ബിജു + ബിജു = കുട്ടിച്ചോറ്... സിഡി തിരക്കിപ്പോയ ആള്‍ക്കാരുടെ കഥ

ഒരു പേരിലെന്തിരിക്കുന്നു എന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ പേരിലാണല്ലോ കാര്യം. ഒരേ പേരുള്ള രണ്ടു പേരാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ചത്. ഒരാള്‍ ബിജു രമേശും അടുത്തയാള്‍ ബിജു രാധാ കൃഷ്ണനും. രണ്ടു പേരും പൊട്ടിച്ച ഓലപ്പടക്കം കണ്ട് അത് ബോംബായി തെറ്റിദ്ധരിപ്പിച്ചതിനു പിന്നില്‍ ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരുമാണ്. രണ്ടു പേരുടേയും പ്രധാന ആയുധമായിരുന്നു സിഡി.
ആദ്യത്തെ സിഡി ബിജു രമേശിന്റേതാണ്. ബാര്‍ പൂട്ടിച്ചതിന്റെ വൈരാഗ്യത്തിലാണ് ഈ സിഡി കഥയുമായി ബിജു രമേശ് വന്നത്. രണ്ടാമത് വന്നത് സരിതാ സിഡിയുമായി ബിജു രാധാകൃഷ്ണനും. ബിജുവിന്റെ വാക്കു കേട്ട് പോലീസ് സിഡി തപ്പി ഇപ്പോള്‍ ഉല്ലാസ യാത്രയിലാണ്.
കെ.എം. മാണി പണം നേരിട്ടു വാങ്ങുന്ന ദൃശ്യരേഖ തന്റെ കൈവശമുണ്ടെന്ന് മനോരമയുടെ സ്റ്റുഡിയോ ഫ്‌ളോറിലിരുന്നാണ് ബിജു വിളിച്ചു പറഞ്ഞത്. തുടര്‍ന്ന് മനോരമയുടെ ബ്രേയ്ക്കിംഗ് ന്യൂസിന്റെ ഉടമയായ ഷാനിപ്രഭാകര്‍ പോലും ബിജുരമേശിനെ പൂര്‍ണ്ണവിശ്വാസത്തിലെടുത്തായിരുന്നു തുടര്‍ചര്‍ച്ചകള്‍ നടത്തിയത്.
വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ആ സിഡി കേരളം കണ്ടില്ല. താന്‍ ലോക്കറില്‍ വച്ചിരിക്കുന്ന സി.ഡി. സുരക്ഷാകാരണങ്ങളാല്‍ ദുബായിലേക്കു മാറ്റിയെന്നും. തന്റെ കൈയില്‍ അതിഭദ്രമാണെന്നും ബിജുരമേശ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ 60 ദിവസങ്ങള്‍ക്കുശേഷം എറണാകുളത്തെ സുഹൃത്തുക്കളായ ബാര്‍ ഉടമകളുടെ ന്യൂഇയര്‍ പാര്‍ട്ടിയില്‍ മദ്യപ സംഘത്തിന്റെ സംഭാഷണങ്ങള്‍ റെക്കോര്‍ഡു ചെയ്ത് കൃത്രിമ തെളിവുണ്ടാക്കി ബിജുരമേശ്.
സി.ഡി. കൈയിലുണ്ട് കൈയിലുണ്ട് എന്നു പറഞ്ഞുള്ള ബ്ലാക്‌മെയില്‍ കഥ ബിജു രാധാകൃഷ്ണന്‍ തുടങ്ങുന്നത് സരിത വിവാദത്തിലാണ്. തുടര്‍ന്നങ്ങോട്ട് ബിജു രമേശും, ബിജു രാധാകൃഷ്ണനും നിയമന തട്ടിപ്പുകേസ് പ്രതിയുമൊക്കെ ഈ തന്ത്രം തുടര്‍ന്നു.
ഈ സിഡി കഥകളില്‍ എതിരാളികള്‍ക്ക് വീഴിക്കാനായത് കെ.എം. മാണിയെ മാത്രം. പ്രായം ഒട്ടൊന്നു തളര്‍ത്തിയ കെ.എം. മാണിയുടെ ശൗര്യം ബിജുരമേശിനെ തകര്‍ക്കാന്‍ ശക്തമായിരുന്നില്ല. ഒപ്പം ശിഷ്യനായിക്കൂടിയ പി.സി. ജോര്‍ജ്ജിന്റെ ചതിവും. കോണ്‍ഗ്രസിന്റെ ശത്രുതയും ഗൂഢാലോചനയും, ഒക്കെ ചേര്‍ന്നപ്പോള്‍ മാണി വീണു. ഇന്ന് ഉമ്മന്‍ചാണ്ടിക്കും ബാബുവിനും ലഭിക്കുന്ന മാധ്യമപിന്തുണ പോലും മാണിക്കുണ്ടായില്ല.
കളിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കറിയാം. ബിജുരമേശ് തികഞ്ഞ ഒരു ക്രിമിനലാണെന്നു തെളിയിക്കുന്ന നിരവധി രേഖകളാണ് മാധ്യമ ഓഫീസുകളില്‍ ദിവസേന ലഭിക്കുന്നത്. കൃത്യമായ അവസരം നോക്കി കഥകള്‍ മെനയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കറിയാം ബിജുവിനെ എപ്പോള്‍ അടിക്കണമെന്ന്.
ഒരു ക്രിമിനലിന്റെ വാക്കുകേട്ട് മുഖ്യമന്ത്രിയെ സംശയിക്കണോ എന്ന ചോദ്യം ന്യായയുക്തമാണ്. ബാറുകള്‍ നഷ്ടമായ ബാറുടമയുടെ ബ്ലാക്‌മെയില്‍ തന്ത്രങ്ങള്‍ക്കു മുന്‍പില്‍ അച്യുതാനന്ദനും, സി.പി.ഐയും ഇറങ്ങിത്തിരിച്ചപ്പോള്‍ പരോക്ഷ പിന്തുണ നല്കിയത് യു.ഡി.എഫി ല്‍ തന്നെയുള്ള പ്രമുഖകക്ഷിയായ കോണ്‍ഗ്രസാണ്. കേട്ടപാതി കേസെടുത്ത ആഭ്യന്തരവകുപ്പും സുകേശനെ ഉപയോഗിച്ച് മാണിക്കിട്ട് പണികൊടുത്തു. എല്ലാം തിരിച്ച് കോണ്‍ഗ്രസിനും മുഖ്യമന്ത്രിക്കും നേരേ തിരിഞ്ഞടിക്കുന്ന വിചിത്ര കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ഇല്ലാത്ത തെളിവുകള്‍ പറഞ്ഞ് നാട്ടുകാരേയും എന്തിന് കോടതിയെപ്പോലും സമ്മര്‍ദ്ധത്തിലാക്കുന്ന ഇത്തരം ക്രിമനലുകള്‍ക്കെതിരെ ശക്തമായ നടപടി വേണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha