ഇപ്പം ശരിയാക്കിത്തരാം.......പറയാന്‍ വാക്കുകളില്ലാതെ സുധീരന്‍ സന്തോഷിക്കുന്നു; മുഖ്യമന്ത്രി കുപ്പായം തയിപ്പിക്കാന്‍ തുണിക്ക് അളവുകൊടുത്തതായി സംസാരം

ഒരുപാടുപേര്‍ സ്വപ്‌നം കണ്ടൊരു കസേരയാണ് കേരളാ മുഖ്യന്റെ സ്ഥാനം. അതില്‍ത്തൊട്ട് കൈ പൊള്ളിയവരും കുറവല്ല. രാഷ്ട്രീയ ചതുരംഗക്കളിയില്‍ ഇനി അതാര് നേടും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു. നിലവില്‍ എല്ലാത്തിനും കാരണം സുധീരന്‍ എന്നാണ് ചില ദ്രോഹികള്‍ പറഞ്ഞു പരത്തുന്നത്. ബാറില്‍ തുടങ്ങി അവസാനം കേരളാ യാത്രവരെ സുധീരന്‍ പണി കൊടുത്തെന്നാണ് അടക്കം പറച്ചില്‍. അല്ലെങ്കില്‍പ്പിന്നെ എന്തിനാണ് ജനരക്ഷായാത്രയെന്ന് പേരിട്ടത് എന്നാണ് ചോദ്യം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കയ്യില്‍ നിന്നും കേരളത്തെ രക്ഷിക്കാനാണെന്നായിരുന്നു സംസാരം അതിപ്പോള്‍ സത്യമായി. യാത്ര എറണാകുളത്തെത്തിയപ്പോള്‍ ബാബു തെറിച്ചു. കോട്ടയത്ത് എത്തിയപ്പോള്‍ മുഖ്യനും. ഇനി ജാഥ തലസ്ഥാനത്ത് എത്തുമ്പോള്‍ എന്തരാകുമോ എന്തോ എന്റെ ശിവനേ. സുധീരന് സന്തോഷം അടക്കാനാകുന്നില്ല.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആരോപണങ്ങളെ അതിജീവിച്ച് പിടിച്ച് നില്‍ക്കുവാന്‍ ഇതുവതെ സാധിച്ചിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് കൈക്കുലി നല്‍കിയെന്ന സരിത.എസ്.നായരുടെ മൊഴി ചരിത്രത്തിലാദ്യമായൊരു മുഖ്യമന്ത്രിയെ കൈക്കൂലിക്കാരനാക്കി. ബാര്‍ കോഴയില്‍ മന്ത്രി ബാബുവും മാണിയും രാജി വെച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിക്ക് പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും സമ്മര്‍ദ്ദമേറുന്ന സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് പ്രസക്തി കൂടുന്നു. നേതൃത്വ മാറ്റത്തിനായി ഇതിനോടകം തന്നെ ഐ ഗ്രൂപ്പ് ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയെയാണ് ഐ ഗ്രൂപ്പ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടുന്നത്. എന്നാല്‍ ഗ്രൂപ്പ് രാഷ്ട്രിത്തിനോട് അയിത്തം പുലര്‍ത്തുന്ന ഹൈക്കമാന്റെിന് ഗ്രൂപ്പിന് അതീതനായ നേതാവിനോടാകും താല്പര്യം അങ്ങനെയെങ്കില്‍ നറുക്ക് വീഴുക വി.എം സുധീരനെന്ന ആദര്‍ശധീരനായ നേതാവിനാകും. ജനരക്ഷായാത്രയിലൂടെ ഇമേജ് വീണ്ടെടുത്ത സുധീരന് മുഖ്യമന്ത്രി പദം അര്‍ഹിക്കുന്നതാണെന്ന് വിശ്വസിക്കുന്നവരാണ് കോണ്‍ഗ്രസിലേറയും.
ബാര്‍ കോഴയിലും സോളാര്‍ കേസിലും ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചേ മതിയാകുയെന്ന നിലപാടാണ് സുധീരന്‍ സ്വീകരിച്ചത്. ബാര്‍ കോഴയില്‍ പന്തളം സുധാകരനെ കൊണ്ട് ക്യാന്‍സര്‍ വന്ന ഭാഗം മുറിച്ച് മാറ്റുക തന്നെ വേണമെന്ന് പറയിപ്പിച്ചതിന് പിന്നില്‍ മുഖ്യമന്ത്രി കസേരയിലേക്ക് കണ്ണും നട്ടിരിക്കുന്ന സുധീരന്റെ ബുദ്ധിതന്നെയായിരുന്നു. അഴിമതി രഹിതനും ആദര്‍ശധീരനുമെന്നുള്ള ഇമേജ് തന്നെ മുഖ്യമന്ത്രി കസേരയിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് സുധീരന്‍ കരുതുന്നത്. ബാര്‍ കേസില്‍ സുധീരന്‍ സ്വീകരിച്ച നിലപാട് ഇത് വ്യക്തമാക്കുന്നു. സുധീരന്റെ നിലപാടുകളായിരുന്നു പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കുന്നതിനെതിരായി നിന്നത്. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് സുധീരനെ ആക്രമിച്ചപ്പോഴും സുധീരന്‍ പിടിച്ച് നിന്നത് ഹൈക്കമാന്റെിന്റെ പിന്‍ബലത്തിലായിരുന്നു.
എന്നാല്‍ മുഖ്യന്‍ പണ്ട് ചെയ്തു കൂട്ടിയതിന്റെയെല്ലാം ശാപമെന്നുപറഞ്ഞാണ് ഒരു പക്ഷം ഇറങ്ങിയിരിക്കുന്നത്. വിശ്വാമിത്രന്റെ മനസിളക്കിയവളാണ് മേനക. ഉമ്മന്‍ചാണ്ടിയുടെ മനസിളക്കിയവള്‍ സരിത.കൊടിയ താപസനായ ഉമ്മന്‍ചാണ്ടിയുടെ മനസിളക്കാന്‍ സരിതാനായര്‍ പ്രയോഗിച്ച രഹസ്യ വിദ്യ എന്താണെന്നാണ് കേരളം ചോദിക്കുന്നത്. പണ്ട് ദൈവം പിന്നെ പിന്നെ. ഇപ്പോള്‍ ഉടനെ ഉടനെ. ഇതാണ് വര്‍ത്തമാനകാല കേരളത്തിലെ അവസ്ഥ. കെ എം മാണിയെ ഇറക്കി വിട്ട് ചാണകം തളിച്ചതാര്? ഉമ്മന്‍ചാണ്ടി. കെ കരുണാകരനെ നിഷ്‌കാസിതനാക്കി പുണ്യാഹം തളിച്ചതാര്? ഉമ്മന്‍ചാണ്ടി. എ.കെ ആന്റണിയെ കേരള്തതില്‍ നിന്നും കെട്ടുകെട്ടിച്ചതാര്? ഉമ്മന്‍ചാണ്ടി. അപ്പോള്‍ ഉമ്മന്‍ചാണ്ടിയെ കെട്ടു കെട്ടിക്കാന്‍ ദൈവം പ്രത്യക്ഷനായല്ലേ പറ്റൂ സംസാരം നീളുന്നു..
കെ.എം മാണിയുടെ രാജി എഴുതി വാങ്ങി രാത്രിക്കുരാത്രി ഗവര്‍ണര്‍ക്കു കൊടുത്തു വിട്ട ഉമ്മന്‍ചാണ്ടി കെ ബാബുവിന്റെ രാജിക്കുമേല്‍ തപസിരുന്നു. അവിടെ സുധീരന്റെ നിലപാടും സംശയം തന്നെ. അന്ന് സ്ഥിതി അതീവ ഗൗരവം എന്ന് വെടിപൊട്ടിച്ച സുധീരന് ഇന്ന് മിണ്ടാട്ടമില്ല.പാമോയില്‍, ചാരക്കേസ് തുടങ്ങിയ ഇല്ലാനുണകളൊക്കെ കെട്ടിപൊക്കിയതും പറഞ്ഞുപരത്തിയതും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗൂഢസംഘമാണ്. ഒടുവില്‍ നുണകളുടെ കനക സിംഹാസനത്തിലിട്ട് മാന്യന്‍മാരെ പൊരിച്ചെടുത്തതും ഉമ്മന്‍ചാണ്ടി.
എനിക്ക് പുലബന്ധം പോലുമില്ലാത്ത വകുപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ കോഴ വാങ്ങിയെന്ന് കെ എം മാണിക്കെതിരെ ആരോപണം ഉന്നയിച്ചതും ഉമ്മന്‍ചാണ്ടി തന്നെ. എന്നിട്ടെല്ലാം രമേശ് ചെന്നിത്തലയുടെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിച്ചു. താന്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും നിര്‍ദ്ദേശാനുസരണമാണെന്ന് പറഞ്ഞ് ചെന്നിത്തല ഇപ്പോഴും ആണയിടുന്നു.
ഉമ്മന്‍ചാണ്ടി ഒരു വ്യക്തിയല്ല. പ്രസ്ഥാനമാണ്, സരിതയല്ല. സാക്ഷാല്‍ മേനക പറഞ്ഞാലും അദ്ദേഹം രാജി വയ്ക്കില്ല. ഏതായാലും സുധീരന്റെ സമയം തെളിയുമോ എന്ന് കാത്തിരുന്ന് കാണാം. അതോ ചെന്നിത്തലയുടെ മുഖ്യന്‍കുപ്പായം സാധിക്കുമോ എന്ന്. അതായാലും കുപ്പായം തയിപ്പിക്കല്‍ തലസ്ഥാനത്ത് തകൃതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha