കേരള ക്രിക്കറ്റ് അസ്സോസിയേഷനെതിരെ വൻ സാമ്പത്തിക അഴിമതി ആരോപണം ; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും ; ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ന്യൂസിലാന്റ് ട്വൻറി ട്വൻറി മത്സരത്തിനിടയിൽ കരിഞ്ചന്തയിൽ വിറ്റത് മൂന്നുകോടിയിലധികം രൂപയുടെ ടിക്കറ്റുകൾ ; കണക്കുകൾ പുറത്ത്...

കേരള ക്രിക്കറ്റ് അസ്സോസിയേഷനെതിരെ വൻ സാമ്പത്തിക അഴിമതി ആരോപണ കേസ് ഹൈക്കോടതി ഇന്ന് ഏഴാമതായി പരിഗണിക്കും. ഗ്രീൻഫീൽഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ - ന്യൂസിലാന്റ് ട്വൻറി ട്വൻറി മത്സരം സംഘടിപ്പിച്ച വകയിൽ വൻ സാമ്പത്തിക തിരിമറി നടന്നതിന്റെ തെളിവുകൾ പുറത്ത്. ട്വൻറി ട്വൻറി മത്സരത്തിനായി വിൽപ്പന നടത്തിയ ടിക്കറ്റിലും , 2014 ൽ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റ പണിയുമായി ബന്ധപ്പെട്ടും വൻ സാമ്പത്തിക തിരിമറി നടന്നുവെന്ന് പരാതിയുമായി കേരള ക്രിക്കറ്റ് അസ്സോസിയേഷൻ, ബിസിസിഐ , എസ്എഫ്ഐഒ , സിബിഐ തുടങ്ങി ഇരുപത് പ്രതികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസോസിയേറ്റ് പ്രൊഫെസർ ഡോ. എ. മൊഹമ്മദ് നജീബ് കേരള ഹൈകോടതിക്ക് മുൻപാകെ പരാതി സമർപ്പിച്ചു.
2017 നവംബർ ഏഴിനാണ് ഗ്രീൻഫീൽഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് ഇന്ത്യ - ന്യൂസിലാന്റ് അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരം നടന്നത്. മത്സരത്തിനായുള്ള ടിക്കറ്റ് വില്പനയിൽ വൻസാമ്പത്തിക അട്ടിമറി നടന്നതായി പരാതിയിൽ പറയുന്നു. 55,000 കാണികൾക്ക് സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന സാഹചര്യത്തിൽ കേരള ക്രിക്കറ്റ് അസ്സോസിയേഷൻ 50,000 ടിക്കറ്റുകളാണ് അച്ചടിപ്പിച്ചത്. എന്നാൽ അച്ചടിച്ച 50,000 ടിക്കറ്റുകളിൽ 40,000 ടിക്കറ്റുകൾ മാത്രമാണ് പൊതുജനങ്ങൾക്കായി ഫെഡറൽ ബാങ്കിന്റെ കോട്ടൺഹിൽ ശാഖയിൽ എത്തിച്ചത്. എന്നാൽ ഇതിൽ നിന്ന് 10,000 ടിക്കറ്റുകൾ കെസിഎ തന്നെ തിരിച്ച് വാങ്ങുകയും 30,000 ടിക്കറ്റുകൾ മാത്രമാണ് പൊതുജനങ്ങൾക്കായി വിട്ടതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ബാക്കിയുള്ള 20,000 ടിക്കറ്റുകൾ കരിച്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു. എന്നാൽ ഇത് കെസിഎയുടെ അകൗണ്ടുകളിൽ രേഖപ്പെടുത്തിയിട്ടില്ല . ഈ തുക കെസിഎയുടെ ട്രഷറർ ശ്രീജിത്ത് വി. നായർ സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ അപഹരിച്ചുകൊണ്ട് വൻ സാമ്പത്തിക ബാധ്യത വരുത്തിവക്കുകയും അക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു.
ഏകദേശം അയ്യായിരത്തോളം ബാഡ്ജുകൾ വോളന്റീയർമാർക്കും സംഘാടകർമാർക്കുമായി പ്രിന്റ് ചെയ്തിരുന്നു. മത്സരം കാണാനായി ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾക്ക് സൗകര്യമൊരുക്കാനായി അയ്യായിരം സീറ്റുകൾ കൂടി ഇതിനോടൊപ്പം കൂട്ടിച്ചേർക്കുകയുണ്ടായി. ഇതിന്റെ പുറകിലും വൻ സാമ്പത്തിക ക്രമക്കേട് നടക്കുകയുണ്ടായി.
സാധാരണയായി കോംപ്ലിമെന്ററി പാസ്സുകളുടെ പരമാവതി എണ്ണം സ്റ്റേഡിയത്തിന്റെ സിറ്റിംഗ് കപ്പാസിറ്റിയുടെ 10 ശതമാനത്തിൽ അധികമാകാറില്ല. 50,000 ടിക്കറ്റു വിറ്റഴിക്കുമ്പോൾ ആറുകോടിയിലധികം രൂപ വരവ് വരേണ്ടയിടത്ത് 30,000 ടിക്കറ്റു വിറ്റപ്പോൾ 2,86,00,000 രൂപ മാത്രമാണ് ടിക്കറ്റ് വില്പനയിൽ നിന്ന് വരവായി കാണിച്ചിട്ടുള്ളത്. ഇത്തരത്തിൽ ലോധ കമ്മിറ്റി നിർദ്ദേശങ്ങളുടെ ലംഘനമാണ് വ്യക്താമാകുന്നതെന്നും, കെസിഎ ഉദ്യോഗസ്ഥരുടെ ദുർഭരണം മൂലം ഭീമമായ വരുമാന നഷ്ടമാണ് വന്നിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇതിനു പുറമെ 2014 ൽ ലോകകപ്പ് ഫുട്ബാൾ മത്സരത്തിനായി ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപണിക്കെന്ന കണക്കിൽ വിവിധ ആകൗണ്ട് ഹെഡുകളിലൂടെ വൻതുക പിൻവലിച്ചതായി കണക്കുകളിൽ സൂചിപ്പിക്കുന്നു. ഹൌസ്‌കീപ്പിങ്, ജല വിതരണം എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി ചെലവ് വകയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കണക്കുകൾ കെട്ടിച്ചമച്ചതാണെന്ന് പരാതിക്കാരൻ വാദിക്കുന്നു. തൊഴിലാളികളുടെ വേതനം എന്ന വകയിൽ 17ലക്ഷം രൂപയോളം കെസിഎ വകയിരുത്തിയപ്പോൾ സ്റ്റേഡിയം അവരുടെ കൈവശമായിരുന്നില്ല മറിച്ച് ജിസിഎ യുടെ മേൽനോട്ടത്തിലായിരുന്നു. എന്നിട്ടും തൊഴിലാളികളുടെ വേതനത്തിന്റെ പേരിൽ ലക്ഷങ്ങളുടെ അഴിമതി നടന്നു എന്ന കാര്യം അമ്പരപ്പിക്കുന്നു. ഇതിൽ 11,38,850 രൂപ ജെ എൻ ഐ സ്റ്റേഡിയത്തിന് ഗ്രൗണ്ട് വാട്ടർ വിതരണത്തിനായി ഉപയോഗിച്ചു എന്ന് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതിൽ 10,46,676 രൂപ പിച്ചിന്റെയും ഗ്രൗണ്ടിന്റെയും അറ്റകുറ്റ പ്പണികൾക്കായി ചെലവഴിച്ചുവെന്നും കാണുന്നു. ഇത്തരത്തിൽ വൻ സാമ്പത്തിക തിരിമറിയാണ് കെസിഎ ഇക്കാലയളവിൽ നടത്തിയിരിക്കുന്നത് എന്ന കാര്യം വ്യക്തം.
മത്സരം നടന്ന ദിവസങ്ങളിൽ കേരളത്തിലെ പ്രമുഖ പത്രങ്ങളും , ചാനലുകളും കരിഞ്ചന്തയിലെ ഈ ടിക്കറ്റു വിൽപ്പനയെ കുറിച്ച് വിശദമായ റിപോർട്ടുകൾ നൽകിയിരുന്നു. ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയുടെ ചെറിയൊരു കണക്കുമാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha