ഉമ്മന്‍ചാണ്ടിക്ക് പിഴച്ചതെവിടെ?

ഉമ്മന്‍ചാണ്ടിയുടെ ശത്രുപക്ഷം എന്നും ശക്തമായിരുന്നു. കെ കരുണാകരന്‍ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യന് എതിരെ അതിശക്തമായ ആക്രമണം നടത്തുന്നു. തന്ത്രങ്ങളിലൂടെ അടി തെറ്റിക്കാനും കഴിഞ്ഞ പ്രതിഭാശാലി. യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് പരസ്യമായ രാഷ്ട്രീയ എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഒളിയാക്രമണങ്ങളും, രാഷ്ട്രീയ പക പോക്കലുകളും നിറഞ്ഞ കനല്‍ വഴികളിലൂടെ സഞ്ചരിച്ചാണ് അഞ്ചുവര്‍ഷക്കാലം പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്.
ഉമ്മന്‍ചാണ്ടിക്ക് പിഴച്ചതെവിടെയാണ്?
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് പിണറായി വിജയനോട് കലഹിച്ച് യുഡിഎഫ് പാളയത്തിലെത്തിയ പി.സിജോര്‍ജിന് രാഷ്ട്രീയാഭയം നല്‍കാന്‍ കെ എം മാണിയോടാവശ്യപ്പെട്ടത് ഉമ്മന്‍ചാണ്ടിയും അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായിരുന്നു. പിന്നീട് കേരള കോണ്‍ഗ്രസ് എമ്മിലേക്ക് പിജെ ജോസഫും കൂട്ടരുമെത്തി ച്ചേര്‍ന്നപ്പോള്‍ ഏറെ കലഹിച്ചത് പിസി ജോര്‍ജായിരുന്നു. യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയയുടന്‍ തന്നെ മന്ത്രിയാക്കണമെന്ന ശക്തമായ ആവശ്യം ഉമ്മന്‍ചാണ്ടിയുടെയും കെ എം മാണിയുടെയും മുമ്പില്‍ വച്ചു ജോര്‍ജ് വിലപേശി. എന്നാല്‍ തത്ക്കാലത്തേക്കെങ്കിലും മുസ്ലീംലീഗിനെ ഒതുക്കാന്‍ 2 മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും കൊണ്ട് തൃപ്തിപ്പെടണമെന്ന് കെ എം മാണിയോട് മുന്നണി നേതൃത്വം ആവശ്യപ്പെട്ടു.
ജോര്‍ജ് മന്ത്രിയായാലുള്ള തലവേദന ചില്ലറയായിരിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ആയിടയ്ക്ക് കോട്ടയം പ്രസ് ക്ലബ്ബിലെ ചില പത്ര പ്രവര്‍ത്തകരോട് ജോര്‍ജ് രഹസ്യമായി പറഞ്ഞ ഒരു കാര്യമുണ്ട്. അയാള്‍(കെ.എം മാണി) എന്നെ മന്ത്രിയാക്കിയില്ല. പണി ഞാന്‍ വച്ചിട്ടുണ്ട് . അയാളെയും മകനെയും ഞാന്‍ തുലയ്ക്കും. അന്നു തൊട്ട് ജോര്‍ജ് തുടങ്ങിയ പണി യുഡിഎഫിന്റെ അടിവേരിളക്കി. ആരംഭഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെ വിശ്വസിച്ചു ജോര്‍ജ്. ശെല്‍വരാജിനെ പിടിച്ചു കൊണ്ടു വന്ന് ഭൂരിപക്ഷവും കൂട്ടി. എന്നാല്‍ മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നാടകീയമായി നല്‍കിയപ്പോള്‍ ജോര്‍ജിന്റെ പ്രതീക്ഷകളറ്റു. അതോടെ ഉമ്മന്‍ചാണ്ടിയോടു തെറ്റി.
തെരഞ്ഞെടുപ്പില്‍ തോറ്റ പിള്ളയെ ജയിലില്‍ നിന്നിറക്കാനും സഹായിക്കാനും ഏറെ പണിപ്പെട്ടിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍ അച്ഛനും മകനും തമ്മിലുള്ള പോരില്‍ ഗണേഷ പക്ഷം ചേര്‍ന്നതോടെ പിള്ളയും ഉമ്മന്‍ചാണ്ടിയുടെ അന്തകനായി. പിന്നീട് മന്ത്രി സഭയില്‍ നിന്നു പുറത്തായ ഗണേശന്‍ അച്ഛനെ കയ്യിലെടുത്തു. അച്ഛനും മകനും ഒന്നായി മന്ത്രിസ്ഥാനം തിരികെ ചോദിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി വഴങ്ങിയില്ല. പിന്നെ കുടുംബം കൂട്ടായി ചാണ്ടിയുടെ നേര്‍ക്ക്, പിള്ളയ്ക്കാണെങ്കില്‍ പഴയൊരു വൈരാഗ്യവും ഉള്ളിലുണ്ട്. പഴയ യുഡിഎഫ് മന്ത്രിസഭയില്‍ പിള്ളയെയും ജേക്കബിനേയും മന്ത്രിയാക്കാത്ത ചൊരുക്ക്. പോരെങ്കില്‍ എക്കാലത്തെയും രാഷ്ട്രീയ വൈരിയായ കെഎം മാണിയോടുള്ള ഉമ്മന്‍ചാണ്ടിയുടെ പ്രേമവും.
കെപിസിസി പ്രസിഡന്റായ നിമിഷം മുതല്‍ മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ടു നടന്ന രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ആരംഭഘട്ടത്തില്‍ ഈ ടേമിന്റെ പകുതി തനിക്കു വേണം എന്ന ഉറച്ച നിലപാടിലായിരുന്നു. പാമോലിന്‍ കേസില്‍ കോടതി വിധി എതിരാകുമെന്നും മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്നും അടുത്ത സുഹൃത്തുക്കളോടൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ പാമോലിന്‍ കേസൊക്കെ ഉമ്മന്‍ചാണ്ടി സ്വന്തം വഴിക്കാക്കി. ടേം പകുതി വീതം വെക്കില്ല എന്നു കണ്ടതോടെ ഉപമുഖ്യമന്ത്രിയെങ്കിലും ആക്കണം എന്നതായി അടുത്ത ഡിമാന്റ് . ഭൂരിപക്ഷ സമുദായ നേതാവ് എന്ന കാര്‍ഡിറക്കി ഒളിഞ്ഞും തെളിഞ്ഞും രമേശ് കളിതുടങ്ങി.
അപകടം മണത്ത ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് തിരുവഞ്ചൂരിന് നല്‍കി. ഭൂരിപക്ഷ സമുദായ സ്‌നേഹം കാട്ടി അഞ്ചാം മന്ത്രിയെ നല്‍കി കുഞ്ഞാലിക്കുട്ടിയെ കൂടെ നിര്‍ത്തി. സ്നേഹബഹുമാനങ്ങള്‍ കാട്ടി കെ എം മാണിയെ ഒപ്പം ചേര്‍ത്തു. അടവുകള്‍ പിഴച്ച രമേശ് ചെന്നിത്തല തത്ക്കാലത്തേക്കെങ്കിലും ശാന്തത നടിച്ചും പിന്നീട് ഉപമുഖ്യമന്ത്രിസ്ഥാനം വേണ്ട, എതെങ്കിലും ഒരു മന്ത്രി സ്ഥാനം എന്ന നില വരെയെത്തി കാര്യങ്ങള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരിക്ക് പറ്റരുത് അജയ്യനായി ഉമ്മന്‍ചാണ്ടി വളരാന്‍ പാടില്ല, തുടങ്ങിയ നിര്‍ബന്ധ ബുദ്ധിയുള്ള എകെ ആന്റണി ഹൈക്കമാന്റ് പിന്തുണയോടെ രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കി.
പടിക്കു പുറത്തായ ഗണേശനും പിസി ജോര്‍ജിനും വീണു കിട്ടിയ ഭാഗ്യമായിരുന്നു സോളാര്‍ സരിത. സരിതയെയും ബിജു രാധാകൃഷ്ണനെയും ബ്ലാക് മെയില്‍ രാഷ്ട്രീയത്തിന് അവര്‍ പരമാവധി ഉപയോഗിച്ചു. പരിചയത്തിലുള്ള പത്രപ്രവര്‍ത്തകരുടെ സഹായത്തോടെ നിറം പിടിപ്പിച്ച കഥകള്‍ പരത്തി. സരിതയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്ന ഗണേശന്റെ ബുദ്ധിയില്‍ സോളാര്‍ കേരളത്തില്‍ ആഞ്ഞടിച്ചു.
ഐ ഗ്രൂപ്പിന്റെ അമരക്കാരന്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു അടൂര്‍ പ്രകാശ്. സോളാറില്‍ തെന്നി വീണെങ്കിലും ഗണേശന്റെയും പിസി ജോര്‍ജിന്റെയും സഹായത്താല്‍ ചാടിയെണീറ്റു. പക്ഷേ ഒരു നരഹത്യയ്ക്കു കൂട്ടു നില്‍ക്കേണ്ടി വന്നു. യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന അന്നു മുതല്‍ റവന്യൂ, ധനകാര്യ വകുപ്പുകള്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. പ്രകാശിന് കെ എം മാണിയോട് വ്യക്തിപരമായ ശത്രുതയുണ്ടായിരുന്നു. സോളാര്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി. കെ എം മാണിക്കെതിരായ ഗൂഢാലോചനയുടെ മുഖ്യഭാഗമായി അടൂര്‍പ്രകാശ് കെ എം മാണിയെ വച്ചു വിലപേശി ബാറുകള്‍ വാങ്ങിച്ചെടുക്കാം എന്ന ഗൂഢലക്ഷ്യം സുഹൃത്തുക്കളായ ബാറുടമകളോടും പങ്കു വച്ചു പ്രകാശ്. ഗണേശനും പിള്ളയും , പി.സി. ജോര്‍ജൂം കൂട്ടിന്. തന്റെ മുഖ്യമന്ത്രി പദത്തിനു വരെ തടയിടാന്‍ വന്ന കെ എം മാണിയെ തകര്‍ക്കാന്‍ കൈവന്ന അവസരമായി ഇത് ചെന്നിത്തലയ്ക്ക്. ബിജു രമേശിനെ മൂപ്പിച്ച് അവര്‍ കളത്തിലിറങ്ങി. ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി എല്‍ഡിഎഫ് ക്യാമ്പിലേക്ക് പോയി മുഖ്യമന്ത്രിയാകാന്‍ നിന്ന മാണിക്കെതിരെ മനോരമയും മാതൃഭൂമിയും റിപ്പോര്‍ട്ടറും ശക്തമായ സ്റ്റാന്റെടുത്തു.
രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പിലെ പ്രമുഖരായ ചില നേതാക്കളുടെയും സഹായത്തോടെ ഉറ്റ സുഹൃത്തായ ജേക്കബ് തോമസ് തിരക്കഥയെഴുതി. സുകേശന്‍ നാടകം കൊഴുപ്പിച്ചു. കഥാന്ത്യം കെ എം മാണിയെ രാഷ്ട്രീയ ശത്രുക്കള്‍ വീഴിച്ചെടുത്തു. യുഡിഎഫിലെ കെ എം മാണിയുടെ ശത്രുപക്ഷം മെനഞ്ഞ കഥയില്‍ എല്‍ഡിഎഫ് കളിക്കാരായി. അതിന്റെ ഉപകഥകള്‍ ധാരാളം.
കെ എം മാണിക്കെതിരായ അഴിമതിയാരോപണത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ ഒരു ചിറകരിഞ്ഞ രമേശ് പക്ഷം, സൂരജിലൂടെയും, ഇബ്രഹിംകുഞ്ഞിലൂടെയും കുഞ്ഞാലിക്കുട്ടിയെ കുരുക്കി സമര്‍ത്ഥമായി ഒതുക്കിയെടുത്തു. റബിനെ ഇപ്പോള്‍ പിടിക്കുമെന്ന് വിരട്ടി.
ഇതിനിടയില്‍ സോളാര്‍ കൊഴുപ്പിച്ചു. ബാര്‍ക്കോഴ ബാബുവിലൂടെ ഉമ്മന്‍ചാണ്ടിയിലെത്തിക്കാന്‍ പണിപ്പെട്ടു. പക്ഷേ മുഖ്യമന്ത്രിയുടെ തന്ത്രങ്ങളില്‍ ഒന്നും വിലപ്പോയില്ല. പ്രതിപക്ഷത്തെയും കൂടെ നിന്നു ചതിക്കുന്നവരെയും തന്ത്ര രാഷ്ട്രീയം പൊളിച്ചടുക്കി ഉമ്മന്‍ചാണ്ടി കരുത്തറിയിച്ചു.
എല്ലാം തന്ത്രങ്ങളും പിഴച്ചപ്പോള്‍...കത്തു കത്തിച്ചു
അക്കഥകള്‍ നാളെ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha