പ്രതിസന്ധിയില്‍ തളരാതെ മുഖ്യമന്ത്രി

ഭരണത്തിലേറിയ നാള്‍ മുതല്‍ ഒന്നിന് പിറകെ ഒന്നായി എത്തിയ പ്രതിബന്ധങ്ങളെ തരണം ചെയ്ത മുന്നോട്ട് പോകുന്ന ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ കുടുക്കുവാനുള്ള പ്രതിപക്ഷ ശ്രമം ഒരിക്കല്‍കൂടി പരാജയപ്പെട്ടു. സോളാര്‍ കേസില്‍ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ടീയ സാഹചര്യം സൃഷ്ടിക്കുന്നതിനായി സി.പി.എം മെനഞ്ഞെടുത്ത തിരക്കഥക്കനുസരിച്ച്കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കാര്യങ്ങള്‍ നീങ്ങിയെങ്കിലും ക്ലൈമാക്‌സില്‍ അവര്‍ക്ക് പിഴച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍, സരിതയെ കൂട്ടുപിടിച്ച് സി.പി.എം നടത്തിയ നീക്കങ്ങള്‍ ഫലം കാണാതെ അവസാനിക്കുമ്പോള്‍ നഷ്ടം സി.പി.എമ്മിനു തന്നെയാണ്. മുഖ്യമന്ത്രിക്കെതിരെ പറയാന്‍ 10 കോടി രൂപ വാഗ്ദാനം ചെയ്ത് ഇ.പി ജയരാജന്‍ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയത് സരിത തന്നെയാണ്. സരിതയുടെ വെളിപ്പെടുത്തല്‍ വിശ്വസിക്കേണ്ടതില്ലെന്ന് പറഞ്ഞ അതെ സി.പി.എം നേതൃത്വം തന്നെയാണ് സരിതയുടെ മൊഴിയില്‍ പിടിച്ച് മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്.
പണം വാങ്ങിയെന്ന സരിതയുടെ മൊഴി പുറത്തുവന്നപാടെ തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശമാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കിയത്. മന്ത്രി ബാബുവിനെതിരായ കേസില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് മുമ്പ് പരാമര്‍ശം നടത്തുന്നതില്‍ വിജിലന്‍സ് കോടതി തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി നിരീക്ഷിച്ച ദിവസം തന്നെയാണ് മുഖ്യമന്ത്രിക്കെതിരെയും എഫ്.ഐ.ആര്‍ ഇടാന്‍ ഇതേ കോടതി പറഞ്ഞത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതിക്കായാലും പ്രവര്‍ത്തിക്കാനാകൂ. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ പരാതി ഉയര്‍ന്നാലുടന്‍ എഫ്.ഐ.ആര്‍ ഇടുന്ന സാഹചര്യമുണ്ടായാല്‍ എങ്ങനെ ഭരിക്കാനാകുമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചോദ്യം ഇവിടെ പ്രസക്തമാണ്.
അതെ സമയം, പ്രതിബന്ധങ്ങള്‍ യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന പതിവ് തന്നെയാണ് മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശവും സൃഷ്ടിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയും യു.ഡി.എഫും ശക്തമായ പിന്തുണയുമായി മുഖ്യമന്ത്രിക്കൊപ്പം നിന്നു. ബാബുവിന്റെ ഹര്‍ജിയില്‍ വിജിലന്‍സ് കോടതി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ യു.ഡി.എഫ് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. കോണ്‍ഗ്രസ് ഹൈക്കാന്റും മുഖ്യമന്ത്രിക്കൊപ്പം നിന്നതോടെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ അസ്തമിച്ചു. തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാന്റ് സ്വീകരിച്ചത്. സി.പി.എം-സരിത ഗൂഢാലോചന തുറന്നു കാട്ടുവാന്‍ യു.ഡി.എഫ് തീരുമാനിക്കുകയും ചെയ്തതോടെ പ്രതിപക്ഷം തീര്‍ത്തും പ്രതിരോധത്തിലായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha