വോള്‍വോ ബസുകള്‍ പരിശോധിക്കാത്തതെന്ത്?

അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്‌ത വാഹനങ്ങള്‍ പിടികൂടാനുളള സര്‍ക്കാര്‍ തീരുമാനം പ്രശംസാര്‍ഹമാണെങ്കിലും അന്യ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളാണ് പരിശോധനയ്‌ക്ക് തടസ്സം നില്‍ക്കുന്നത്. വോള്‍വോ ബസുടമകള്‍ പ്രാദേശിക നേതാക്കളെയും മന്ത്രിമാരെയും കാണേണ്ട രീതിയില്‍ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം അമരവിളയില്‍ ചെക്ക് പോസ്റ്റിന്റെ ഉദ്‌ഘാടനവേളയില്‍ വോള്‍വോ ബസുകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. വോള്‍വോ ബസുകള്‍ പരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്‌താവന വാര്‍ത്ത സൃഷ്‌ടിച്ചിരുന്നു. വാര്‍ത്ത വന്നയുടനെ കാണേണ്ടവരെ കാണേണ്ട രീതിയില്‍ വോള്‍വോ ബസുകള്‍ കണ്ടിരിക്കാനാണ് സാധ്യത.
തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വന്‍മുതലാളിമാരാണ് വോള്‍വോ ബസ് സര്‍വീസുകള്‍ നടത്തുന്നത്. എസ്.ആര്‍.എം എന്ന വോള്‍വോ സര്‍വീസ് നടത്തുന്ന മുതലാളിക്ക് സ്വന്തമായി സര്‍വകലാശാല വരെയുണ്ട്. ബാംഗ്ലൂര്‍, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലേക്ക് വോള്‍വോ സര്‍വീസുകള്‍ നടത്തുന്നത്. ആയിരക്കണക്കിന് രൂപയാണ് ഓരോ ടിക്കറ്റിനും ഇവര്‍ ചാര്‍ജ് ചെയ്യുന്നത്. ഉത്സവസീസണ്‍ വരുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് ക്രമാതീതമായി വര്‍ധിപ്പിക്കും. ചോദിക്കാനും പറയാനും ആളില്ലെന്നതാണ് വാസ്‌തവം. ദിവസങ്ങള്‍ക്കു മുമ്പ് വോള്‍വോ കൊള്ളക്കെതിരെ ഡിവൈഎഫ്‌ഐ സമരം നടത്തുമെന്ന് പറഞ്ഞെങ്കിലും അതും കാണേണ്ടവരെ കണ്ട് ഒതുക്കി.
വോള്‍വോ ബസിന്റെ ബേസ്‌മെന്റില്‍ ഫുട്‌ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ട്. അതായത് കോടികണക്കിന് രൂപയുടെ സാധനങ്ങളാണ് ഓരോ സര്‍വീസിലും ഇവര്‍ രേഖകളില്ലാതെ കടത്തുന്നത്. അതേസമയം ഇത്തരം ബസുകളില്‍ ചെക്ക് പോസ്റ്റ് പരിശോധനയും നടത്താറുണ്ട്. യാത്രാക്കാരുടെ ലഗേജല്ലാതെ മറ്റൊന്നുമില്ലെന്ന് ചെക്ക് പോസ്‌റ്റില്‍ രേഖപ്പെടുത്തും. ഒരുപാടു സാധനമുണ്ടെങ്കില്‍ ചെറുതായി നികുതി ഈടാക്കും.
ബസ് കടന്നു പോകുന്ന ചെക്ക് പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി മുതലാളിമാര്‍ പടി നല്‍കുന്നുണ്ട്. അതിന് കേന്ദ്രീകൃത സംവിധാനവുമുണ്ട്. ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ രാഷ്‌ട്രീയ നേതാക്കള്‍ക്കും ഇവര്‍ കൃത്യമായി കാര്യങ്ങള്‍ ചെയ്‌തുകൊടുക്കാറുണ്ട്. മന്ത്രിമാരുടെയും മറ്റ് പ്രധാന നേതാക്കളുടെയും അന്യസംസ്ഥാന യാത്രകള്‍ പലപ്പോഴും സംഘടിപ്പിക്കുന്നതും മുതലാളിമാരാണ്. അതു കൊണ്ടു തന്നെ ആര്‍ക്കും ഇവരെ ചോദ്യം ചെയ്യാന്‍ കഴിയാറില്ല.
വോള്‍വോ ബസുകളുടെ എണ്ണം ദിവസം ചെല്ലുന്തോറും വര്‍ധിക്കുകയാണ്. എന്നാല്‍ ലാഭമില്ലെന്നാണ് ഇവര്‍ പറയുന്നത്. ലാഭമില്ലാതെ സര്‍വീസ് നടത്തുന്നതെന്തിനെന്ന ചോദ്യം ബാക്കിയാവുന്നു. ഏതായാലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മുതലകണ്ണീരൊഴുക്കുന്ന സര്‍ക്കാര്‍ കിട്ടേണ്ട പണം പിരിച്ചെടുക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് വോള്‍വോ തട്ടിപ്പ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha