ഫ്‌ളാഗ് ഓഫ് നടക്കുമ്പോള്‍ പദ്ധതികളുടെ ശില്പി സ്ഥലത്തില്ല

വന്‍കിട പദ്ധതികള്‍ ഒരുമിച്ച് ടേക്കോഫ് ചെയ്ത് ഉമ്മന്‍ചാണ്ടി കേരളത്തിന്റെ കണ്ണു തള്ളിക്കുമ്പോള്‍ ഭീമന്‍ പദ്ധതികളുടെ ശില്പികളായ രണ്ടുപേര്‍ കേരള സര്‍ക്കാരിന് പുറത്താണ്. ഒരാള്‍ മുന്‍ ധനമന്ത്രി കെ എം മാണി രണ്ടാമന്‍ മുന്‍ ധന സെക്രട്ടറി ഡോ. വി.പി.ജോയ്.
ബാര്‍ക്കോഴ ആരോപണത്തിന്റെ പേരില്‍ കെ എം മാണി സെക്രട്ടേറിയറ്റില്‍ നിന്നിറങ്ങി. അതിനുമുമ്പ് തന്നെ കേന്ദ്ര നിയമനം കിട്ടി ധന സെക്രട്ടറി വിപി ജോയ് കേരളം വിട്ടു. ഇപ്പോള്‍ കേന്ദ്ര പദ്ധതികളുടെ മോണിറ്ററിംഗ് സെല്ലിന്റെ മേധാവിയാണ് ജോയ്. പ്രധാനമന്ത്രിയുടെ കീഴിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയിലാണ് ജോലിയുടെ പ്രവര്‍ത്തന മേഖല.
വിപി ജോയ് ധനസെക്രട്ടറിയായിരിക്കെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം വിപുലീകരിച്ചതും ജോയിയാണ്. കണ്ണൂര്‍ വിമാനത്താവളത്തിനും കരമന കളിയിക്കാവിള റോഡിനും നടപടികള്‍ സ്വീകരിച്ചതും വിപി ജോയ് ധനസെക്രട്ടറിയായിരുന്ന കാലത്താണ്.
2011-ല്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യകാലത്ത് അനുഭവിച്ച സാമ്പത്തിക അരക്ഷിതാവസ്ഥക്കെതിരെ നടപടികള്‍ സ്വീകരിച്ചതും വി.പി ജോയിയാണ്. ധനകാര്യ വിദഗ്ദ്ധനായ ജോയ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ നികുതി വകുപ്പു സെക്രട്ടറിയായിരുന്നു. കെ എം മാണിയാണ് ജോയിയെ ധനസെക്രട്ടറിയായി കൊണ്ടു വന്നത്.
വിപി ജോയിയുടെ കാലത്ത് സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നെങ്കിലും ക്രിയാത്മകമായ ഇടപെടലിലൂടെ അദ്ദേഹം അതിനെ മറികടന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ആവശ്യാനുസരണം ഫണ്ടുകള്‍ വരുത്തി. ചെലവ് കര്‍ശനമായി ചുരുക്കി. ജോയ് കേരളം വിടുമ്പോള്‍ സാമ്പത്തിക ഞെരുക്കം ഒരു പരിധി വരെ പരിഹരിക്കപ്പെട്ടിരുന്നു.
വന്‍കിട പദ്ധതികള്‍ക്ക് ആവശ്യാനുസരണം ഫണ്ട് നല്‍കുന്നതില്‍ തല്പരനായിരുന്നു അന്നത്തെ ധന സെക്രട്ടറി. സര്‍ക്കാരിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്ന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുണ്ടു മുറുക്കിയുടുത്താലും കഞ്ഞി കുടിച്ചില്ലെന്ന കാര്യം പുറത്തറിയിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അന്നത്തെ ഭാവനാസമ്പന്നമായ മാനേജ്‌മെന്റാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കിരീടത്തില്‍ പൊന്‍തൂവലായത്.
കഴിഞ്ഞ ദിവസം വിപി ജോയ് തിരുവനന്തപുരത്തുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്കാണ് അദ്ദേഹം വന്നത്. മികച്ച കവി കൂടിയാണ് ജോയ്; പേരില്‍ ചെറിയ വ്യത്യാസമുണ്ടെന്നു മാത്രം, ജോയ് വാഴയില്‍. വിദ്യാഭ്യാസ ഡയറക്ടറായിരിക്കെ ജോയ് തുടങ്ങിയതാണ് ഐറ്റി @സ്‌കൂള്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ ഏകജാലക സംവിധാനത്തിനും ഫാന്‍സിനമ്പറുകളുടെ ലേലത്തിനും തുടക്കം കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha