ബാറുകള്‍ തുറക്കും; സുപ്രീം കോടതി വിധി അടുത്തയാഴ്ച... ബാറുടമകളുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനമെന്ത്...?

സര്‍ക്കാരിന്റെ മദ്യനയത്തില്‍ അടുത്തയാഴ്ച വിധി പറയാനിരിക്കെ സംസ്ഥാനത്തെ ബാറുടമകള്‍ ആത്മവിശ്വാസത്തില്‍. മിക്ക ബാറുകളും അറ്റക്കുറ്റപ്പണികള്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്ജമായി കഴിഞ്ഞു. വിധി പൂര്‍ണ്ണമായും തങ്ങള്‍ക്കനുകൂലമാകുമെന്നുതന്നെയാണ് ബാറുടമകള്‍ പറയുന്നത്. കേസിന്റെ വിധി ന്യായം എഴുതിക്കഴിഞ്ഞതായി നേരത്തെ ഡിവിഷന്‍ ബഞ്ചിലെ ജഡ്ജി ബിക്രംജിത്ത് സെന്‍ വ്യക്തമാക്കിയിരുന്നു. അടുത്തമാസം ബിക്രംജിത്ത് സെന്‍ വിരമിക്കാനിരിക്കുകയാണ്. ബാര്‍ കേസില്‍ വിധി പറഞ്ഞ ശേഷമേ വിരമിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിക്രംജിത്തിനു പുറമെ, ജസ്റ്റിസ് ശിവകീര്‍ത്തി സിങാണ് ഡിവിഷന്‍ ബഞ്ചിലെ മറ്റൊരംഗം. അവധിയിലായ ശിവകീര്‍ത്തി സിങ് തിരിച്ചെത്തിയാലുടന്‍ വിധി പറയും. ഇതിനു വേണ്ടി അവധിക്കിടെ പ്രത്യേക സിറ്റിംഗ് നടത്താനാണ് നീക്കം.
സര്‍ക്കാരിന്റെ മദ്യനയം ഭാഗീകമായി റദ്ദാക്കുന്ന വിധിയാകും വരികയെന്നാണ് ബാറുടമകള്‍ പറയുന്നത്. നയത്തില്‍ ചില കാര്യങ്ങള്‍ ഭരണഘടനാവിരുദ്ധമെന്നു വിലയിരുത്തലുണ്ടാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. മദ്യ വില്‍പ്പന മൗലീകാവകാശത്തിന്റെ പരിധിയില്‍ വരില്ലെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്ന വാദം അംഗീകരിക്കപ്പെടാനാണ് സാധ്യത. അതോടെ വിവിധ ക്ലാസിഫിക്കേഷനുകളിലുള്ള 290 ബാറുകളും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പത്ത് ബാറുകളും തുറന്നു കൊടുക്കേണ്ടി വരും. ഇതില്‍ 36 ഫോര്‍ സ്റ്റാര്‍, 228 ത്രീ സ്റ്റാര്‍, എട്ട് ഹെറിറ്റേജ് ഹോട്ടലുകള്‍, ടൂ സ്റ്റാര്‍, ഗുണനിലവാര പരിശോധനയില്‍ അനുമതി കിട്ടിയ 28 ബാര്‍ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടും. മദ്യനയത്തിന്റെ ലക്ഷ്യത്തെ അംഗീകരിക്കാനിടയുണ്ടെങ്കിലും അത് നടപ്പാക്കിയ രീതിയിലെ വിവേചനമാകും ബാറുടമകള്‍ക്ക് ഗുണകരമാകുക. ഈ വര്‍ഷത്തെ നയം മൂന്നുമാസം കൂടിയേ നിലനില്‍ക്കു എന്നതിനാല്‍ പ്രതികൂലമായ വിധിവന്നാല്‍ പോലും സര്‍ക്കാരും അതിനെതിരെ അപ്പീല്‍ പോവില്ല. സര്‍ക്കാരിലെ ചില കേന്ദ്രങ്ങള്‍ ഇക്കാര്യം ബാറുടമകള്‍ക്ക് ഉറപ്പുനല്‍കിയതായും പറയപ്പെടുന്നു. വിധി വന്നശേഷം നിലവാരമില്ലാത്തതിനെ തുടര്‍ന്ന് പൂട്ടിയ 418 ബാറുകളും കോടതിയെ സമീപിക്കും. ഈ ബാറുകളൊക്കെ നേരത്തെതന്നെ പുതുക്കി പണിതിരുന്നു.
നിലവില്‍ സംസ്ഥാനത്ത് 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നാലെണ്ണം ഡീലക്‌സ് പദവിയുള്ളതാണ്. ഒമ്പത് ജില്ലകളിലാണ് ഇപ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുള്ളത്. ഫൈവ് സ്റ്റാറുകള്‍ കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ് (ഒമ്പതെണ്ണം). അതില്‍ രണ്ടെണ്ണം ഡീലക്‌സാണ്. തലസ്ഥാന ജില്ലക്കാണ് രണ്ടാം സ്ഥാനം (ആറെണ്ണം). കൊല്ലത്തും കോട്ടയത്തും രണ്ടുവീതം ഫൈവ്സ്റ്റാറുകളുള്ളപ്പോള്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോന്നുവീതമുണ്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഫൈവ് സ്റ്റാര്‍ ബാറുകളില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha