ശ്രീനിവാസനും മുകേഷും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളാവും; സിപിഎമ്മിനു വേണ്ടി നടന്മാരെ രംഗത്തിറക്കിയിരിക്കുന്നത് മമ്മൂട്ടി

ചലച്ചിത്രതാരങ്ങളായ ശ്രീനിവാസനും മുകേഷും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളാകും. അഴിമതിക്ക് കുപ്രസിദ്ധി നേടിയ മന്ത്രി കെ ബാബുവിനെതിരെയാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ നിന്നും ശ്രീനിവാസന്‍ മത്സരിക്കുക. തിരുവനന്തപുരത്ത് വിഎസ് ശിവകുമാറിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും സിപിഎമ്മിന് പദ്ധതിയുണ്ട്. മുകേഷ് കൊല്ലം ജില്ലയില്‍ നിന്നും മത്സരിക്കും. മണ്ഡലം തീരുമാനിച്ചിട്ടില്ല. നടന്‍ മമ്മൂട്ടിയാണ് ശ്രീനിയെയും മുകേഷിനെയും സിപിഎമ്മിനു വേണ്ടി രംഗത്തിറക്കിയിരിക്കുന്നത്.
അതിനിടെ മന്ത്രി ശിവകുമാറിനെതിരെ നടന്‍ സുരേഷ്‌ഗോപിയെ രംഗത്തിറക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്.
അഴിമതി വിരുദ്ധ സര്‍ക്കാരിന് വോട്ടു ചെയ്യുക എന്നതായിരിക്കും ഇക്കുറി സിപിഎമ്മിന്റെ മുദ്രാവാക്യം. കേരളം അഴിമതിക്കെതിരാണെന്ന ചിന്താഗതിയാണ് സിപിഎമ്മിനെ കൊണ്ട് ഇത്തരത്തില്‍ തീരുമാനമെടുപ്പിച്ചിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ അഴിമതിക്കെതിരെ മുഴങ്ങുന്ന ഉറച്ചശബ്ദം സിപിഎം ഗൗരവപൂര്‍വ്വം കണക്കിലെടുക്കുന്നു.
മന്ത്രിമാരായ അടൂര്‍പ്രകാശ്, കെ ബാബു, ശിവകുമാര്‍ എന്നിവരുടെ മണ്ഡലങ്ങളിലും ജില്ലകളിലും ഇവരുടെ അഴിമതി ഉയര്‍ത്തി കാണിച്ചായിരിക്കും പ്രചരണം കൊഴുപ്പിക്കുക. അഴിമതിക്കെതിരായ പ്രചരണം മന്ത്രിമാര്‍ക്കെതിരായ വ്യക്തിഹത്യയായി മാറരുതെന്നും ഔദ്യോഗിക നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്നും തന്നെ മൂന്നു മന്ത്രിമാര്‍ക്കെതിരായ നിരവധി തെളിവുകള്‍ സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്.
ചാലക്കുടിയില്‍ നിന്നും ഇന്നസെന്റിനെ പാര്‍ലമെന്റിലെത്തിയ അതേ തന്ത്രമാണ് തൃപ്പൂണിത്തുറയിലും കൊല്ലത്തും പയറ്റുക. എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലെത്തുന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. വീരന്റെ പുതിയ പുസ്തകം ജനുവരി 1 ന് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്നത് പിണറായി വിജയനാണ്. ചിന്തയാണ് പുസ്തകത്തിന്റെ പ്രസാധകര്‍.
ഇന്നസെന്റിനെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയത് മമ്മൂട്ടിയാണ്. ശ്രീനിവാസന്‍ സാമൂഹ്യ വിഷയങ്ങളില്‍ വളരെ സജീവമാണ്. ജൈവകൃഷിയെയും കൊച്ചി കാന്‍സര്‍ സെന്ററിനെതിരായ പ്രസ്താവനകളും ശ്രീനിവാസനെ ശ്രദ്ധേയനാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha