മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ നിലയിലെ സണ്‍ഷേഡില്‍ കുടുങ്ങിയ കള്ളനെ പാതിരാത്രിയില്‍ ഫയര്‍ഫോഴ്‌സുകാര്‍ രക്ഷിച്ചു

സംഭവം കേള്‍ക്കുമ്പോള്‍ ആദ്യം ചിരിയാണ് തോന്നുന്നതെങ്കിലും കള്ളന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസം വെളുപ്പാന്‍ കാലത്ത് രണ്ടു മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിന് ദൃക്‌സാക്ഷിയായവരുടേയും പോലീസിന്റേയും വിലപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മലയാളി വാര്‍ത്ത വായനക്കാരുടെ മുമ്പാകെ ഈ എക്‌സ്‌ക്ലൂസീവ് അവതരിപ്പിക്കുന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രി പല കുട്ടിക്കള്ളന്മാരുടേയും ഇഷ്ടവിഹാര കേന്ദ്രമാണെന്നാണ് വിവരം. പല കൂട്ടിരുപ്പുകാരുടേയും വിലകൂടിയ ഫോണുകളും പണവും രാത്രികാലങ്ങളില്‍ നഷ്ടപ്പെടുന്നതായി നിരവധി പരാതികളുണ്ട്. അങ്ങനെയിരിക്കേയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഹൗസ് സര്‍ജന്റെ വളരെ വിലപിടിപ്പുള്ള ഫോണ്‍ നഷ്ടപ്പെട്ടത്. മൂന്നാം നിലയിലെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫുകളുടെ പണവും പലപ്രാവശ്യം നഷ്ടപ്പെട്ടിരുന്നു. ആര്‍ക്കും ആരേയും സംശയിക്കാവുന്ന അവസ്ഥ.
അങ്ങനെയാണ് എണ്ണത്തില്‍ കൂടുതലുള്ള നഴ്‌സുമാരും മറ്റ് സ്റ്റാഫും ചേര്‍ന്ന് കള്ളനെ പിടിക്കാനായി പദ്ധതിയിട്ടത്. കള്ളന്മാരുടെ സ്ഥിരം സമയമാണല്ലോ ഒന്നിനും മൂന്നിനും ഇടയ്ക്ക്. മുറിയുടെ ലൈറ്റെല്ലാം ഓഫാക്കി എന്തിനും തയ്യാറായി അവര്‍ കാത്തിരുന്നു. കുറേ സമയം കഴിഞ്ഞപ്പോള്‍ ജന്നല്‍ തുറക്കുന്ന ചെറിയ ശബ്ദം. കാത്തിരുന്നവരുടെ ഹൃദയത്തിന്റെ ശബ്ദം പേടിയോടെ കിടുങ്ങി. അതാ ഇരുട്ടിന്റെ മറവില്‍ ഒരു കറുത്ത രൂപം വെന്റിലേറ്റര്‍ വഴി ചാടുന്നു. ഉടന്‍ കാത്തിരുന്നവരില്‍ ഒരാള്‍ രണ്ടും കല്‍പിച്ച് ലൈറ്റിട്ടു. അതേസമയം മറ്റുള്ളവര്‍ ഉറക്കെ വിളിക്കുകയും ചെയ്തു. ഇതു കണ്ട കള്ളന്‍ വിരണ്ടുപോയ്. വന്ന വഴി ചാടാന്‍ പറ്റാതെ വന്നപ്പോള്‍ ശരവേഗത്തില്‍ മുന്നില്‍ കണ്ട ഗ്രില്ലില്ലാത്ത ജന്നല്‍ വഴി താഴേക്ക് ചാടുകയായിരുന്നു.
മൂന്ന് നില ഉയരെ നിന്നാണ് കള്ളന്‍ ചാടിയത്. നേരെ ചെന്ന് വീണത് പഴയ ഒ.പി. ബ്ലോക്കിന്റെ രണ്ടാം നിലയുടെ മുകളിലത്തെ സണ്‍ഷൈഡിലാണ്. കാര്യം രണ്ട് നിലയാണെങ്കിലും നാലു നിലയുടെ ഉയരമുണ്ട്. അല്‍പം തെറ്റിയിരുന്നെങ്കില്‍ കുശാല്‍.
ഈ ബഹളവും വീണ ശബ്ദവും കേട്ട രാത്രി കച്ചവടക്കാരും കൂട്ടിരുപ്പുകാരും ഓടിക്കൂടി. കള്ളനാകട്ടെ എങ്ങോട്ട് പോണമെന്ന് ഒരു നിശ്ചയമില്ല. സണ്‍ഷേഡ് വഴി അവന്‍ രക്ഷപ്പെടാനായി ഓടി. പക്ഷെ കെട്ടിടത്തിന്റെ മൂലയില്‍ വച്ച് സണ്‍ഷേഡ് അവസാനിച്ചു. ഭ്രാന്ത് പിടിച്ചവനെപ്പോലെ കള്ളന്‍ തെക്ക് വടക്ക് സണ്‍ഷേഡില്‍ കൂടി ഓടി. താഴെ കാര്‍ഷെഡില്‍ ചാടാനായി ഒരു വിഫല ശ്രമം നടത്തി. ഉയരം കണ്ട് പേടിച്ച് സണ്‍ഷേഡില്‍ ഇരിപ്പായി.
അവസാനം തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജ് പോലീസ് പറന്നെത്തി. പോലീസുകാരുടെ വന്‍സംഘം വന്നപ്പോള്‍ കള്ളന്‍ വിരണ്ടുപോയി. ജനങ്ങളും ഇരച്ചു കൂടി. ഇനി ഞാന്‍ ജീവിച്ചിരുന്നിട്ട് എന്തുകാര്യം... എന്നു പറഞ്ഞ് ചാടാന്‍ തുടങ്ങി. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ വെട്ടിലാകുമെന്ന അവസ്ഥയായി. ഇവനെങ്ങാനും ചാടിയാല്‍ കഥമാറും. നാളെ പോലീസുകാര്‍ ഓടിച്ച് തള്ളിയിട്ട് കൊന്നെന്ന് വാര്‍ത്ത വരും. ഉടന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അയാളെ എങ്ങനേയും അനുനയിപ്പിച്ച് താഴെയിറക്കാന്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശം നല്‍കി.
തുടര്‍ന്ന് പോലീസുകാരുടെ മറ്റൊരു മുഖം ജനങ്ങള്‍ കണ്ടു. ചാടരുത്. എന്ത് പ്രശ്‌നം ഉണ്ടായാലും ഒന്നും ഞങ്ങള്‍ ചെയ്യില്ല. നിന്റെ ജീവനാണ് വില. ഞങ്ങള് പിടിക്കാനല്ല രക്ഷിക്കാനാണ് വന്നതെന്നുവരെ അവനോട് നല്ല മര്യാദയോടെ കെഞ്ചി.
ഇതിനിടെ കുറച്ച് പോലീസുകാര്‍ മൂന്നാം നിലയുടെ അവന്‍ ചാടിയ മുറിയിലെത്തി. അവനെ ചാടിയ ജന്നലിലൂടെ കൈപിടിച്ച് കയറ്റാന്‍ നോക്കി. ഒരാള്‍ പൊക്കത്തിന് മുകളിലുള്ള സണ്‍ഷേഡിലൂടെ അവനെ കയറ്റാനുള്ള ശ്രമവും പൊളിഞ്ഞു. അവസാനം പോലീസുകാര്‍ തോറ്റ് തൊപ്പിയിട്ട് ഫയര്‍ഫോഴ്‌സിനെ വിളിച്ചു.
ഇതിനിടെ ഫയര്‍ഫോഴ്‌സും കോമഡിയില്‍ താരമായ പങ്കാളികളായി. മൂക്കിന്‍ തുമ്പിലുള്ള മെഡിക്കല്‍ കേളേജ് ഏതെന്നറിയാതെ അവര്‍ ഈ സ്ഥലവും കഴിഞ്ഞ് നേരെ എന്‍എച്ചിലൂടെ വച്ചു വിട്ടു. അവസാനം ഒരു ജീപ്പില്‍ പോലീസുകാര്‍ സിനിമാ സ്റ്റൈലില്‍ ഓടിച്ചിട്ട് പിടിച്ചാണ് മെഡിക്കല്‍ കോളേജില്‍ അവരെ തിരികെ എത്തിച്ചത്.
ഫയര്‍ ഫോഴ്‌സ് ആദ്യം അവരുടെ വലിയ ലൈറ്റ് കത്തിച്ച് മെഡിക്കല്‍ കോളേജിനെ പകലാക്കി. ഇതോടെ ഉറങ്ങിക്കിടന്ന കൂട്ടിരുപ്പുകാരും കച്ചവടക്കാരുമെല്ലാം പൂരപ്പറമ്പിലെന്നപോലെ തടിച്ചു കൂടി. വിരണ്ടു പോയ കള്ളന്‍ വീണ്ടും ചാടുമെന്നായി. പക്ഷെ അവന് പേടി... ഇതോടെ ഫയര്‍ ഫോഴ്‌സുകാരും പോലീസുകാരും അവനെ സ്വന്തം മകനെപ്പോലെ ആശ്വസിപ്പിച്ചു. ഫയര്‍ ഫോഴ്‌സുകാര്‍ അവരുടെ ഉയര്‍ത്തി വലുതാക്കാന്‍ പറ്റുന്ന ഏണി അവന്റെ അടുത്തേക്ക് ചാരി. ആള്‍ക്കാര്‍ ആകാംഷയിലാണ്. തികഞ്ഞ നിശബ്ദ്ധത. രണ്ടു ഫയര്‍ ഫോഴ്‌സുകാര്‍ ഏണിയിലൂടെ കയറി. ഒരാള്‍ ഏണിയില്‍ നിന്നു. അടുത്തയാള്‍ സണ്‍ഷേഡില്‍ കയറി അവനെ പിടിച്ചു. അവന്‍ എതിര്‍ത്തില്ല. പതുക്കെ പിടിച്ച് അവനെ ഇറക്കി. വലിയ ഉയരത്തിലൂടെ കള്ളനേയും കൊണ്ട് അവര്‍ ആടുന്ന ഏണിയിലൂടെ താഴെയിറങ്ങി. സുമുഖനായ 24 വയസുള്ള ഒരു ചെറുപ്പക്കാരന്‍. നല്ല വസ്ത്രം. കണ്ടാല്‍ കള്ളന്റെ ഒരു ലുക്കുമില്ല.
ഇവന്‍ താഴെയിറങ്ങിയതോടെ അതുവരെകണ്ട സമാധാനത്തിന്റെ ആള്‍രൂപങ്ങളായ പോലീസും ഫയര്‍ഫോഴ്‌സും ജനങ്ങളും കാലുമാറി. ജനങ്ങള്‍ ആര്‍ത്തു വിളിച്ചു. ഇവന്‍ പഠിച്ച കള്ളനാ. ഞങ്ങളുടെ മൊബൈലും പണവും മോഷ്ടിച്ച കള്ളന്‍. ഇവനെ വെറുതേ വിടരുത് സാറെ.
സാറന്മാരുണ്ടോ വിടുന്നു. സാറന്മാരുടെ സാറന്മാരെ വരെ വെള്ളം കുടുപ്പിച്ച അവന്റെ ഷര്‍ട്ടില്‍ കുത്തിയെടുത്ത് അവര്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലേക്ക് പോയി. വേറെ പലതുമായിരുന്നു അവന്റെ ലക്ഷ്യമെന്ന തരത്തില്‍ പല കഥകളും ഉപകഥകളുമായി ജനങ്ങള്‍ ഉറക്കത്തിലേക്കും പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























