മാണിയുടെ 9 മണി മുഖ്യമന്ത്രി തിരുത്തി; സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി 9.30 മുതല്‍ 5.30 വരെ; ശനി അവധി; തീരുമാനം ഇന്നത്തെ ക്യാബിനറ്റില്‍... ജീവനക്കാര്‍ ഹാപ്പി

ചില കഷ്ടകാലം ചിലപ്പോള്‍ ചിലര്‍ക്ക് നല്ല കാലമായി മാറാറുണ്ട്. അതു പോലെയാണ് സാമ്പത്തിക പ്രതിസന്ധികൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എടുക്കുന്ന സുപ്രധാനമായ തീരുമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണമാകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുന്ന സര്‍ക്കാര്‍ എങ്ങനേയും ചെലവ് ചുരുക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജീവക്കാരുടെ പ്രവൃത്തി സമയം കൂട്ടാന്‍ തീരുമാനിക്കുന്നത്. പകരം ശനിയാഴ്ച അവധി നല്‍കാനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയത്തെ പറ്റിയുള്ള ഫയലില്‍ ധനമന്ത്രി കെ.എം. മാണി ഒപ്പിട്ടു. രാവിലെ 9 മണി മുതല്‍ 5.30 വരെയാക്കണമെന്ന നിര്‍ദ്ദേശം മാണി ഫയലില്‍ എഴുതുകയും ചെയ്തു. ഇത് ജീവനക്കാരുടെ ഇടയില്‍ കടുത്ത പ്രതിഷേധം വിളിച്ചു വരുത്തുമെന്ന് കണ്ട് മുഖ്യമന്ത്രി ആ നിര്‍ദ്ദേശത്തില്‍ ഭേദഗതി വരുത്തി. 9.30 മുതല്‍ 5.30 വരെ പ്രവര്‍ത്തി സമയമാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
ഇന്നത്തെ ക്യാബിനറ്റില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വരുമ്പോള്‍ 9.30 മുതല്‍ 5.30 വരെയുള്ള സമയം അംഗീകരിക്കും. അധികം വരുന്ന പ്രവൃത്തി സമയം കണക്കാക്കി ശനിയാഴ്ച അവധി നല്‍കാനാണ് തീരുമാനം. ഇതുമൂലം സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ഓഫീസിലെ വൈദ്യുതി, വാഹനങ്ങള്‍, ഫോണ്‍ എന്നിവയ്‌ക്കെല്ലാം ഒരു ദിവസം അവധി കിട്ടുന്നതിലൂടെ കോടികള്‍ ലാഭിക്കാന്‍ കഴിയും.
സാധാരണ ശനിയാഴ്ച ഒരു അവധി മൂഡിലായിരിക്കും സര്‍ക്കാര്‍ ഓഫീസുകള്‍. വളരെ കുറച്ച് ജോലി മാത്രമേ അന്ന് നടക്കാറുള്ളൂ. ഉച്ച കഴിയുമ്പോഴേക്കും നാട്ടിലേക്ക് വണ്ടി പിടിക്കാനുള്ള പരക്കം പായലിലായിരിക്കും ജീവനക്കാര്‍. ഇത് കൂടി മുന്നില്‍ കണ്ടാണ് ശനിയാഴ്ച അവധി നല്‍കുന്നത്.
സര്‍ക്കാരിന്റെ ദാരിദ്ര്യം കൊണ്ട് ഇപ്പോള്‍ സന്തോഷിക്കുന്നതും ഈ സര്‍ക്കാര്‍ ജീവനക്കാരാണ്. ശനിയും ഞായറും ഒരുപോലെ ഇനി അവധിയാണ്. നാട്ടിലോ കാട്ടിലോ എങ്ങോട്ടു വേണമോ പറക്കാം. പിന്നെ ജോലി സമയം കൂട്ടിയതിന്റെ കണക്ക്. ജോലി സമയം തങ്ങളെ ഒരു കാലത്തും ബാധിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഇപ്പോഴത്തെ പ്രവൃത്തി സമയം 10 മണിമുതല്‍ 5 മണി വരെയാണെങ്കിലും ഒരു സര്‍ക്കാരാഫീസില്‍ എത്ര പേര്‍ 10 മണിക്ക് വരുന്നുണ്ട്. 4 മണി കഴിയുമ്പോള്‍ പോകാനുള്ള ഒരുക്കമാകും. ഇനി സമയം 9.30 ആക്കിയാലും ഇതിന് മാറ്റം വരില്ല തന്നെ. സര്‍ക്കാര്‍ ഓഫീസില്‍ ജനത്തിന് കാര്യം നടക്കണമെങ്കില്‍ 10.30 കഴിയണം. ചുരുക്കത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും സംഘടനകളും ഹാപ്പിയാണ്. ചുളുവിന് ഒരു ശനിയാഴ്ച അവധി കിട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha