര്‍ച്ചയില്‍ കണ്ടിരുന്ന അജയ് തറയില്‍, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ നേതാക്കളെ ഇപ്പോള്‍ ബാബുവിനെ പ്രതിരോധിക്കാന്‍ കാണാനില്ല. ഉമ്മന്‍ ചാണ്ടിയുടെ വലം കയ്യായ ടി. സിദ്ദിഖിനെ മാത്രമാണ് ഇപ്പോള്‍ കാണാനുള്ളത്. എന്നാല്‍ സര്‍വ്വ തെളിവുമായി ബാബുവിനെയും കൊണ്ടേ ഉള്ളൂ എന്ന ലൈനിലാണ് ബിജു രമേശ്.
മന്ത്രി കെ ബാബുവിനെതിരെ അച്യുതാനന്ദനും ബിജു രമേശും വിജിലന്‍സ് കോടതിയെ സമീപിക്കാനിരിക്കെ കോടതി വിധി പ്രതികൂലമായാല്‍ ബാബു രാജി വയ്‌ക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് ഐ വിഭാഗം രഹസ്യ പ്രചാരണം തുടങ്ങി. മന്ത്രി കെ എം മാണിയെ പോലൊരാള്‍ കോടതി പരാമര്‍ശത്തിന്റെ പേരില്‍ രാജി വയ്‌ക്കേണ്ടി വന്നെങ്കില്‍ കെ ബാബുവിനും രാജി വയ്ക്കാന്‍ ധാര്‍മ്മികബാധ്യതയുണ്ടെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം.
ബാബുവിനെതിരെ ഐ ഗ്രൂപ്പ് ആരംഭിച്ച ഒളിയുദ്ധം എ ഗ്രൂപ്പ് നേരിടുന്നത് മറ്റൊരു വിധത്തിലാണ്. ബാബു രാജി വയ്ക്കാന്‍ സാഹചര്യമുണ്ടായാല്‍ മന്ത്രിമാരായ രമേശ് ചെന്നിത്തലയും വിഎസ് ശിവകകുമാറും രാജി വയ്ക്കണം. എന്നാല്‍ ബാറുടമകളില്‍ നിന്നും താന്‍ സംഭാവന വാങ്ങിയത് കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴാണെന്നാണ് രമേശിന്റെ വിശദീകരണം. ബാര്‍ ഉടമകള്‍ തെരഞ്ഞെടുപ്പ് ഫണ്ട് തന്നു കാണുമെന്നാണ് രമേശുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
24 കോടി പിരിച്ചതില്‍ 23 കോടിയും കെ ബാബു പറഞ്ഞവര്‍ക്കാണ് നല്‍കിയതെന്നും ബിജുരമേശ് പറഞ്ഞിരുന്നു. അടൂര്‍ പ്രകാശുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തുന്ന ബിജുരമേശ് , മന്ത്രിമാരായ രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ രംഗത്ത് വരാന്‍ സാധ്യതയില്ലെന്നാണ് മറ്റൊരു പ്രചരണം. ബിജുവിന്റെ കിഴക്കേകോട്ടയിലെ കെട്ടിടം ഇടിച്ചു മാറ്റാതിരിക്കാന്‍ സഹായിച്ചത് അടൂര്‍ പ്രകാശാണ്. കഴിഞ്ഞ ദിവസവും ആരോപണങ്ങളുമായി രംഗത്തെത്തിയ ബിജുരമേശ്, മന്ത്രിമാരായ ചെന്നത്തലയെയും ശിവകുമാറിനെയും കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്.
വെടക്കാക്കി തനിക്കാക്കുക എന്ന ചെന്നിത്തലയുടെ ഹിഡന്‍ അജണ്ടയാണ് ഇപ്പോള്‍ നടക്കുന്നതെന്ന കാര്യം ആര്‍ക്കും മനസ്സിലാകും. ഉമ്മന്‍ചാണ്ടിയുമായി അടുപ്പം പുലര്‍ത്തുന്ന ഓരോരുത്തരെയും അരിഞ്ഞു വീഴ്ത്തുകയാണ് ലക്ഷ്യം. ഇനി കെ ബാബു. പിന്നീട് ബെന്നി ബഹനാന്‍. ഒടുവില്‍ സാക്ഷാല്‍ ഉമ്മന്‍ചാണ്ടി. ഇങ്ങനെ എ ഗ്രൂപ്പിനെ സമ്പൂര്‍ണ്ണമായി അഴിമതിക്കടലില്‍ മുക്കി അവസാനിപ്പിക്കുകയാണ് രമേശിന്റെ പദ്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha