മദീന ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി...ഹാദിയ ഫാത്തിമ (9) ആണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്

മദീന ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ (9) ആണ് ഒടുവിലായി മരണത്തിന് കീഴടങ്ങിയത്. ഇതോടെ അപകടത്തിൽപ്പെട്ട കുടുംബത്തിലെ അഞ്ചുപേർക്ക് ജീവൻ നഷ്ടമായി. അപകടത്തിൽ മരിച്ച ജലീൽ, ഭാര്യ തസ്‌നി, മകൻ ആദിൽ, മാതാവ് മൈമൂനത്ത് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ മദീന ഹറമിലെ ജന്നത്തുൽ ബഖീഇൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മകളുടെ മരണവാർത്തയും പുറത്തുവരുന്നത്. അപകടത്തിൽ പരിക്കേറ്റ ജലീലിന്റെ മറ്റൊരു മകൾ ആയിഷ (15) ചികിത്സയിൽ തുടരുകയാണ്.
മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേ ഹൈവേയിൽ ട്രെയിലർ വിലങ്ങനെ റോഡിലേക്ക് തിരിഞ്ഞതാണ് ജലീലും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടാൻ കാരണമായത്. മദീന കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇന്ന് സുബഹി നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. ജലീലിന്റെ ആറ് മക്കളിൽ മൂന്ന് പേർ നാട്ടിലായിരുന്നു. ഇവർ മദീനയിലെത്തിയാണ് ഉപ്പയ്ക്കും ഉമ്മയ്ക്കും അന്ത്യയാത്ര നൽകിയത്. ജലീലിന്റെ ഏറ്റവും ചെറിയ പെൺകുട്ടി പരിക്കുകളില്ലാതെ നേരത്തെ ആശുപത്രി വിട്ടിരുന്നു. അപകടത്തിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട മക്കളെ ചേർത്തുപിടിക്കാൻ ജലീലിന്റെ കുടുംബാംഗങ്ങളും നാട്ടിൽ നിന്നും മദീനയിൽ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























